ഏകീകൃതസിവില്‍ നിയമം നടപ്പാക്കാന്‍ ഒരു നിര്‍ദ്ദേശവും പരിഗണനയിലില്ലെന്ന് കേന്ദ്രം

07:33 pm 11/10/2016
download

ഏകീകൃത സിവില്‍ നിയമം നടപ്പാക്കാന്‍ ഒരു നിര്‍ദ്ദേശവും കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയിലില്ലെന്ന് കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രി മുക്താര്‍ അബ്ബാസ് നഖ്‍വി അറിയിച്ചു. കേന്ദ്ര നിയമ കമ്മീഷന്‍ നടത്തുന്നത് അക്കാദമിക ചര്‍ച്ചകള്‍ മാത്രമാണെന്നും അദ്ദേഹം ദില്ലിയില്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇതിനിടെ മുത്തലാഖ് മുസ്ലീം സ്‌ത്രീകളുടെ മൗലീകാവശങ്ങളുടെ ലംഘനമാണെന്ന് കേന്ദ്രനിയമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
ഏകീകൃതസിവില്‍ നിയമം നടപ്പിലാക്കുന്നതിനെക്കുറിച്ചുള്ള അഭിപ്രായം തേടിക്കൊണ്ടുള്ള ചോദ്യാവലി കേന്ദ്ര നിയമ കമ്മീഷന്‍ പ്രസിദ്ധീകരിച്ചിരിക്കുകയാണ്. സര്‍ക്കാരിന്റെ നിലപാടിനെതിരെ മുസ്ലീം വ്യക്തി നിയമ ബോര്‍ഡ് ഉള്‍പ്പടെ വിവിധ മുസ്ലീം സംഘടനകള്‍ രംഗത്തെത്തി. ഏകികൃത സിവില്‍ നിയമം നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലെന്ന് ന്യുനപക്ഷ ക്ഷേമമന്ത്രി മുക്താര്‍ അബ്ബാസ് നഖ്‍വി പറഞ്ഞു. ഇങ്ങനെയൊരു നിര്‍ദ്ദേശം പോലും സര്‍ക്കാരിന്റെ പരിഗണനയിലില്ലെന്നും അക്കാദമികചര്‍ച്ചകള്‍ എത് പരിഷ്കൃത സമൂഹത്തിലും ഉണ്ടാകാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ ന്യൂനപക്ഷങ്ങള്‍ ആശങ്കപ്പടേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
നിയമകമ്മീഷന്റെ റിപ്പോര്‍ട്ട് സര്‍ക്കാരിന് ലഭിക്കുമ്പോള്‍ എന്താണ് ചെയ്യേണ്ടതെന്ന് അപ്പോള്‍ തീരുമാനിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഇതിനിടെ മുത്തലാഖിനെ എതിര്‍ത്ത് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയ സത്യാങ്മൂലത്തെ പിന്തുണച്ച് കേന്ദ്രനിയമമന്ത്രി രവിശങ്കര്‍ പ്രസാദ് രംഗത്തെത്തി. മതേതരരാജ്യമായ ഇന്ത്യയില്‍ ഒരു സമുദായത്തിലെ സ്‌ത്രീകള്‍ക്ക് മാത്രം നീതി നിഷേധിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. സമത്വത്തിനായുള്ള ശ്രമത്തിന്റ ഭാഗമായാണ് ഏകീകൃതസിവില്‍ നിയമം നടപ്പിലാക്കുന്നതിനുള്ള ചര്‍ച്ചകള്‍ തുടങ്ങിയതെന്നും അദ്ദേഹം വിശദീകരിച്ചു.