ഐ.എസ്.എല്‍ ബ്ലാസ്റ്റേഴ്‌സ് തോറ്റില്ല; ജയിച്ചുമില്ല

02.00 AM 10-10-2016
Blasters_091016
കൊച്ചി: ഭാഗ്യം.., ഇത്തവണയും ജയിച്ചില്ലെങ്കിലും കേരളത്തിന്റെ കൊമ്പന്‍മാര്‍ തോറ്റില്ല. ഡല്‍ഹി ഡൈനാമോസിനെതിരായ മത്സരം ഗോള്‍ രഹിത സമനിലയില്‍ കലാശിച്ചു. ആദ്യ രണ്ടു മത്സരങ്ങളും തോറ്റ ബ്ലാസ്റ്റേഴ്‌സ് ജയിക്കാമായിരുന്ന മത്സരമാണ് കൈവിട്ടത്. ആദ്യ മത്സരങ്ങളില്‍നിന്നും വ്യത്യസ്തമായി അറ്റാക്കിംഗ് ഫുട്‌ബോള്‍ കാഴ്ചവച്ച ബ്ലാസ്റ്റേഴ്‌സ് ഇത്തവണയും ഗോളിലേക്ക് ഷൂട്ട് ചെയ്യുന്നതില്‍ സമ്പൂര്‍ണ പരാജയമായി.

ആദ്യ പകുതിയിലടക്കം നിരവധി സുവര്‍ണാവസരങ്ങളാണ് കേരളം തുലച്ചുകളഞ്ഞത്. ആദ്യ പകുതിയില്‍ മൈക്കല്‍ ചോപ്ര ഗോളി മാത്രം മുന്നില്‍നില്‍ക്കെ ലഭിച്ച അവസരം നഷ്ടപ്പെടുത്തി. 44ാം മിനിറ്റിലായിരുന്നു ചോപ്ര ഗോള്‍ അവസരം നഷ്ടപ്പെടുത്തിയത്. മധ്യവരയില്‍നിന്നും ഹോസു നീട്ടി നല്‍കിയ പന്ത് ഡൈനാമോസിന്റെ ബോക്‌സിനു തൊട്ടുമുന്നില്‍ ചോപ്ര പിടിച്ചെടുത്തു. ഓഫ്‌സൈഡെന്നു കരുതി ഡൈനാമോസ് പ്രതിരോധക്കാര്‍ അറച്ചുനിന്നപ്പോള്‍ ചോപ്ര പന്തുമായി ബോക്‌സിലേക്ക് ഓടിക്കയറി. ഗോളി മാത്രം മുന്നില്‍നില്‍ക്കെ ചോപ്രയുടെ ശക്തമായ ഷോട്ട്. എന്നാല്‍ ഗോളിയുടെ കൈയില്‍തട്ടി പന്ത് ഗോളില്‍നിന്നും തെന്നിമാറി. രണ്ടാം പകുതിയിലും കേരളത്തിന് നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും അതൊന്നും ലക്ഷ്യത്തിലെത്തിക്കാനായില്ല.