ഐ.പി.എല്‍ വിജയത്തുടക്കവുമായി റോയല്‍ ചലഞ്ചേഴ്‌സ്

12.31 AM 13-04-2016

ഐപിഎല്ലില്‍ ബാംഗളൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന് വിജയത്തുടക്കം. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ 45 റണ്‍സിനാണ് ബാംഗളൂര്‍ പരാജയപ്പെടുത്തിയത്. 228 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് 182ല്‍ പോരാട്ടം അവസാനിപ്പിക്കേണ്ടിവന്നു. 58 റണ്‍സ് നേടിയ ഡേവിഡ് വാര്‍ണറാണ് സണ്‍റൈസേഴ്‌സ് നിരയിലെ ടോപ് സ്‌കോറര്‍. ആശിഷ് റെഡ്ഡി (32), ഇയോയിന്‍ മോര്‍ഗന്‍ (22), കരണ്‍ ശര്‍മ (26) എന്നിവര്‍ വാലറ്റത്ത് പൊരുതിനോക്കിയെങ്കിലും ജയം അകന്നുനിന്നു. ബാംഗളൂരിനായി ഷെയ്ന്‍ വാട്‌സണ്‍, യുസ്‌വേന്ദ്ര ചാഹല്‍ എന്നിവര്‍ രണ്്ടു വിക്കറ്റ് വീതം നേടി.
നേരത്തെ, വിരാട് കോഹ്്‌ലി (75) യുടെയും എ.ബി. ഡിവില്ല്യേഴ്‌സി (82) ന്റെയും തകര്‍പ്പന്‍ പ്രകടനങ്ങളുടെ ബലത്തിലാണ് ബാംഗളൂര്‍ 227 റണ്‍സ് അടിച്ചുകൂട്ടിയത്. അവസാന ഓവറുകളില്‍ യുവതാരം സര്‍ഫ്രസ് ഖാന്‍ നടത്തിയ വെടിക്കെട്ടും ബംഗളുരു ഇന്നിംഗ്‌സിന് റോയല്‍ പരിവേഷം നല്‍കി. സര്‍ഫ്രസ് 10 പന്തില്‍നിന്ന് 35 റണ്‍സ് നേടി പുറത്താകാതെനിന്നു.
ടോസ് നേടിയ സണ്‍റൈസേഴ്‌സ് നായകന്‍ ഡേവിഡ് വാര്‍ണര്‍ ബാംഗളൂരിനെ ബാറ്റിംഗിനയയ്ക്കുകയായിരുന്നു. വെടിക്കെട്ട് വീരന്‍ ക്രിസ് ഗെയില്‍ (1) തുടക്കത്തില്‍ പുറത്തായെങ്കിലും കോഹ്്‌ലിയും ഡിവില്ല്യേഴ്‌സും ചേര്‍ന്ന് സണ്‍റൈസേഴ്‌സ് ബൗളിംഗിനെ തച്ചുടച്ചു. രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 156 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഡിവില്ല്യേഴ്‌സ് 42 പന്തില്‍നിന്ന് ആറു സിക്‌സറിന്റെയും ഏഴു ബൗണ്്ടറികളുടെയും അകമ്പടിയോടെ 82 റണ്‍സ് നേടിയപ്പോള്‍ 51 പന്തില്‍നിന്ന് മൂന്നു സിക്‌സും ഏഴു ബൗണ്്ടറികളും ഉള്‍പ്പെടെയായിരുന്നു കോഹ്്‌ലിയുടെ 75.
സ്‌കോര്‍: ബാംഗളൂര്‍ റോയല്‍ ചലഞ്ചേഴ്‌സ്-20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 227. സണ്‍റൈസേഴ്‌സ് ഹൈദരാബാദ്-20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 182.