എ.ടി.എമ്മില്‍ നിറക്കാനുള്ള 20 ലക്ഷവുമായി വാന്‍ ഡ്രൈവര്‍ മുങ്ങി

09:11 AM 19/12/2016
download
ബംഗളൂരു: നഗരത്തിലെ എ.ടി.എമ്മില്‍ നിറക്കാന്‍ കൊണ്ടുപോയ 20 ലക്ഷം രൂപയടങ്ങിയ വാനുമായി സ്വകാര്യ ഏജന്‍സിയുടെ ഡ്രൈവര്‍ മുങ്ങി. മണിക്കൂറുകള്‍ക്കകം രണ്ടിടങ്ങളില്‍നിന്നായി വാനും നഷ്ടപ്പെട്ട പണവും പൊലീസ് കണ്ടെടുത്തു. ഡ്രൈവറെ കണ്ടത്തൊനായില്ല. ശനിയാഴ്ച വൈകീട്ട് വിന്‍ഡ് ടണല്‍ റോഡിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂരിന്‍െറ എ.ടി.എമ്മിനു മുന്നിലാണ് സംഭവം. കോറമംഗലയില്‍ വാടകക്ക് താമസിക്കുന്ന അസം സ്വദേശി സിബിന്‍ ഹുസൈനാണ് (26) രക്ഷപ്പെട്ടതെന്ന് പൊലീസ് വെളിപ്പെടുത്തി. നഗരത്തില്‍ ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് സമാനസംഭവം നടക്കുന്നത്. ഒരു മാസം മുമ്പാണ് ഇദ്ദേഹം എ.ടി.എമ്മുകളില്‍ പണം നിറക്കുന്ന സെക്യുര്‍ വാല്യു ഇന്ത്യ കമ്പനിയില്‍ ഡ്രൈവറായി ചേര്‍ന്നത്. മഡിവാളയിലെ കമ്പനി ഓഫിസില്‍നിന്ന് ശനിയാഴ്ച ഉച്ചക്ക് രണ്ടു മണിക്കാണ് എ.ടി.എമ്മുകളില്‍ നിറക്കാനുള്ള 52 ലക്ഷവുമായി വാനില്‍ ജീവനക്കാര്‍ പുറപ്പെടുന്നത്.
കോറമംഗലയിലെ എ.ടി.എമ്മില്‍ രണ്ടു ലക്ഷം രൂപ നിറച്ചതിനുശേഷം വിന്‍ഡ് ടണല്‍ റോഡിലത്തെി. വാനിലുണ്ടായിരുന്ന ഗണ്‍മാനും കമ്പനി ജീവനക്കാരനും 30 ലക്ഷം ഇവിടത്തെ എസ്.ബി.എം എ.ടി.എമ്മില്‍ നിറക്കാനായി അകത്തേക്കു കയറി. ഈ സമയം യുവാവ് വാഹനവുമായി രക്ഷപ്പെടുകയായിരുന്നു.
രാത്രി ഒമ്പതോടെ എച്ച്.എസ്.ആര്‍ ലേഒൗട്ടിനു സമീപം എച്ച്.എ.എല്‍ പൊലീസ് വാന്‍ കണ്ടത്തെി. ഞായറാഴ്ച രാവിലെ ബെല്ലന്ദൂരിലെ നടപ്പാതയില്‍നിന്ന് പണമടങ്ങിയ പെട്ടിയും കണ്ടെടുത്തു. പൊലീസ് പിന്തുടര്‍ന്ന് പിടികൂടുമെന്ന് ഉറപ്പായതോടെ വാനും പണവും ഉപേക്ഷിച്ച് യുവാവ് രക്ഷപ്പെട്ടതാകാമെന്ന് ഡി.സി.പി എം.ബി. ബോറലിംഗയ്യ പറഞ്ഞു. കമ്പനി അധികൃതരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഓള്‍ഡ് എയര്‍പോര്‍ട്ട് പൊലീസ് കേസെടുത്തു. സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെ യുവാവിനെ പിടികൂടാനുള്ള ശ്രമങ്ങള്‍ പൊലീസ് ഊര്‍ജിതമാക്കി. കഴിഞ്ഞ നവംബര്‍ 23ന് എ.ടി.എമ്മില്‍ നിറക്കാനുള്ള 1.37 കോടി രൂപയടങ്ങിയ വാനുമായി സ്വകാര്യ ഏജന്‍സിയുടെ ഡ്രൈവര്‍ സമാനരീതിയില്‍ മുങ്ങിയിരുന്നു. ദിവസങ്ങള്‍ക്കകം ലിംഗരാജപുരം നിവാസിയായ ഡൊമിനിക്കിനെ പൊലീസ് പിടികൂടുകയും ചെയ്തു.