എ.ടി.എം തട്ടിപ്പ്: മരിയനുമായി അന്വേഷണ ഉദ്യോഗസ്ഥര്‍ ഇന്ന് മുംബൈയിൽ

12:25 pm 16/8/2016
download (3)

തിരുവനന്തപുരം: എ.ടി.എം പണംതട്ടിപ്പുകേസില്‍ പിടിയിലായ റുമേനിയന്‍ സ്വദേശി ഗബ്രിയേല്‍ മരിയനുമായി അന്വേഷണ ഉദ്യോഗസ്ഥര്‍ ഇന്ന് മുംബൈയിലെത്തി തെളിവെടുപ്പ് നടത്തും. പണം പിൻവലിച്ച എ.ടി.എമ്മുകളിലും തട്ടിപ്പ് സംഘം താമസിച്ച ഹോട്ടലുകളിലുമാണ് തെളിവെടുപ്പ് നടത്തുക. മുംബൈയിൽ ഇവർക്ക് പ്രാദേശിക സഹായം ലഭിച്ചിട്ടുണ്ടോ എന്നും അന്വേഷണ സംഘം പരിശോധിക്കും.

കേരളത്തിൽ നിന്ന് അക്കൗണ്ട് വിവരങ്ങൾ ശേഖരിച്ച ശേഷം പണം പിൻവലിച്ചത് മുംബൈയിൽ നിന്നാണ്. അതുകൊണ്ടാണ് മുംബൈയിലെത്തി അന്വേഷണം നടത്തുന്നത്. ഗബ്രിയേൽ അറസ്റ്റിലായ ശേഷവും മുംബൈയിൽ നിന്ന് പണം പിൻവലിച്ചിരുന്നു. പണം പിൻവലിച്ചയാളെ തിരിച്ചറിഞ്ഞപ്പോഴേക്കും ഇയാൾ രാജ്യം വിട്ടിരുന്നു. മുംബൈ വിമാനത്താവളം വഴിയാണ് പ്രതി രാജ്യം വിട്ടത്. കേരളത്തിൽ നിന്ന് ശേഖരിച്ച അക്കൗണ്ട് വിവരങ്ങൾ ഉപയോഗിച്ച് മുംബൈയിലാണ് സംഘം വ്യാജ കാർഡുകൾ നിർമ്മിച്ചത്. അതുകൊണ്ട് തന്നെ ഇവര്‍ക്ക് പ്രാദേശിക സഹായം ലഭിച്ചിച്ചിരിക്കാനാണ് സാധ്യതയെന്നാണ് അന്വേഷണ സംഘത്തിന്‍റെ വിലയിരുത്തൽ. രാജ്യം വിട്ട മറ്റു പ്രതികളെ കണ്ടെത്തുന്നതിനായുള്ള ശ്രമവും അന്വേഷണ സംഘം തുടരുകയാണ്.