എറണാകുളം ജില്ലാ കോടതിയിൽ മാധ്യമപ്രവർത്തകർക്ക് വിലക്ക്

01:33 PM 25/07/2016
download
കൊച്ചി: ഹൈകോടതിയിലെ സംഭവങ്ങളുടെ തുടർച്ചയായി എറണാകുളം ജില്ലാ കോടതിയിലും മാധ്യമപ്രവർത്തകർക്ക് വിലക്ക്. ഒരു വിഭാഗം അഭിഭാഷകർ മാധ്യമപ്രവർത്തകരെ കോടതിയിൽ പ്രവേശിപ്പിക്കരുതെന്ന് നിലപാട് എടുത്തതിനെ തുടർന്ന് പൊലീസ് കമീഷണർ എം.പി ദിനേശാണ് മാധ്യമങ്ങളെ വിലക്കിയത്.

മലയാളികളുടെ തിരോധാനവുമായി ബന്ധപ്പെട്ട് മുംബൈയില്‍ അറസ്റ്റിലായ രണ്ടുപേരെ കൊച്ചിയിലെത്തിച്ചിരുന്നു. ഈ കേസ് കോടതി പരിഗണിക്കുമ്പോൾ റിപ്പോർട്ട് ചെയ്യാനെത്തിയതായിരുന്നു മാധ്യമ പ്രവർത്തകർ. ഐ.എസ് റിക്രൂട്ട്മെന്‍റിനുവേണ്ടി മതം മാറ്റാന്‍ പ്രേരണയായെന്ന പരാതിയില്‍ വ്യാഴാഴ്ച നവി മുംബൈയിലെ നെരൂളില്‍നിന്ന് അറസ്റ്റിലായ അര്‍ഷി ഖുറൈശി, താണെ കല്യാണ്‍ നിവാസി റിസ് വാന്‍ ഖാന്‍ എന്നിവരെയാണ് കോടതിയിൽ ഹാജരാക്കിയത്. ഇസ്ലാമിക് റിസര്‍ച് സെന്‍റര്‍ പ്രവര്‍ത്തകരായ ഇരുവരെയും മഹാരാഷ്ട്ര എ.ടി.എസിന്‍െറ സാന്നിധ്യത്തില്‍ കേരള പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്.

ബെസ്റ്റിന്‍ വിന്‍സന്‍റ് എന്ന യഹ്യയുടെ ഭാര്യ മെര്‍ലിന്‍ എന്ന മറിയത്തെ നിര്‍ബന്ധിച്ച് മതം മാറ്റിയെന്നും തടവില്‍ പാര്‍പ്പിച്ചെന്നുമാണ് അര്‍ഷി ഖുറൈശിക്ക് എതിരായ ആരോപണം. കൊച്ചി തമ്മനം സ്വദേശിനിയായ മെര്‍ലിന്‍റെ സഹോദരന്‍ എബിന്‍ ജേക്കബാണ് ഇതുസംബന്ധിച്ച് പരാതി നല്‍കിയത്.