ഐ.എസ്.എല്ലില്‍ കേരള ബ്ളാസ്റ്റേഴ്സിന് സീസണിലെ മിന്നും ജയം.

08:59 am 13/11/2016
images

കൊച്ചി: തണുത്തുറഞ്ഞുപോയ ഒരു പകുതിയെ ആര്‍ത്തലച്ച മറുപാതികൊണ്ട് ബ്ളാസ്റ്റേഴ്സ് പാടേ മാറ്റിയെഴുതിക്കളഞ്ഞു. മലയാളത്തിന്‍െറ സ്വന്തം സി.കെ. വിനീത് വിജയപ്രതീക്ഷകള്‍ ആധികാരികമായിത്തന്നെ ചുമലിലേറ്റിയപ്പോള്‍ ഐ.എസ്.എല്ലില്‍ കേരള ബ്ളാസ്റ്റേഴ്സിന് സീസണിലെ മിന്നും ജയം. കൊച്ചിയിലെ സ്വന്തം തട്ടകത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈയിന്‍ എഫ്.സിയെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് മുക്കിയ ബ്ളാസ്റ്റേഴ്സ് പോയന്‍റുനിലയില്‍ രണ്ടാം സ്ഥാനത്തേക്ക് മുന്നേറി.
ആദ്യ പകുതിയില്‍ പിന്നിലായശേഷം പൊരുതിക്കയറിയ ടീമിനുവേണ്ടി രണ്ടുതവണ വലകുലുക്കിയ വിനീത് വീണ്ടും കളിയിലെ ഹീറോയായി. 22ാം മിനിറ്റില്‍ ബെര്‍ണാഡ് മെന്‍ഡിയിലൂടെയാണ് ചെന്നൈയിന്‍ മുന്നിലത്തെിയത്. ടീമിന്‍െറ ഓരോ ചുവടുകള്‍ക്കും ആര്‍ത്തുവിളിച്ച് പിന്തുണച്ച ആയിരങ്ങളെ ആവേശം കൊള്ളിച്ച് രണ്ടാം പകുതിയിലായിരുന്നു ആതിഥേയരുടെ മൂന്നു ഗോളും. 66ാം മിനിറ്റില്‍ ദിദിയര്‍ കാദിയോയിലൂടെ തുല്യതപിടിച്ച ടീമിനുവേണ്ടി 85, 89 മിനിറ്റുകളിലായിരുന്നു വിനീതിന്‍െറ എണ്ണംപറഞ്ഞ ഇരട്ടഗോള്‍. ഒമ്പതു കളികളില്‍ 15 പോയന്‍റാണ് ബ്ളാസ്റ്റേഴ്സിന്‍െറ സമ്പാദ്യം. 10 പോയന്‍റുമായി ചെന്നൈയിന്‍ ഏഴാം സ്ഥാനത്താണ്. രണ്ട് ഹോം ജയവുമായി ബ്ളാസ്റ്റേഴ്സ് 19ന് മുംബൈ സിറ്റിയെ നേരിടാന്‍ പറക്കും.

മുന്നേറ്റക്കാരനായി മെന്‍ഡി
നിര്‍ണായക മത്സരത്തില്‍ സെന്‍ട്രല്‍ ഡിഫന്‍ഡര്‍ ബെര്‍ണാഡ് മെന്‍ഡിയെ മുന്‍നിരയില്‍ കളിപ്പിച്ചാണ് മറ്റരാസി ബ്ളാസ്റ്റേഴ്സിനെ ഞെട്ടിച്ചത്. ഡല്‍ഹിക്കെതിരെ കയറിക്കളിച്ച് ഗോളടിച്ച മെന്‍ഡിയുടെ മിടുക്ക് ഉപയോഗപ്പെടുത്തുകയായിരുന്നു ലക്ഷ്യം. പിന്നില്‍ സ്റ്റോപ്പര്‍ ബാക്കുകളായി ജോണ്‍ ആര്‍നെ റീസെയും സാബിയ ഫിലോയും ബൂട്ടുകെട്ടി.
ഈ ‘ഗാംബ്ളിങ്’ കുറിക്കുകൊണ്ടെന്ന് തോന്നുന്ന രീതിയിലായിരുന്നു കളിയുടെ തുടക്കം. ഇടതു വിങ്ങില്‍നിന്ന് മുന്നേറ്റങ്ങള്‍ ചമച്ച് മെന്‍ഡി തുടക്കത്തിലേ ഭീഷണിയുയര്‍ത്തി. 3-4-3 ശൈലിയില്‍ മൈതാനം മുഴവന്‍ നിറഞ്ഞ് മച്ചാന്‍സ് പന്തുതട്ടിയതോടെ ആദ്യ കാല്‍മണിക്കൂറില്‍ ഒരു ഷോട്ടു പോലും പായിക്കാന്‍ ബ്ളാസ്റ്റേഴ്സിനായില്ല. മറുവശത്ത് ഗോളിലേക്കുള്ള അവസരങ്ങള്‍ തുറന്നെടുത്തുകൊണ്ടിരുന്ന ചെന്നൈ മൂന്നു കോര്‍ണര്‍ കിക്കുകളടക്കം ഈ സമയംകൊണ്ട് സമ്പാദിച്ചു. 4-3-1-2 ശൈലിയില്‍ ടീമിനെ വിന്യസിച്ച സ്റ്റീവ് കോപ്പല്‍ മുഹമ്മദ് റാഫിയെ മാറ്റിയാണ് വിനീതിനെ ഉള്‍പ്പെടുത്തിയത്.
പ്രഹരം മെന്‍ഡിയിലൂടെ
ആദ്യ പകുതിയില്‍ താളംകിട്ടാതെ ബ്ളാസ്റ്റേഴ്സ് ഉഴറിനടന്ന മൈതാനത്ത് ചെന്നൈയിന്‍ മികച്ച ഒത്തിണക്കം കാട്ടി. പരസ്പരധാരണയോടെ ചെറുപാസുകളുമായി മുന്നേറി ആതിഥേയ ബോക്സില്‍ നിരന്തരം ആധിയുയര്‍ത്തിയ തമിഴ്സംഘം 22ാം മിനിറ്റില്‍ വെടിപൊട്ടിച്ചു. സെന്‍റര്‍ഹാഫില്‍നിന്ന് റാഫേല്‍ നല്‍കിയ പാസ് സ്വീകരിച്ച് ഇടതുവിങ്ങിലൂടെ പന്തുമായി കുതിച്ചുകയറിയ മെന്‍ഡി ബോക്സിന്‍െറ ഓരത്തുനിന്നുതിര്‍ത്ത ഷോട്ട്, തടയാന്‍ ശ്രമിച്ച ജിങ്കാന്‍െറ ദേഹത്തുതട്ടി വലയിലേക്ക് ഗതിമാറിയപ്പോള്‍ ഗോളി ഗ്രഹാം സ്റ്റാക്കിന് കാഴ്ചക്കാരന്‍െറ റോള്‍ മാത്രമായി.

ചോപ്ര മാറി, കളിമാറി
രണ്ടാം പകുതിക്ക് വിസില്‍ മുഴങ്ങിയത് കേരളത്തിന്‍െറ മുന്നേറ്റ പരമ്പരകളിലേക്കാണ്. ചോപ്രയെ മാറ്റി കാദിയോയെ കളത്തിലിറക്കിയ ആതിഥേയര്‍ കൂടുതല്‍ മൂര്‍ച്ചകാട്ടി. ഇടതുവിങ്ങില്‍ വിനീതും ഊര്‍ജസ്വലനായതോടെ കളി ബ്ളാസ്റ്റേഴ്സിന്‍െറ കാലുകളിലായി. കാദിയോക്ക് പിഴച്ചതിനു പിന്നാലെ 54ാം മിനിറ്റില്‍ ജെര്‍മന്‍ സമനിലഗോള്‍ നേടിയെന്നുറപ്പിച്ചതായിരുന്നു ഗാലറി. ജിങ്കാന്‍െറ ത്രൂബാള്‍ പിടിച്ചെടുത്ത് കുതിച്ച ജെര്‍മനുമുന്നില്‍ എതിര്‍ ഗോളി കെര്‍ മാത്രം. ഡ്രിബ്ള്‍ ചെയ്ത് കയറാനുള്ള ശ്രമത്തില്‍ കെര്‍ കാലുവെച്ചു വീഴ്ത്തി. അവസരം നഷ്ടമായ ആഘാതത്തിനൊപ്പം ജെര്‍മന് കിട്ടിയത് ‘അഭിനയിച്ചതിന്’ മഞ്ഞക്കാര്‍ഡും. കളി ഒരു മണിക്കൂറാകവേ, വിനീതിനും കിട്ടി അവസരം. ബോക്സിനുള്ളില്‍നിന്ന് നിലംപറ്റെ കണ്ണൂര്‍ക്കാരന്‍ തൊടുത്ത ആംഗുലര്‍ ഷോട്ട് അപാരമെയ്വഴക്കത്തോടെയാണ് കെര്‍ തടഞ്ഞിട്ടത്.

തിരിച്ചടിക്ക് തുടക്കം
ആക്രമണ പരമ്പരകള്‍ക്കൊടുവില്‍ ബ്ളാസ്റ്റേഴ്സ് ആഗ്രഹിച്ചതു നേടി. ഇടതുവിങ്ങിലൂടെ പന്തുമായി ബോക്സില്‍ കയറിയ ജെര്‍മന്‍ എതിര്‍ ഡിഫന്‍ഡറുടെ കാലിനിടയിലൂടെ നല്‍കിയ പാസ് കാദിയോ ക്ളോസ്റേഞ്ചില്‍നിന്ന് ഉടനടി വലയിലേക്ക് തള്ളി. 53,132 കാണികള്‍ക്ക് ആവേശത്തിലാറാടാന്‍ ആ ഒരുനിമിഷം ധാരാളമായിരുന്നു.
അവിടംകൊണ്ട് നിര്‍ത്താന്‍ ഒരുക്കമില്ലാതെ ബ്ളാസ്റ്റേഴ്സ് വീണ്ടും ഇരമ്പിയാര്‍ത്തു. മറുതലക്കല്‍ മെന്‍ഡിയെ പിന്‍വലിച്ച് ബല്‍ജിത് സാഹ്നിയെ കളത്തിലിറക്കിയിട്ടും ചെന്നൈക്കാര്‍ക്ക് രക്ഷയൊന്നുമുണ്ടായില്ല. റഫീഖിനു പകരം റിനോയെ ഇറക്കി ബ്ളാസ്റ്റേഴ്സ് പടയൊരുക്കം ശക്തമാക്കി.

വിനീത്, വീണ്ടും വിനീത്
ആദ്യപകുതിയില്‍ അനങ്ങാന്‍ കഴിയാതിരുന്ന നിരാശയെ ഗോളോടു ഗോളടിച്ച് വിനീത് തകര്‍ത്തുകളയുന്ന നിമിഷങ്ങളായിരുന്നു അവസാനഘട്ടത്തില്‍. കളി സമനിലയിലേക്കെന്നു തോന്നിച്ച നിമിഷങ്ങളിലേക്ക് പ്രവേശിച്ച കളി തീരാന്‍ അഞ്ചുമിനിറ്റു മാത്രം. ഇടതു വിങ്ങില്‍നിന്ന് ഹോസുവിന്‍െറ ക്രോസ് തടയാന്‍ ചാടിയ കെറിന്‍െറ കൈയില്‍തട്ടി പന്ത് ലക്ഷ്യം മാറി. കാത്തുനിന്ന വിനീത് വായുവില്‍ കരണം മറിഞ്ഞ് വലയിലേക്ക് നിറയൊഴിച്ചപ്പോള്‍ ആ ഗോളിന് ചാരുതയും നിലവാരവുമേറെയായിരുന്നു. നിലക്കാത്ത കൈയടികളുമായി ആരവങ്ങളില്‍ മുങ്ങിയ സ്റ്റേഡിയത്തിന്‍െറ ആവേശത്തിലേക്ക് നാലുമിനിറ്റ് പിന്നിടുംമുമ്പേ അടുത്ത അമിട്ടുപൊട്ടി. ഹാഫ് ഏരിയയില്‍നിന്ന് പന്തെടുത്ത ജെര്‍മനാണ് ഈ ഗോളിനും വഴിയൊരുക്കിയത്. എതിര്‍ പ്രതിരോധം കീറിമുറിച്ച് ഇംഗ്ളണ്ടുകാരന്‍ നല്‍കിയ ത്രൂപാസ് പിടിച്ചെടുത്ത വിനീത്, തടയാനത്തെിയ കെറിന് പഴുതൊന്നും നല്‍കാതെ പന്ത് നിലംപറ്റെ വലയുടെ വലതുമൂലയിലേക്ക് തള്ളി. മനം തകര്‍ന്നുപോയ ചെന്നൈ ടീമിന്‍െറ ഉശിരെല്ലാം ചോര്‍ന്നുതീരുമ്പോള്‍ ഗാലറിയില്‍ ബ്ളാസ്റ്റേഴ്സ് ആരാധകരുടെ ആവേശം പരകോടിയിലത്തെിയിരുന്നു.