ഐ.പി.എല്‍: മുംബൈക്ക് ജയം ബാംഗ്‌ളൂരിന് രണ്ടാം തോല്‍വി

08:03am 21/04/2016
download
മുംബൈ: ചെറിയ മൈതാനം. സ്വന്തം കാണികള്‍. പേരാത്തതിന് ഇക്കഴിഞ്ഞ ലോക കപ്പിലെ സെമിഫൈനലിലെ അനുഭവം. എല്ലാം കൂട്ടിവെച്ചപ്പോള്‍ മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ ഒന്നുമാലോചിച്ചില്ല. ടോസ് കിട്ടിയപാടേ എതിരാളികളായ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്‌ളൂരിനെ ബാറ്റിങ്ങിനയച്ചു. പിന്നെ ബാറ്റെടുത്ത് തകര്‍ത്തുവാരിയങ്ങടിച്ചു. മുന്നില്‍നിന്ന് ജയിച്ച് കളിയും ജയിച്ചു.
രണ്ടാമത് ബാറ്റു ചെയ്യുന്നവരെ അകമഴിഞ്ഞ് സഹായിക്കുന്ന വാംഖഡെയില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്‌ളൂരിനെതിരെ മുംബൈ ഇന്ത്യന്‍സിന് ആറു വിക്കറ്റ് ജയം. തുടര്‍ച്ചയായ രണ്ട് തോല്‍വിക്കുശേഷം മുംബൈ വീണ്ടും വിജയവഴിയിലത്തെി.
ബാംഗ്‌ളൂരുകാര്‍ ഉയര്‍ത്തിയ 171 റണ്‍സ് ലക്ഷ്യത്തിലേക്ക് നായകന്‍ രോഹിത് ശര്‍മ തന്നെയാണ് മുന്നില്‍നിന്ന് പടനയിച്ചത്. മിന്നുന്ന ഫോമിലായിരുന്നു രോഹിത്. 44 പന്തില്‍ മൂന്ന് സിക്‌സറും നാല് ഫോറുമായി 62 റണ്‍സ്. അമ്പാട്ടി റായുഡു (31), ജോസ് ബട്ട്‌ലര്‍ (28), കീറോണ്‍ പൊള്ളാര്‍ഡ് (19 പന്തില്‍ 40 റണ്‍സ്) ആരും മോശമാക്കിയില്ല. ആകെ പിഴച്ചത് പാര്‍ഥിവ് പട്ടേലിന് മാത്രം. അവസാന ഓവറുകളില്‍ കീറോണ്‍ പൊള്ളാര്‍ഡിന്റെ കീറുന്ന പ്രകടനം രണ്ടോവര്‍ ബാക്കിനില്‍ക്കെ മുംബൈയെ വിജയത്തിലത്തെിച്ചു.
ലോകകപ്പ് സെമിയില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ വമ്പന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയിട്ടും രണ്ടാമത് ബാറ്റ് ചെയ്ത വിന്‍ഡീസ് അനായാസം ജയിച്ചത് വാംഖഡെയിലായിരുന്നു. ആ വിശ്വാസത്തില്‍ ബാംഗ്‌ളൂരിനെ ബാറ്റിങ്ങിനയച്ച രോഹിതിനും സംഘത്തിനുമെതിരെ കരുതലോടെയാണ് വിരാട് കോഹ്ലി പട നയിച്ചത്. നാട്ടിലേക്ക് മടങ്ങിയ ഗെയിലിന് പകരം ഇന്ത്യന്‍ ടെസ്റ്റ് താരം ലേകേഷ് രാഹുലാണ് കോഹ്ലിക്കൊപ്പം ഇന്നിങ്‌സ് തുറക്കാനത്തെിയത്. ടെസ്റ്റ് താരമെന്ന പേരുദോഷം മാറ്റാനാവണം രണ്ടും കല്‍പിച്ചായിരുന്നു ലോകേഷിന്റെ കടന്നാക്രമണം. 14 പന്തില്‍ രണ്ട് വീതം സിക്‌സറും ഫോറുമായി 23 റണ്‍സെടുത്ത് ലോകേഷ് മടങ്ങുമ്പോള്‍ സ്‌കോര്‍ ബോര്‍ഡില്‍ 32 റണ്‍സ്. മക്ലനാഗന്റെ പന്ത് ഹര്‍ഭജന്റെ കൈയിലത്തെിച്ച് ലോകേഷ് പവിലിയനിലത്തെി. എബി ഡിവില്ലിയേഴ്‌സിനെ കൂട്ടുകിട്ടിയതോടെ ഒരിക്കല്‍കൂടി മികച്ച ഫോമിലേക്ക് ഗിയര്‍ മാറ്റിയ കോഹ്ലി വമ്പന്‍ സ്‌കോര്‍ പടുത്തുയര്‍ത്തുമെന്ന് കരുതിയെങ്കിലും 30 പന്തില്‍ 33 റണ്‍െസടുത്ത് കീഴടങ്ങി. ഇടങ്കൈയന്‍ സ്പിന്നര്‍ ക്രുനാല്‍ പാണ്ഡ്യയെ ക്രീസില്‍നിന്നിറങ്ങി സിക്‌സറിന് പറത്താനുള്ള ശ്രമം പിഴച്ചപ്പോര്‍ ലോങ് ഓഫില്‍ ടിം സൗത്തി പിടികൂടുകയായിരുന്നു. അതേ ഓവറിലെ അവസാന പന്തില്‍ ക്രുനാലിന്റെ ആഘോഷമായിരുന്നു വാംഖഡെ കണ്ടത്. എബി ഡിവില്ലിയേഴ്‌സിനെ പ്രലോഭിപ്പിച്ച് ക്രീസില്‍ നിന്നിറക്കിയ ക്രുനാലിന്റെ പന്ത് ചതിച്ചപ്പോള്‍ വിക്കറ്റ് കീപ്പര്‍ പാര്‍ഥിവ് പട്ടേലിന്റെ അനായസ സ്റ്റമ്പിങ്. 21 പന്തില്‍ 29 റണ്‍സായിരുന്നു ഡിവില്ലിയേഴ്‌സിന്റെ സ്‌കോര്‍. നാലോവറില്‍ 31 റണ്‍സ് വഴങ്ങിയാണ് ബുംറ മൂന്നു വിക്കറ്റ് വീഴ്ത്തിയത്.