ഏഷ്യാ കപ്പ് :പാകിസ്താന്‍ പുറത്ത് ഇന്ത്യ – ബംഗ്ലാദേശ് ഫൈനല്‍

12:19pm 03/3/2016

download (9)

ധാക്ക: പാകിസ്താനെ അഞ്ച് വിക്കറ്റിനു തോല്‍പ്പിച്ച് ബംഗ്ലാദേശ് ഏഷ്യാ കപ്പ് ട്വന്റി20 ക്രിക്കറ്റിന്റെ ഫൈനലില്‍ പ്രവേശിച്ചു. ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 129 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്ത ബംഗ്ലാദേശ് 19.1 ഓവറില്‍ വിജയറണ്ണെടുത്തു. ഇന്ത്യക്കു പിന്നില്‍ രണ്ടാംസ്ഥാനക്കാരായാണ് ബംഗ്ലാദേശ് ഫൈനലില്‍ കടന്നത്. ആറിനു നടക്കുന്ന ഫൈനലില്‍ ഇന്ത്യ ബംഗ്ലാദേശിനെ നേരിടും.
ഫൈനലില്‍ കളിക്കാന്‍ പാകിസ്താന് ജയം അനിവാര്യമായിരുന്നു. വെറ്ററന്‍ ഓപ്പണര്‍ തമീം ഇഖ്ബാലിനെ വിക്കറ്റിനു മുന്നില്‍ കുടുക്കി മുഹമ്മദ് ഇര്‍ഫാനാണ് പാകിസ്താന് ആദ്യ പ്രതീക്ഷ നല്‍കിയത്. ഓപ്പണര്‍ സൗമ്യ സര്‍ക്കാര്‍ (48 പന്തില്‍ ഒരു സിക്സറും അഞ്ച് ഫോറുമടക്കം 48) ക്രീസില്‍ ഉറച്ചുനിന്നതോടെ ബംഗ്ലാദേശ് വിജയം മണത്തു. ശ്രീലങ്കയ്ക്കെതിരേ 80 റണ്ണെടുത്ത് ഹീറോയായ സാബിര്‍ റഹ്മാന് ഇന്നലെ തിളങ്ങാനായില്ല. 15 പന്തില്‍ 14 റണ്ണെടുത്ത സാബിറിനെ പാക് നായകന്‍ ഷാഹിദ് അഫ്രീഡി ബൗള്‍ഡാക്കി.
സൗമ്യ സര്‍ക്കാരിനെയും വിക്കറ്റ് കീപ്പര്‍ മുഷ്ഫികര്‍ റഹിമിനെയും (15 പന്തില്‍ 12) പുറത്താക്കാന്‍ കഴിഞ്ഞതോടെ പാകിസ്താന്‍ മത്സരത്തിലേക്കു തിരിച്ചു വന്നു. സൗമ്യയെ മുഹമ്മദ് ആമിറും മുഷ്ഫികറിനെ ഷുഐബ് മാലിക്കും പുറത്താക്കി. 13 പന്തില്‍ എട്ട് റണ്ണെടുത്ത ഓള്‍റൗണ്ടര്‍ ഷക്കീബ് അല്‍ ഹസനും പുറത്തായതോടെ പാകിസ്താന്‍ ജയം ഉറപ്പിച്ചപോലെയായി. മഹ്മദുള്ളയും (15 പന്തില്‍ ഒരു സിക്സറും രണ്ട് ഫോറുമടക്കം 22) നായകന്‍ മഷ്റാഫെ മുര്‍ത്താസയും (ഏഴ് പന്തില്‍ 12) പതറാതെ നിന്നതോടെ ജയം ആതിഥേയര്‍ക്കു സ്വന്തം. മുഹമ്മദ് സാമി എറഞ്ഞി 19-ാം ഓവറില്‍ 15 റണ്‍ നേടാന്‍ കഴിഞ്ഞതാണു ജയത്തില്‍ നിര്‍ണായകമായത്.
അര്‍ധ സെഞ്ചുറി നേടിയ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ സര്‍ഫ്രാസ് അഹമ്മദിന്റെയും (42 പന്തില്‍ രണ്ട് സിക്സറും അഞ്ച് ഫോറുമടക്കം പുറത്താകാതെ 58) ഷുഐബ് മാലിക്കിന്റെയും (30 പന്തില്‍ ഒരു സിക്സറും അഞ്ച് ഫോറുമടക്കം 41) മികവാണ് പാകിസ്താനെ 100 കടത്തിയത്. അഞ്ചാം വിക്കറ്റില്‍ സര്‍ഫ്രാസും മാലിക്കും ചേര്‍ന്ന് 40 പന്തില്‍ 50 റണ്ണെടുത്തിരുന്നു. 40 പന്തിലാണ് സര്‍ഫ്രാസ് അര്‍ധ സെഞ്ചുറി കടന്നത്. ടോസ് നേടിയ പാകിസ്താന്‍ നായകന്‍ ഷാഹിദ് അഫ്രീഡി ബാറ്റിങ് തെരഞ്ഞെടുത്തു. രണ്ടാമത്തെ ഓവറില്‍ ഫോമിന്റെ നിഴല്‍ മാത്രമുള്ള ഖുറം മന്‍സൂറിനെ (ഒന്ന്) വിക്കറ്റ് കീപ്പര്‍ മുഷ്ഫികര്‍ റഹിമിന്റെ കൈയിലെത്തിച്ച് അല്‍ അമിന്‍ ഹുസൈന്‍ പാകിസ്താനെ ഞെട്ടിച്ചു.
ഒരു സിക്സറും ഒരു ഫോറുമടക്കം 10 റണ്ണെടുത്തുനിന്ന സഹ ഓപ്പണര്‍ ഷാര്‍ജീല്‍ ഖാന്‍ അരാഫത് സണ്ണിയുടെ പന്തില്‍ ബൗള്‍ഡായതോടെ പാകിസ്താന്‍ പരുങ്ങി. മൂന്നാമനായി ഇറങ്ങിയ മുഹമ്മദ് ഹഫീസിന്റെയായിരുന്നു അടുത്ത ഊഴം. 11 പന്തില്‍ രണ്ട് റണ്ണുമായി ‘തുഴഞ്ഞ’ ഹഫീസിനെ മഷ്റാഫെ മുര്‍ത്താസ വിക്കറ്റിനു മുന്നില്‍ കുടുക്കിയപ്പോള്‍ പാക് ആരാധകരാണ് കൂടുതല്‍ ആഹ്ളാദിച്ചത്. പതിവ് രക്ഷകന്‍ ഉമര്‍ അക്മലിനും (11 പന്തില്‍ നാല്) സമ്മര്‍ദം മറികടക്കാനായില്ല. രണ്ട് പന്തുകള്‍ മാത്രം നേരിട്ട നായകന്‍ അഫ്രീഡി അല്‍ അമിന്റെ പന്തില്‍ സാബിര്‍ റഹ്മാന് ക്യാച്ച് നല്‍കി. കമ്രാന്‍ അക്മലിനൊപ്പം അന്‍വര്‍ അലിയും (ഒന്‍പത് പന്തില്‍ ഒരു ഫോറടക്കം 13) അവസാന ഓവറില്‍ അടിച്ചു തകര്‍ത്തു. നിയന്ത്രിച്ചെറിഞ്ഞ ബംഗ്ലാ ബൗളര്‍മാര്‍ ഇന്നലെ ഒരു എക്സ്ട്രാ റണ്‍ പോലും വിട്ടുകൊടുത്തില്ല. ബംഗ്ലാദേശിനു വേണ്ടി അല്‍ അമിന്‍ ഹുസൈന്‍ മൂന്ന് വിക്കറ്റും അരാഫത്ത് സണ്ണി രണ്ട് വിക്കറ്റുമെടുത്തു. തസ്‌കിന്‍ അഹമ്മദ്, മഷ്റാഫെ മുര്‍ത്താസ എന്നിവര്‍ ഒരു വിക്കറ്റ് വീതമെടുത്തു.
സ്‌കോര്‍ബോര്‍ഡ്:
പാകിസ്താന്‍- ഖുറം മന്‍സൂര്‍ സി മുഷ്ഫികര്‍ റഹിം ബി അല്‍ അമിന്‍ ഹുസൈന്‍ 1, ഷാര്‍ജീല്‍ ഖാന്‍ ബി അരാഫത് സണ്ണി 10, മുഹമ്മദ് ഹഫീസ് എല്‍.ബി. മഷ്റാഫെ മുര്‍ത്താസ 2, സര്‍ഫ്രാസ് അഹമ്മദ് നോട്ടൗട്ട് 58, ഉമര്‍ അക്മല്‍ സി ഷക്കീബ് അല്‍ ഹസന്‍ ബി തസ്‌കിന്‍ അഹമ്മദ് 4, ഷുഐബ് മാലിക്ക് സി സാബിര്‍ റഹ്മാന്‍ ബി അരാഫത് സണ്ണി 41, ഷാഹിദ് അഫ്രീഡി സി സാബിര്‍ റഹ്മാന്‍ ബി അല്‍ അമിന്‍ ഹുസൈന്‍ 0, അന്‍വര്‍ അലി സി സാബിര്‍ റഹ്മാന്‍ ബി അല്‍ അമിന്‍ ഹുസൈന്‍ 13. എക്സ്ട്രാസ്: 0. ആകെ (20 ഓവറില്‍ ഏഴിന്) 129. ബൗളിങ്: തസ്‌കിന്‍ അഹമ്മദ് 4-1-14-1, അല്‍ അമിന്‍ ഹുസൈന്‍ 4-0-25-3, അരാഫത് സണ്ണി 4-0-35-2, മഷ്റാഫെ മുര്‍ത്താസ 4-0-29-1, ഷക്കീബ് അല്‍ ഹസന്‍ 4-0-26-0.
ബംഗ്ലാദേശ്- തമീം ഇഖ്ബാല്‍ എല്‍.ബി. മുഹമ്മദ് ഇര്‍ഫാന്‍ 7, സൗമ്യ സര്‍ക്കാര്‍ ബി മുഹമ്മദ് ആമിര്‍ 48, സാബിര്‍ റഹ്മാന്‍ ബി അഫ്രീഡി 14, മുഷ്ഫികര്‍ റഹിം എല്‍.ബി. ഷുഐബ് മാലിക്ക് 12, ഷക്കീബ് അല്‍ ഹസന്‍ ബി മുഹമ്മദ് സാമി 8, മഹമ്മദുള്ള നോട്ടൗട്ട് 22, മഷ്റാഫെ മുര്‍ത്താസ നോട്ടൗട്ട് 12. എക്സ്ട്രാസ്: 8. ആകെ (19.1 ഓവറില്‍ അഞ്ചിന്) 131. ബൗളിങ്: മുഹമ്മദ് ആമിര്‍ 4-0-26-2, മുഹമ്മദ് ഇര്‍ഫാന്‍ 4-0-23-1, മുഹമ്മദ് സാമി 4-0-30-0, ഷാഹിദ് അഫ്രീഡി 4-0-20-1, അന്‍വര്‍ അലി 2.1-0-25-0, ഷുഐബ് മാലിക്ക് 1-0-3-1.