ഐ.എസിനെതിരെയുള്ള നടപടികള്‍ക്ക് യു.എന്‍ പിന്തുണ

യുണൈറ്റഡ് നേഷന്‍സ്: പാരിസില്‍ 129 പേരുടെ മരണത്തിന് ഇടയാക്കിയ ആക്രമണ പരമ്പര നടത്തിയ ഇസ്ലാമിക് സ്റ്റേറ്റിനെതിരെ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കണമെന്ന പ്രമേയം ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതി പാസ്സാക്കി. ഐ.എസിനെതിരെ പൊരുതാന്‍ അംഗരാജ്യങ്ങളുടെ പിന്തുണ ആവശ്യപ്പെടുന്ന പ്രമേയം ഫ്രാന്‍സാണ് അവതരിപ്പിച്ചത്. അംഗങ്ങള്‍ ഏകകണ്ഠമായാണ് ഇത് അംഗീകരിച്ചത്.

224 പേരുടെ ജീവനെടുത്ത റഷ്യന്‍ വിമാനാപകടത്തിനും 37 പേര്‍ കൊല്ലപ്പെട്ട ലെബനനിലെ ബോംബ് സ്‌ഫോടനത്തിനും ഉത്തരവാദികള്‍ ഐ.എസ് ആണ്. ടുണീഷ്യയിലും തുര്‍ക്കിയിലും അംഗാരയിലുമുള്‍പ്പെടെ ഒട്ടേറെ സ്ഥലങ്ങളില്‍ ഐ.എസ് ആക്രമണങ്ങള്‍ നടത്തി. ലോകത്തിന് ഭീഷണിയായി മാറിയ ഐ.എസിന്റെ സുരക്ഷിത താവളങ്ങള്‍ തകര്‍ക്കാന്‍ ഓരോ രാജ്യവും ആവശ്യമായ നടപടികളെടുക്കണമെന്നാണ് രക്ഷാസമിതി ആവശ്യപ്പെട്ടത്.

ഭീകരാക്രമണം തടയാന്‍ രാജ്യങ്ങള്‍ കൂട്ടായി പ്രവര്‍ത്തിക്കണമെന്നും യു.എന്‍ പ്രമേയം ആവശ്യപ്പെടുന്നു.

പാരിസ് ആക്രമണത്തിന് പിന്നാലെ ബെല്‍ജിയത്തിന്റെ തലസ്ഥാനമായ ബ്രസ്സല്‍സില്‍ ഭീകരാക്രമണ ഭീഷണിയുണ്ടെന്ന വിലയിരുത്തലിനേത്തുടര്‍ന്ന് സുരക്ഷാ സംവിധാനങ്ങള്‍ കര്‍ശനമാക്കിയ സാഹചര്യത്തിലാണ് യു.എന്‍ അംഗരാജ്യങ്ങള്‍ ഐ.എസിനെതിരെ നടപടി ശക്തമാക്കുന്നത്. പാരിസ് ആക്രമണത്തില്‍ പങ്കാളികളായവരില്‍ പ്രമുഖര്‍ ബ്രസ്സല്‍സില്‍ നിന്നുള്ളവരാണ്. ആക്രമണ സംഘത്തിലെ രക്ഷപ്പെട്ട ഒരാളായ ലാ അബ്ദെലസാം തിരിച്ച് ബ്രസല്‍സിലെത്തിയേക്കാമെന്നും കൂടുതല്‍ തിരിച്ചടിക്ക് സാധ്യതയുണ്ടെന്നും അവര്‍ വിലയിരുത്തുന്നു.

അതിനിടെ പാരിസില്‍ സ്‌ഫോടനം നടത്തിയവര്‍ക്കുവേണ്ടിയുള്ള തിരച്ചിലിനിടെ വനിതാ ചാവേര്‍ സ്വയം പൊട്ടിത്തെറിച്ചതല്ലെന്നും റിപ്പോര്‍ട്ടുണ്ട്. ഇവര്‍ക്ക് തീവ്രവാദ സംഘടനയുമായി ബന്ധമില്ലെന്നും അവര്‍ കീഴടങ്ങാന്‍ ശ്രമിക്കുമ്പോഴാണ് സ്‌ഫോടനമുണ്ടായതെന്നും ബിബിസി പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

15,870 thoughts on “ഐ.എസിനെതിരെയുള്ള നടപടികള്‍ക്ക് യു.എന്‍ പിന്തുണ