എല്‍.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ ആദ്യം ശരിയാക്കുക വി.എസിനെയെന്ന് സുധീരന്‍

03:58PM 21/04/2016
download (1)
തിരുവനന്തപുരം: എല്‍.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ ആദ്യം ശരിയാക്കുന്നത് വി.എസ് അച്യുതാനന്ദനെയായിരിക്കുമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ വി.എം.സുധീരന്‍. വി.എസിന് പാര്‍ട്ടി വിരുദ്ധ മനോഭാവമാണെന്ന പ്രമേയം നിലനില്‍ക്കുന്നതായി സി.പി.എം പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍ നടത്തിയ പ്രസ്താവന ഇതിന്റെ തെളിവാണെന്നും സുധീരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

സ്വന്തം പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവിനെ പോലും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത പാര്‍ട്ടിയാണ് സി.പി.എം. തന്റെ പ്രസ്താവന വിവാദമായപ്പോള്‍ മാധ്യമങ്ങളെ പഴിചാരി രക്ഷപ്പെടാന്‍ നോക്കുകയാണ് പിണറായി. എന്നാല്‍, അതുകൊണ്ടൊന്നും പറഞ്ഞ കാര്യത്തില്‍ നിന്ന് തടിയൂരാനാവില്ലെന്നും സുധീരന്‍ പറഞ്ഞു.

ബി.ജെ.പിക്കൊപ്പം സി.പി.എമ്മും അസഹിഷ്ണുതയുടെ പര്യായമായി മാറിയിരിക്കുകയാണ്. ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണ് ഈ പാര്‍ട്ടികള്‍. എന്നാല്‍, എല്ലാവരേയും അംഗീകരിക്കുകയും ഒരുപോലെ കാണുകയും ചെയ്യുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസും യു.ഡി.എഫുമെന്നും സുധീരന്‍ പറഞ്ഞു.

യു.ഡി.എഫിന്റെ മദ്യനയം കുറ്റമറ്റ രീതിയില്‍ നടപ്പാക്കും. നിലവിലെ നയത്തില്‍ ചില തെറ്റുകള്‍ കണ്ടതിനാലാണ് മാറ്റങ്ങള്‍ വരുത്താന്‍ തീരുമാനിച്ചത്. പ്രകടന പത്രികയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മാത്രം പടം വന്നതില്‍ അപാകതയില്ലെന്നും അദ്ദേഹം പറഞ്ഞു.