9:05 am 23/6/2017
ന്യൂഡൽഹി: മുൻ പ്രതിരോധ മന്ത്രി എ.കെ.ആന്റണി അടക്കം നിരവധി മുതിർന്ന നേതാക്കളുടെ സുരക്ഷ വെട്ടിക്കുറയ്ക്കാൻ കേന്ദ്രസർക്കാർ തീരുമാനം. പുതിയ സുരക്ഷാ അവലോകനത്തിലാണ് 42 നേതാക്കൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന സുരക്ഷയിൽ കുറവ് വരുത്താൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിരിക്കുന്നത്.
വൈ പ്ലസ് സുരക്ഷയുണ്ടായിരുന്ന എ.കെ.ആന്റണി, അജയ് മാക്കൻ, അർജുൻ മോദ്വാദിയ, ശശി തരൂർ, ശ്രീ പ്രകാശ് ജയ്സ്വാൾ എന്നിവരുടെ സുരക്ഷ വൈ വിഭാഗത്തിലേക്കു താഴ്ത്താനാണ് കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്. ഇവരടക്കം 15 കോണ്ഗ്രസ് നേതാക്കളുടെ സുരക്ഷയാണ് വെട്ടിക്കുറച്ചിരിക്കുന്നത്. മുസ്ലിം വ്യക്തിനിയമ ബോർഡ് വൈസ് പ്രസിഡന്റ് മൗലാന സയിദ് ഖൽബ് സാദിഖ് സുരക്ഷ നിരസിച്ചതിനെ തുടർന്ന് ആർ&എഡബ്ള്യു വിഭാഗത്തിലാണ് അദ്ദേഹത്തെ ഉൾപ്പെടുത്തിയിട്ടുള്ളത്.
എസ്പിജി, എൻഎസ്ജി, ഇൻഡോ ടിബറ്റൻ പോലീസ്, സിആർപിഎഫ് എന്നിവരാണ് വിഐപികളുടെ സുരക്ഷയ്ക്കായി നിയോഗിക്കപ്പെടുന്നത്. സിനിമാ-കായിക താരങ്ങളുടെ സുരക്ഷയും ഇവരുടെ ചുമതലയിൽ വരും.