എസ്.എം.സി.സിയുടെ എക്യൂമെനിക്കല്‍ തീര്‍ത്ഥാടന ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു

09:32am 20/7/2016
Newsimg1_61246680
മയാമി: ആഗോള കത്തോലിക്കാ സഭ 2016 കരുണയുടെ ജൂബിലി വര്‍ഷമായി ആചരിക്കുവാന്‍ ക്രൈസ്തവ സമൂഹത്തോട് ആഹ്വാനം ചെയ്തതനുസരിച്ച്, ചിക്കാഗോ സീറോ മലബാര്‍ രൂപതയുടെ അത്മായ സംഘടനയായ സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസിന്റെ (എസ്.എം.സി.സി) ഫ്‌ളോറിഡ ചാപ്റ്റര്‍- കോറല്‍സ്പ്രിംഗ് ഔവര്‍ ലേഡി ഓഫ് ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ “ഹെവന്‍ലി യൂറോപ്പ്’ എന്ന 15 ദിവസം നീളുന്ന എക്യൂമെനിക്കല്‍ തീര്‍ത്ഥാടനം 2016 ജൂലൈ 26-ന് ആരംഭിച്ച് ഓഗസ്റ്റ് 10-ന് തിരിച്ചെത്തുന്നു.

യൂറോപ്പിലെ എട്ട് രാജ്യങ്ങളിലൂടെ (സ്‌പെയിന്‍, പോര്‍ച്ചുഗല്‍, ഫ്രാന്‍സ്, ബോസിനിയ, ക്രൊയേഷ്യ, ഇറ്റലി, വത്തിക്കാന്‍) തുടങ്ങിയ രാജ്യങ്ങളിലെ പുണ്യസങ്കേതങ്ങളും, ലോകപ്രശസ്തങ്ങളായ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രങ്ങളായ ലൂര്‍ദ്, മജ്‌ഗോരി, ഫാത്തിമ ഉള്‍പ്പടെ അസീസി, ബാഴ്‌സിലോണ, ആവിലായും വെനീസും, പാദുവ, സൂറിച്ച്, മാട്രിഡ്, റോമിലെ പുണ്യസങ്കേതങ്ങള്‍, സെന്റ് പീറ്റേഴ്‌സ് ബലിസിക്ക എന്നിവയും സന്ദര്‍ശിക്കുന്നതും കൂടാതെ സ്വിറ്റ്‌സര്‍ലന്‍ഡിന്റെ മനോഹാരിതയും ആസ്വദിക്കുന്നു.

സ്വജീവിതം അനേകര്‍ക്ക് ബലിദാനമായി സമര്‍പ്പിച്ച് കടന്നുപോയ പുണ്യാത്മാക്കളുടെ പാദാന്തികത്തില്‍ പ്രാര്‍ത്ഥനാപൂര്‍വ്വമണഞ്ഞാല്‍ ദൈവീകമായ കൃപയും, അനുഗ്രഹവും ലഭിക്കുമെന്നു അനേകം സാക്ഷ്യങ്ങള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു. കത്തോലിക്കാ സഭ പ്രഖ്യാപിച്ച കരുണയുടെ ഈ ജൂബിലി വര്‍ഷത്തില്‍ അനുതാപത്തോടും ആത്മീയ ഒരുക്കത്തോടും സഭ നിഷ്കര്‍ഷിക്കുന്ന പ്രാര്‍ത്ഥനാപൂര്‍വ്വം തീര്‍ത്ഥാടനം നടത്തിയാല്‍ ദൈവാനുഗ്രഹം കൂടുതലായി ലഭിക്കുവാന്‍ ഇടയാകുമെന്ന് കോറല്‍സ്പ്രിംഗ് ഔവര്‍ ലേഡി ഓഫ് ഹെല്‍ത്ത് ഫൊറോനാ വികാരിയും എസ്.എം.സി.സിയുടേയും, ഈ എക്യൂമെനിക്കല്‍ തീര്‍ത്ഥാടനത്തിന്റേയും സ്പിരിച്വല്‍ ഡയറക്ടറുമായ ഫാ. കുര്യാക്കോസ് കുംബക്കില്‍ പറഞ്ഞു.

എസ്.എം.സി.സി ഫ്‌ളോറിഡ ചാപ്റ്ററിന്റെ നേതൃത്വത്തില്‍ നടത്തുന്ന രണ്ടാമത്തെ എക്യൂമെനിക്കല്‍ ഹോളിലാന്റ് ടൂറാണ് ഹെവന്‍ലി യൂറോപ്പ്.

ചിക്കാഗോ രൂപതാ സഹായമെത്രാന്‍ അഭിവന്ദ്യ ജോയി ആലപ്പാട്ടിന്റെ നേതൃത്വത്തില്‍ എസ്.എം.സി.സിയുടെ പ്രഥമ എക്യൂമെനിക്കല്‍ തീര്‍ത്ഥാടനത്തില്‍ നൂറോളം തീര്‍ത്ഥാടകര്‍ കഴിഞ്ഞവര്‍ഷം വിശുദ്ധ നാട് (ഇസ്രായേല്‍) തീര്‍ത്ഥാടനം നടത്തിയിരുന്നു.

ജേക്കബ് തോമസിന്റേയും (ഷാജി), സജി കുര്യന്റേയും ഉടമസ്ഥതയില്‍ ഫ്‌ളോറിഡയിലും, കേരളത്തിലുമായി പ്രവര്‍ത്തിക്കുന്ന ഫെയ്ത്ത് ഹോളിഡേ എന്ന ടൂര്‍ ഓപ്പറേറ്റിംഗ് കമ്പനിയാണ് എസ്.എം.സി.സിക്കുവേണ്ടി ഈ തീര്‍ത്ഥാടനയാത്രയുടെ ക്രമീകരണങ്ങള്‍ ഒരുക്കിയിരിക്കുന്നതെന്ന് എക്യൂമെനിക്കല്‍ ടൂര്‍ കോര്‍ഡിനേറ്റര്‍ ജോയി കുറ്റിയാനി അറിയിച്ചു.

അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിവിധ സഭാവിശ്വാസികള്‍ ഈ എക്യൂമെനിക്കല്‍ തീര്‍ത്ഥാടനത്തില്‍ പങ്കുചേരുന്നുണ്ടെന്നു എസ്.എം.സി.സി പ്രസിഡന്റ് സാജു വടക്കേല്‍ അറിയിച്ചു. ജോയി കുറ്റിയാനി അറിയിച്ചതാണിത്.