എസ്.എസ്.എല്‍.സി ഫലം 27നകം; പ്‌ളസ് ടു മേയ് 10നകം

08:40am 19/04/2016
download
തിരുവനന്തപുരം: എസ്.എസ്.എല്‍.സി ഫലം 27നകവും പ്‌ളസ് ടു പരീക്ഷാഫലം മേയ് പത്തിനകവും പ്രസിദ്ധീകരിക്കും. മൂല്യനിര്‍ണയം പൂര്‍ത്തിയായ എസ്.എസ്.എല്‍.സിയുടെ മാര്‍ക്കുപരിശോധന പരീക്ഷാഭവനില്‍ ബുധനാഴ്ച പൂര്‍ത്തിയാകും.
തുടര്‍ന്ന് ഐ.ടി പരീക്ഷയുടെ മാര്‍ക്കും നിരന്തര മൂല്യനിര്‍ണയത്തിന്റെ മാര്‍ക്ക്, ഗ്രേസ് മാര്‍ക്ക് എന്നിവയും മാര്‍ക്കിനൊപ്പം ചേര്‍ക്കും. അന്തിമ പരിശോധന 25നകം പൂര്‍ത്തിയാക്കും. ഇതിനുശേഷം പരീക്ഷാ പാസ്‌ബോര്‍ഡ് യോഗം ചേരും. മോഡറേഷന്‍ സംബന്ധിച്ച് പാസ്‌ബോര്‍ഡ് യോഗത്തിലായിരിക്കും തീരുമാനം.
തുടര്‍ന്ന് പ്രസിദ്ധീകരിക്കും. 25നകം ഫലം പ്രസിദ്ധീകരിക്കാനായിരുന്നു ലക്ഷ്യം. എന്നാല്‍, സമയമെടുത്ത് പരിശോധന പൂര്‍ത്തിയാക്കി ഫലം പ്രസിദ്ധീകരിച്ചാല്‍ മതിയെന്ന തീരുമാനത്തെ തുടര്‍ന്നാണ് 26, 27 തിയതികളില്‍ ഏതെങ്കിലും ഒന്നില്‍ പ്രസിദ്ധീകരിക്കാന്‍ ധാരണയായത്.
ഏപ്രില്‍ 20ന് പ്‌ളസ് ടു മൂല്യനിര്‍ണയം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം. ഒരുതവണ മൂല്യനിര്‍ണയം നടത്തേണ്ട വിഷയങ്ങളുടെ 96 ശതമാനവും പൂര്‍ത്തിയായി. ഇരട്ട മൂല്യനിര്‍ണയം ആവശ്യമുള്ള ഫിസിക്‌സ്, കെമിസ്ട്രി, മാത്സ് പേപ്പറുകളാണ് പൂര്‍ത്തിയാകാത്തത്. 10 ശതമാനത്തില്‍ അധികം വ്യത്യാസമുള്ള പേപ്പറുകള്‍ മൂന്നാം മൂല്യനിര്‍ണയം നടത്തും. എന്‍ജിനീയറിങ് പ്രവേശത്തിന് പരിഗണിക്കുന്നതിനാലാണ് മൂന്ന് വിഷയത്തില്‍ ഇരട്ട മൂല്യനിര്‍ണയം നടത്തുന്നത്.
ടാബുലേഷന്‍ ജോലികള്‍ 65 ശതമാനവും പൂര്‍ത്തിയായി. മേയ് അഞ്ചിനും പത്തിനും ഇടയിലുള്ള ദിവസമായിരിക്കും ഫലപ്രഖ്യാപനം.