ഐ.എസ്.എല്‍ ടിക്കറ്റ് ലഭിക്കാത്ത ആരാധകര്‍ കവാടം തകര്‍ത്തു; പോലീസ് ലാത്തി വീശി

07.16 PM 18/12/2016
gallery-image-651759358
കൊച്ചി: ടിക്കറ്റ് ലഭിക്കാത്ത ആരാധകര്‍ കവാടം തകര്‍ത്ത് സറ്റേഡിയത്തിനുള്ളിലേക്ക് തളളിക്കയറാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് പോലീസ് ലാത്തി വീശി. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.55,000 ത്തോളം പേര്‍ക്കുള്ള സീറ്റിംഗ് കപ്പാസിറ്റിയേ സ്റ്റേഡിയത്തിനുളളുവെങ്കിലും ഒരു ലക്ഷത്തോളം ആരാധകരാണ് കലൂര്‍ രാജ്യാന്തര സ്‌റ്റേഡിയത്തിലേക്ക് തങ്ങളുടെ ടീമായ കേരള ബ്ലാസ്‌റ്റേഴ്‌സിന് പിന്തുണയുമായി ഒഴുകിയെത്തിയത്. എന്നാല്‍ ടിക്കറ്റ് ലഭിക്കാത്തതിനാല്‍ ഇവരില്‍ പകുതിയിലധികം പേരും നിരാശരായി സ്റ്റേഡിയത്തിനു പുറത്ത് ആരവം തീര്‍ത്ത് തകര്‍ക്കുകയായിരുന്നു. ശനിയാഴ്ച രാത്രയിലും ഇന്നലെ പുലര്‍ച്ചെയും മുതലുമായി ടിക്കറ്റു കിട്ടിയവരുടെയും കിട്ടാത്തവരുടെ ഒഴുക്കായിരുന്നു കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തിലേക്ക്. ടിക്കറ്റില്ലാതെ സ്റ്റേഡിയത്തിനു ചുറ്റും കറങ്ങിക്കൊണ്ടിരുന്നവരെ പ്രതിഷേധം ഭയന്ന് രാവിലെ നിരവധി തവണ പോലീസെത്തി പറഞ്ഞുവിട്ടുവെങ്കിലും പോലീസ് മാറുമ്പോള്‍ ഇവര്‍ വീണ്ടും കൂട്ടത്തോടെ മടങ്ങിവന്നു സ്‌റ്റേഡിയത്തിനു ചുറ്റും തമ്പടിച്ചു.ഇതോടെ ടിക്കറ്റുകള്‍ വിറ്റു തീര്‍ന്ന സാഹചര്യത്തില്‍ ടിക്കറ്റ് ലഭിക്കാത്തവന്‍ സ്റ്റേഡിയത്തിനു സമീപത്തു നിന്നും പോകണമെന്നാവശ്യപ്പെട്ട് പോലീസിന്റെ നേതൃത്വത്തില്‍ നിരവധി തവണ വാഹനത്തില്‍ അനൗണ്‍സ് ചെയ്തു എന്നിട്ടും ഇത് കേള്‍ക്കാതെ വീണ്ടും തടിച്ചുകൂടിയവരെ പോലീസ് വിരട്ടിയോടിച്ചു.എന്നാല്‍ ഈ സമയത്തും സ്‌റ്റേഡിയത്തിനു സമീപം തന്നെ കരിഞ്ചന്തയില്‍ ടിക്കറ്റ് വില്‍ക്കുന്നുണ്ടായിരുന്നു.രാത്രി ഏഴിനാരംഭിക്കുന്ന മല്‍സരം കാണാന്‍ വൈകുന്നേരം 3.30 മുതല്‍ സ്റ്റേഡിയത്തിലേക്ക് ടിക്കറ്റുള്ള കാണികളെ പ്രവേശിപ്പിക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും തിരക്ക് ക്രമാതീതമായി വര്‍ധിച്ചതോടെ മൂന്നു മണിമുതല്‍ തന്നെ കാണികളെ സ്‌റ്റേഡിയത്തേല്ക്ക് പ്രവേശിപ്പിക്കാന്‍ ആരംഭിച്ചു.4.30 ഓടെ സ്റ്റേഡിയം നിറഞ്ഞു. സ്‌റ്റേഡിത്തിനുള്ളില്‍ കടന്നവരേക്കാള്‍ ഇരട്ടിയിലധികം ആളുകള്‍ ടിക്കറ്റില്ലാതെ സ്റ്റേഡിയത്തിന് പുറത്തുണ്ടായിരുന്നു. ഏതെങ്കിലും വിധത്തില്‍ സ്‌റ്റേഡിയത്തില്‍ കടന്നുകൂടകയെന്ന ലക്ഷ്യത്തോടെ പ്രവേശന കവാടത്തിനു മുന്നില്‍ തിങ്ങിക്കൂടിയ ഇവരെ പോലീസ് നിരവധി തവണ വിരട്ടിയോടിച്ചുവെങ്കിലും വീണ്ടും വീണ്ടും ഇവര്‍ എത്തിക്കൊണ്ടിരുന്നു.ഇതിനിടയില്‍ എട്ടാം നമ്പര്‍ കവാടം തകര്‍ത്ത്് വലിയ കൂട്ടം ആരാധകര്‍ സ്റ്റേഡിയത്തിനുളളിലേക്ക് കടക്കാന്‍ ശ്രമിച്ചതോടെ പോലീസ് ലാത്തി വീശി.ഇതേ തുടര്‍ന്ന് ചിതറിയോടിയ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.തുടര്‍ന്ന് ഈ കവാടത്തിലൂടെയുളള പ്രവേശനം പോലീസ് അവസാനിപ്പിക്കുകയും ചെയ്തു. വ്യജ ടിക്കറ്റുമായി കളികാണാന്‍ എത്തിയ നിരവധി പേരെ പ്രവേശന കവാടത്തില്‍ പരിശോധനയക്ക് നിന്നവര്‍ പിടികൂടി തിരച്ചയച്ചു.ബാര്‍ കോഡില്ലാത്തതും ഒറിജിനല്‍ ടിക്കറ്റിന്റെ കളര്‍ ഫോട്ടോ സ്റ്റാറ്റുമായി നിരവധി പേരാണ് ഇന്നലെ സ്റ്റേഡിയത്തിനുളളില്‍ കടക്കാനായി എത്തിയത്. കരിഞ്ചന്തയില്‍ നിന്നും വന്‍ തുക നല്‍കി ആരാധാകര്‍ വാങ്ങിയവയുടെ കൂട്ടത്തിലും ഇത്തരം വ്യാജ ടിക്കറ്റുകള്‍ ഉണ്ടായിരുന്നുവത്രെ.