എ.ഐ.ഐ.എം.എസ് നേഴ്‌സിങ്ങ് പൂര്‍വ വിദ്യാര്‍ത്ഥി സംഗമം ന്യൂജേഴ്‌സിയില്‍

09:34 am 4/11/2016

ഫിലിപ്പ് മാരേട്ട്
Newsimg1_99488588
ന്യൂജേഴ്‌സി: ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (AIIMS) നിന്നും ബി.എസ്.സി ഓണേഴ്‌സ് നേഴ്‌സിങ്ങില്‍ പഠനം പൂര്‍ത്തിയാക്കി (1987) ഗ്രാജുവേറ്റ് ചെയ്ത ഏതാനും വിദ്യാര്‍ത്ഥികള്‍ ഈ കഴിഞ്ഞ ദിവസം ന്യൂജേഴ്‌സിയിലെ ഹാക്കന്‍സാക്കിലുള്ള ആര്‍ട്ട് ഓഫ് സ്‌പൈസില്‍ ഒത്തു ചേര്‍ന്നപ്പോള്‍ എല്ലാവര്‍ക്കും പറഞ്ഞറിയിക്കാന്‍ പറ്റാത്ത സന്തോഷം ആയിരുന്നു.

ജവഹര്‍ലാല്‍ നെഹ്‌റു പ്രധാനമന്ത്രി ആയിരിക്കുമ്പോള്‍ 1956-ല്‍ ഇന്ത്യയുടെ തലസ്ഥാനമായ ഡല്‍ഹിയിലെ അന്‍സാരി നഗറില്‍ സ്ഥാപിതമായ ഈ ഹോസ്പിറ്റല്‍ ഇന്ന് ഇന്ത്യയിലെ തന്നെ ഒന്നാം നംബര്‍ നിലവാരത്തില്‍ ഉള്ള മികച്ച ഹോസ്പിറ്റല്‍ ആണ്. 2012ല്‍ ഈ ഹോസ്പിറ്റല്‍ അന്തര്‍ദേശിയ നിലവാരത്തില്‍ എത്തിചേരുന്നതിനു സാധിച്ചു. ഇപ്പോള്‍ ആറു പുതിയ ഹോസ്പിറ്റല്‍ (ഭോപ്പാല്‍, ഭുവനേശ്വര്‍, ജോധ്പുര്‍, പാറ്റ്‌ന, റായ്പൂര്‍, ഋഷികേശ്) കൂടി തുടങ്ങി കഴിഞ്ഞു. ഇതിനു പുറമേ 12 പുതിയ ഹോസ്പിറ്റല്‍ കൂടി പണിയുന്നതിനുള്ള ഫണ്ട് അനുവദിച്ചു കഴിഞ്ഞു. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ഈ ഹോസ്പിറ്റല്‍ തുടങ്ങുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിവരുന്നു.

ഏതാണ്ട് 850 ബെഡ്ഡുകളോടുകൂടി തുടങ്ങിയ ഈ ഹോസ്പിറ്റലില്‍ ഇപ്പോള്‍ ആയിരത്തി ഒരുന്നൂറിലധികം ബെഡുകളാണുള്ളത്. 1978 ല്‍ ബി.എസ്.എസി ഓണേഴ്‌സ് നേഴ്‌സസിംഗ് കോഴ്‌സ് ഇവിടെ ആരംഭിച്ചു. അഞ്ചാമത്തെ ബാച്ചില്‍ ബി.എസ്.സി ഓണേഴ്‌സ് നേഴ്‌സിങ്ങില്‍ പഠനം പൂര്‍ത്തിയാക്കിയ നാല്‍പ്പതോളം വിദ്യാര്‍ത്ഥികളില്‍ ഉദ്ദേശം 25 ഓളം പേര് അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ ഇപ്പോള്‍ ജോലി ചെയ്തുവരുന്നു. ഇവരെ എല്ലാവരെയും വീണ്ടും വര്‍ഷത്തില്‍ ഒരിക്കലെങ്കിലും ഒന്നിച്ചുകാണുന്നതിനും സൗഹൃദം പുതുക്കുന്നതിനും ഉള്ള ഒരു ആദ്യ കൂടി കാഴ്ച്ച എന്ന ആശയം ആയിരുന്നു ഈ ഒത്തുചേരലിന് പിന്നില്‍ എന്ന് റോസ്‌ലിന്‍ തോട്ടുമാരി പറഞ്ഞു. ഇവര്‍ ഭര്‍ത്താവ് വിന്‍സന്റ് തോട്ടുമാരിക്കൊപ്പം ഇപ്പോള്‍ ന്യൂജേഴ്‌സിയില്‍ താമസിക്കുന്നു. ചിക്കാഗോയില്‍ താമസിക്കുന്ന മിനി സൂസന്‍ ഉമ്മന്‍ ഭര്‍ത്താവ് ചെറിയാന്‍ ഉമ്മനും ഒന്നിച്ചു ന്യുയോര്‍ക്കില്‍ ഒരു വിവാഹ ചടങ്ങിനു പങ്കെടുക്കാന്‍ എത്തിയപ്പോള്‍ ആയിരുന്നു ഈ കൂടികാഴ്ച എന്നത് ഇവര്‍ക്കും വളരെ സന്തോഷം ആയി. അടുത്ത കൂടികാഴച്ച ക്രൂസില്‍ വേണമെന്ന് ഇവര്‍ അഭിപ്രായപെട്ടു.

സംഗമത്തിന് കരുത്തേകി കൊണ്ട് ജയ ജോണ്‍സന്‍ വരും വര്‍ഷങ്ങളില്‍ കൂടുതല്‍ പേരെ പങ്കെടുപ്പിക്കൂന്നതിനായി മുന്‍കൈയെടുക്കാം എന്ന് പറഞ്ഞു. ഭര്‍ത്താവ് ജോണ്‍സന്‍ ഈപ്പനോടൊപ്പം നേരത്തെ എത്തി ചേര്‍ന്ന ഇവര്‍ ന്യൂ ജേഴ്‌സിയിലെ എലിസബേത്തില്‍ താമസിക്കുന്നു. ബ്‌ളൂംഫീല്‍ഡില്‍ താമസിക്കുന്ന ബീനാ മാരേട്ട് വളരെ തിരക്ക് ഉണ്ടായിട്ടും (പി.എച്ച്.ഡി സ്റ്റുഡന്റ്) കൂട്ടുകാരികള്‍ ഒന്നിക്കുന്നു എന്ന് പറഞ്ഞപോള്‍ എല്ലാം മറന്ന് ഭര്‍ത്താവ് ഫിലിപ്പ് മാരേട്ടും ഒന്നിച്ച് നേരത്തെ എത്തി ചേര്‍ന്നു. വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ തീരുമാനിച്ച ഈ സംഗമത്തില്‍ മറ്റു പലര്‍ക്കും വന്നു ചേരാന്‍ സാധിച്ചില്ല.

ഈ സംഗമം കൂടുതല്‍ കരുത്താര്‍ജിപ്പിക്കുന്നതിനായി അമേരിക്കയിലെ മറ്റു സംസ്ഥാനങ്ങളിലുള്ളവര്‍ റോസ്‌ലിന്‍ തോട്ടുമാരിയുമായി ബന്ധപ്പെടണം എന്ന് താല്‍പര്യപെടുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 908 242 7086 / 973 902 1614. ഫിലിപ്പ് മാരേട്ട് അറിയിച്ചതാണിത്.