എസ്.എസ്.എല്‍.സി: 96.59% വിജയം; സേ പരീക്ഷ 23 മുതല്‍

03:00pm 27/4/2016
download
തിരുവനന്തപുരം: എസ്.എസ്.എല്‍.സിയില്‍ 96.59% വിജയം. മോഡറേഷന്‍ ഇല്ലാതെയാണ് ഇത്തവണ മാര്‍ക്ക് നിശ്ചയിച്ചത്. അതുകൊണ്ടുതന്നെ കഴിഞ്ഞ തവണത്തെ (98.57%) അപേക്ഷിച്ച് വിജയശതമാനം കുറവാണ്. ഇത്തവണ 4,83,803 പേര്‍ പരീക്ഷയെഴുതി. ഇതില്‍ 4,57, 654 പേര്‍ വിജയിച്ചു. 22,879 പേര്‍ക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു. 1207 സ്‌കൂളുകള്‍ സമ്പൂര്‍ണ വിജയം നേടി. സേ പരീക്ഷ മെയ് 23 മുതല്‍ 27 വരെ നടക്കും. അതിനുള്ള അപേക്ഷ മെയ് 10 വരെ സമര്‍പ്പിക്കാം. മെയ് നാലാം വാരം സര്‍ട്ടിഫിക്കറ്റുകള്‍ സ്‌കൂളുകളില്‍ എത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ചീഫ് സെക്രട്ടറി പി.കെ മൊഹന്തിയാണ് ഫലം പ്രഖ്യാപിച്ചത്.
വിജയം കൂടിയത് പത്തനംതിട്ട ജില്ലയിലും 99.04% കുട്ടികള്‍ വിജയിച്ചു. കുറവ് വയനാട് ജില്ലയിലുമാണ്. 92.3% പേര്‍. വിജയശതമാനം കൂടിയ വിദ്യാഭ്യാസ ജില്ല മൂവാറ്റുപുഴ 99.44%, കുറഞ്ഞത് വയനാട്.92.01% . ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ പരീക്ഷയ്ക്ക് ഇരുത്തിയത് തിരുരങ്ങാദടി പി.കെ.എം.എം.എസ്.എസ്. 2347 കുട്ടികള്‍. കുറഞ്ഞത് ഗവ.പെരിഞ്ഞാന്‍കുട്ടി, ബേപ്പൂര്‍ ഗവ. സ്‌കൂള്‍. മൂന്നു പേര്‍ വീതം.
തുടര്‍ മൂല്യനിര്‍ണയം വഴിയാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ വിജയശതമാനം കൂടിവന്നത്. വിജയിക്കാന്‍ മിനിമം മാര്‍ക്ക് വേണമെന്ന നിര്‍ദേശവും വകുപ്പില്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. വരും വര്‍ഷങ്ങളില്‍ ഇത് നടപ്പാക്കുമെന്ന് ഡി.പി.ഐ അറിയിച്ചു. വിദ്യാഭ്യാസ ഗുണനിലവാരം ഉയര്‍ന്നുവരുന്നതിന്റെ സൂചനയാണിതെന്നും ഡി.പി.ഐ അറിയിച്ചു.
ലോകത്ത് എവിടെയുള്ളവര്‍ക്കും ഫലം ലഭ്യമാക്കുന്നതിന് www.results.itschool.gov.in വെബ്‌സൈറ്റുകള്‍, റിസല്‍ട്ട് അനാലിസിസ് മൊബൈല്‍ ഫോണില്‍ ലഭിക്കുന്നതിന് saphalam2016 മൊബൈല്‍ ആപ്ലിക്കേഷന്‍, രജിസ്റ്റര്‍ ചെയ്യുന്ന മൊബൈല്‍ ഫോണ്‍ നമ്പരിലേക്ക് എസ്.എം.എസ്. ഐ.വി.ആര്‍. സൊല്യൂഷന്‍ ഐ.ടി. സ്‌കൂള്‍ പ്രോജക്ടിന്റെ സംസ്ഥാന ഓഫീസില്‍ ഒരേ സമയം 30 പേര്‍ക്കും 14 ജില്ലാ ഓഫീസുകളിലും ടെലിഫോണ്‍ മുഖേന റിസള്‍ട്ട് അറിയുന്നതിനും സംവിധാനം ഒരുക്കിയിട്ടുണ്ട്. സംസ്ഥാനതലത്തില്‍ ഔദ്യോഗിക ഫലപ്രഖ്യാപനം നടത്തി നിമിഷങ്ങള്‍ക്കകം സംസ്ഥാനത്തെ എല്ലാ എസ്.എസ്.എല്‍.സി. പരീക്ഷാകേന്ദ്രങ്ങളിലും ഫലം ലഭ്യമാക്കുന്നതിനുള്ള സംവിധാനങ്ങളും ക്രമീകരിച്ചിട്ടുണ്ട്.
എസ്.എം.എസ്. മുഖേന ഫലം ലഭിക്കുന്നതിന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷനോ ITSregno. 9645221221 എന്ന നമ്പരിലേക്ക് എസ്.എം.എസോ അയയ്ക്കാം. ഐ.വി.ആര്‍. സൊല്യൂഷനിലൂടെ ഫലം അറിയുന്നതിന് 04846636966 എന്ന നമ്പരിലേക്ക് വിളിച്ച് രജിസ്റ്റര്‍ നമ്പര്‍ നല്‍കണം. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദേശാനുസരണം ഐടി സ്‌കൂള്‍ പ്രോജക്ടാണ് വിപുലമായ സംവിധാനങ്ങള്‍ സജ്ജമാക്കിയത്. സഫലം 2016 ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഗൂഗിള്‍ പ്ലേസ്‌റ്റോറില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.