എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതി അറസ്റ്റില്‍ –

08:00 am 24/12/2016

പി.പി. ചെറിയാന്‍
Newsimg1_99634244
ന്യൂജഴ്‌സി : ഇന്ത്യയില്‍ നിന്നും ന്യുവാര്‍ക്കിലേക്കുവന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഗണേഷ് പാര്‍ക്കര്‍(40) അറസ്റ്റിലായി. ബുധനാഴ്ച മുംബൈയില്‍ നിന്നും പുറപ്പെട്ട വിമാനത്തില്‍ ബിസിനസ് സീറ്റിലിരുന്നിരുന്ന ഗണേഷ് എക്കണോമി സീറ്റിലേക്ക് മാറി ഇരുന്നാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്.

മധ്യനിരയിലുള്ള സീറ്റില്‍ ഇവര്‍ ഒറ്റയ്ക്കായിരുന്നു. ഉറക്കത്തിലേക്ക് വഴുതി വീണ സ്ത്രീയുടെ ദേഹത്തുണ്ടായിരുന്ന ബ്ലാങ്കറ്റ് ഗണേഷ് അശോക് താഴേക്ക് മാറ്റിയിട്ടു. ഉറക്കത്തില്‍ നിന്നും ഉണര്‍ന്ന ഇവര്‍ ബ്ലാങ്കറ്റ് ദേഹത്തിലേക്ക് കയറ്റി ഇട്ടു. വീണ്ടും ഗണേഷ് ബ്ലാങ്കറ്റ് താഴേക്ക് മാറ്റി ഇട്ടു എന്നു മാത്രമല്ല പീഡിപ്പിക്കുവാന്‍ ശ്രമിക്കുകയും ചെയ്തു. ഇതില്‍ പ്രകോപിതയായ സ്ത്രീ വിമാന ജോലിക്കാരെ വിവരം അറിയിക്കുകയും പരാതി എഴുതി നല്‍കുകയും ചെയ്തു.

സ്ത്രീയോടു ക്ഷമാപണം നടത്താന്‍ ഗണേഷ് തയ്യാറായെങ്കിലും വിമാന ജോലിക്കാര്‍ അനുവദിച്ചില്ല. ഗണേഷിനെ വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കി. കുറ്റം തെളിയുകയാണെങ്കില്‍ 2 വര്‍ഷം ജയില്‍ ശിക്ഷയും 25,0000 ഡോളര്‍ ഫൈനും അടയ്‌ക്കേണ്ടി വരും. വിമാനത്തില്‍ സൗജന്യമായി ലഭിക്കുന്ന മദ്യം കഴിച്ച്, മദ്യ ലഹരയില്‍ സ്ത്രീകളെ പീഡിപ്പിക്കുവാന്‍ ശ്രമിക്കുകയും അപമര്യാദയായി സംസാരിക്കുകയും ചെയ്ത സംഭവങ്ങള്‍ ഇതിനു മുമ്പും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.