മിര്‍പുര്‍: പ്രതികൂല കാലാവസ്ഥയെ അവഗണിച്ച് ഗാലറിയില്‍ തിങ്ങിനിറഞ്ഞ ബംഗ്ളാ ആരാധകരെ നിരാശരാക്കി ധോണിയും സംഘവും ഏഷ്യാകപ്പ് കിരീടമണിഞ്ഞു. മഴമൂലം 15 ഓവര്‍ ആക്കി ചുരുക്കിയ മത്സരത്തില്‍ എട്ടു വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. സ്കോര്‍: ബംഗ്ളാദേശ് നിശ്ചിത 15 ഓവറില്‍ അഞ്ചിന് 120. ഇന്ത്യ 13.5 ഓവറില്‍ രണ്ടിന് 122. അര്‍ധസെഞ്ച്വറി നേടിയ ശിഖര്‍ ധവാന്റെയും (60) പുറത്താകാതെ 41 റണ്‍സെടുത്ത വിരാട് കോഹ്ലിയുടെയും മികവിലാണ് ഇന്ത്യ കപ്പുയര്‍ത്തിയത്. തന്റെ തലയറുത്ത ട്രോളര്‍മാര്‍ക്ക് തന്റെ മാസ്റ്റര്‍ പീസ് സിക്സറിലൂടെ മറുപടി നല്‍കിയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ മത്സരം അവസാനിപ്പിച്ചത്.
മത്സരത്തിനുമുമ്പേ പെയ്ത കനത്ത മഴയും വീശിയടിച്ച കാറ്റും സൃഷ്ടിച്ച മണിക്കൂറുകള്‍ നീണ്ട ആശങ്കകള്‍ക്ക് വിരാമമിട്ട് ഒന്നര മണിക്കൂര്‍ വൈകി രാത്രി ഒമ്പതിന് ആരംഭിച്ച ഏഷ്യാകപ്പ് ഫൈനലില്‍ ടോസ് നേടിയ ക്യാപ്റ്റന്‍ എം.എസ്. ധോണി ബംഗ്ളാദേശിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. മഹമ്മദുല്ലയും (33) സാബ്ബിര്‍ റഹ്മാനും (32) ബംഗ്ളാദേശിന് മാന്യമായ സ്കോര്‍ സമ്മാനിച്ചു. മറുപടി ബാറ്റിങ്ങില്‍ തുടക്കത്തില്‍തന്നെ രോഹിത് ശര്‍മ (1) അല്അമീന് ഹുസൈന് വിക്കറ്റ് നല്കി മടങ്ങിയെങ്കിലും ശിഖര്‍ ധവാനും വിരാട് കോഹ്ലിയും ഇന്ത്യന്‍ ജയം അനായാസമാക്കി. ബൗളര്‍മാരെ സൂക്ഷ്മമായി നേരിട്ട ഇരുവരും മോശം പന്തുകളെ ശിക്ഷിച്ചും നല്ല പന്തുകളെ ബഹുമാനിച്ചും മുന്നേറി. ധവാനായിരുന്നു കൂടുതല്‍ അപകടകാരി. 43 പന്തില്‍ ഒമ്പത് ഫോറും ഒരു സിക്സുമടങ്ങുന്നതായിരുന്നു ആ ഇന്നിങ്സ്. പക്വതയോടെയായിരുന്നു കോഹ്ലിയുടെ ഇന്നിങ്സ്. തുടക്കത്തില്‍ ഇടറിയെങ്കിലും പിന്നീട് താളം വീണ്ടെടുത്തു. 94 റണ്‍സിന്റെ രണ്ടാം വിക്കറ്റ് കൂട്ടുകെട്ടിനുശേഷം ധവാന് മടങ്ങി. തസ്കിന് അഹമ്മദിന്റെ പന്തില്‍ സൗമ്യ സര്‍ക്കാറിന് ക്യാച്ച് നല്‍കിയാണ് ധവാന് മടങ്ങിയത്. പിന്നീട് ക്രീസിലത്തെിയ ക്യാപ്റ്റന്‍ ധോണി രണ്ടു സിക്സും ഫോറും സഹിതം 20 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.