10:10am 26/2/2016
കോഴിക്കോട്: സംസ്ഥാനത്തെ എയ്ഡഡ് കോളജുകളിലെ അനധ്യാപകരുടെ സ്റ്റാഫ് പാറ്റേണ്‍ പുനര്‍നിര്‍ണയിച്ചു. ധനവകുപ്പിന്റെ അനുമതിലഭിച്ച സ്റ്റാഫ് പാറ്റേണ്‍ അംഗീകരിച്ച് സര്‍ക്കാര്‍ ഉടന്‍ ഉത്തരവിറക്കും. എന്നാല്‍, വിദ്യാര്‍ഥികള്‍ കൂടുതലുള്ള എയ്ഡഡ് കോളജുകള്‍ക്ക് തിരിച്ചടിയാണ് പരിഷ്കാരം. ഉത്തരവ് പ്രാബല്യത്തിലായാല്‍ ഇത്തരം കോളജുകളിലെ ജീവനക്കാരുടെ എണ്ണം കുറക്കേണ്ടിവരും. നിലവിലെ ഇ ഗ്രേഡ് ഒഴിവാക്കി കോളജുകളെ കോഴ്സുകളുടെ അടിസ്ഥാനത്തില്‍ എ, ബി, സി, ഡി എന്നീ നാലു ഗ്രേഡുകളായാണ് തിരിച്ചത്.
1500 വിദ്യാര്‍ഥികളും കുറഞ്ഞത് അഞ്ചു പി.ജി കോഴ്സുകളുമുള്പ്പെടെ 25 കോഴ്സുകളുള്ള കോളജുകളാണ് എ ഗ്രേഡില്‍ വരുക. 1200 വിദ്യാര്‍ഥികള്‍, രണ്ട് പി.ജി കോഴ്സുകളുള്‍പ്പെടെ 17 കോഴ്സുകളുള്ള കോളജുകള്‍ ബിഗ്രേഡിലും 900 വിദ്യാര്‍ഥികളും ഒരു പി.ജി ഉള്‍പ്പെടെ 11 കോഴ്സുകളുള്ള കോളജുകള്‍ സി ഗ്രേഡിലുമാണ്. ഇതിലൊന്നുമുള്‍പ്പെടാത്ത കോളജുകളാണ് ഡി ഗ്രേഡില്‍.
എട്ട് ക്ളറിക്കല്‍ തസ്തികവരെയുള്ള കോളജുകളില്‍ ഒരു ജൂനിയര്‍ സൂപ്രണ്ട്, ഒമ്പതുമുതല്‍ 11വരെ ക്ളറിക്കല്‍ തസ്തികയുള്ളിടത്ത് ഒരു സീനിയര്‍ സൂപ്രണ്ട്, 12 ക്ളറിക്കല്‍ തസ്തികയുള്ള കോളജുകളില്‍ ഒന്നുവീതം സീനിയര്‍ സൂപ്രണ്ടും ജൂനിയര്‍ സൂപ്രണ്ട് തസ്തികയും അനുവദിക്കും. ഫിസിക്സ്, കെമിസ്ട്രി ലാബുകള്ക്കുപുറമെ സുവോളജി, ബോട്ടണി, ഹോംസയന്‍സ് ലാബുകളില്‍ രണ്ടുവീതം ലാബ് അസിസ്റ്റന്റും മറ്റു പ്രാക്ടിക്കല്‍ ലാബുകള്‍ക്കും സബ്സിഡിയറിക്കും എം.എസ്സി ലാബുകള്‍ക്ക് ഓരോ ലാബ് അസിസ്റ്റന്റ് വീതം തസ്തികയുമുണ്ടാവും. മെയിന്‍ വിഷയങ്ങള്‍ മറ്റു വിഷയങ്ങളുടെ ഉപവിഷയമായിവരുന്ന സാഹചര്യത്തില്‍ പ്രത്യേകം ലാബ് അസിസ്റ്റന്റ് തസ്തികയില്ല. യു.ജി.സി ഗ്രാന്‍ഡ് ലഭിക്കുന്ന കോളജുകളില്‍ യു.ജി.സി ലൈബ്രേറിയന്‍ തസ്തികയുണ്ടാക്കും. എം.എസ്സി ഫിസിക്സ്, കെമിസ്ട്രി കോഴ്സുകള്‍ക്ക് അനുവദിച്ചിരുന്ന സ്റ്റോര്‍ കീപ്പര്‍ തസ്തിക ഒഴിവാക്കി. നിലവിലെ എ ഗ്രേഡ് കോളജുകളിലെ അഡ്മിനിസ്ട്രേറ്റിവ് അസിസ്റ്റന്റ് തസ്തിക നിര്‍ത്തും. വിദ്യാര്‍ഥികളുടെ എണ്ണം കുറവുള്ള കോളജുകള്‍ക്കാണ് പരിഷ്കാരംകൊണ്ട് പ്രയോജനം. ഒന്നുമുതല്‍ അഞ്ചുവരെ അനധ്യാപകരുള്ള ഇത്തരം കോളജുകളില്‍ നാലുപേരെയെങ്കിലും അധികം നിയമിക്കാന്‍ കഴിയും. നിലവില്‍ എ ഗ്രേഡുള്ള കോളജുകളില്‍ ഭൂരിപക്ഷവും പുതുക്കിയ പട്ടിക പ്രകാരം ബി ഗ്രേഡിലേക്ക് പിന്തള്ളപ്പെടും. കോഴ്സുകളുടെയും കുട്ടികളുടെയും എണ്ണം കണക്കാക്കി കൂടുതല്‍ തസ്തിക അനുവദിക്കണമെന്ന പ്രഫ. കെ. രവീന്ദ്രനാഥ് കമീഷന്റെ നിര്‍ദേശങ്ങള്‍ അവഗണിച്ചതാണ് തിരിച്ചടിയായതെന്ന് സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു.