07.24 PM 26-05-2016
ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന് വേണ്ടി കൊച്ചി ഷിപ്പ് യാര്‍ഡില്‍ രൂപകല്‍പന ചെയ്ത് നിര്‍മിച്ച ഐ സി ജി എസ് ആരുഷ് എന്ന ഫാസ്റ്റ് പട്രോള്‍ വെസല്‍ കോസ്റ്റ് ഗാര്‍ഡ് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ കമാന്‍ഡര്‍ എസ് പി എസ് ബസ്ര കമ്മീഷന്‍ ചെയ്തു. കോസ്റ്റ് ഗാര്‍ഡ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ കോസ്റ്റ് ഗാര്‍ഡ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ കമാന്‍ഡര്‍ കെ നടരാജനും മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരും സംബന്ധിച്ചു.
കോസ്റ്റ് ഗാര്‍ഡിന് വേണ്ടി ഷിപ്പ് യാര്‍ഡ് നിര്‍മിക്കുന്ന 20 ഫാസ്റ്റ് പട്രോള്‍ വെസലുകളില്‍ 17ാമത്തേതാണ് ആരുഷ്. 50 മീറ്റര്‍നീളവും 421 ടണ്‍ ഭാരവുമുള്ള ആരുഷിന് പരമാവധി 33 നോട്ട് വേഗതയില്‍ വരെ സഞ്ചരിക്കാന്‍ കഴിയും. 13 നോട്ടില്‍ 1500 നോട്ടിക്കല്‍ മൈല്‍ ആണ് മികച്ച മൈലേജ് സ്പീഡ്. അത്യാധുനിക ആയുധങ്ങളും നൂതനമായ ആശയവിനിമയ ഉപാധികളും നാവിഗേഷന്‍ ഉപകരണങ്ങളുമാണ് ആരുഷിന്റെ മറ്റൊരു മികവ്. ഇന്‍ഗ്രേറ്റഡ് ബ്രിഡ്ജ് മാനേജ്‌മെന്റ് സിസ്റ്റം(ഐബിഎംഎസ്), ഇന്റഗ്രേറ്റഡ് മെഷിനറി കണ്‍ട്രോള്‍ സിസ്റ്റം(ഐഎംസിഎസ്) എന്നിവ ആരുഷിന്റെ പ്രത്യേകതയാണ്.
സൂര്യന്റെ ആദ്യകിരണം എന്ന അര്‍ഥം വരുന്ന ആരുഷിനെ കോസ്റ്റ് ഗാര്‍ഡ് വടക്കുപടിഞ്ഞാറന്‍ മേഖലക്ക് കീഴിലുള്ള പോര്‍ബന്ദറിലെ അഡ്മിനിസ്‌ട്രേറ്റീവ് ആന്റ് ഓപ്പറേഷന്‍ കണ്‍ട്രോളിന് കീഴിലാകും വിന്യസിക്കുക. നാല് ഓഫീസര്‍മാരും 33 യുവനാവികരും അടങ്ങുന്ന ആരുഷ് ടീമിനെ കമാന്‍ഡന്റ് പ്രമോദ് പൊക്രിയാല്‍ നയിക്കും.
ഇന്ത്യയുടെ തീരമേഖല നേരിടുന്ന ബഹുമുഖമായ സുരക്ഷാ ഭീഷണികള്‍ നേരിടുന്നതിന് വിവിധ സുരക്ഷാ ഏജന്‍സികളുടെ കൂടുതല്‍ ഏകോപിതമായ പ്രവര്‍ത്തനം അത്യാന്താപേക്ഷിതമാണെന്ന് എസ് പി എസ് ബസ്‌റ പറഞ്ഞു. കോസ്റ്റ് ഗാര്‍ഡ് അതിവേഗം വികസിച്ചുകൊണ്ടിരിക്കുകയാണെന്നും ഇന്ത്യന്‍ തീരം നേരിടുന്ന വെല്ലുവിളികള്‍ നേരിടുന്നതിന് സര്‍വസജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ 150 കപ്പലുകളും വെസലുകളും 100 വിമാനങ്ങളും സ്വന്തമായുള്ള സേനാവിഭാഗമാകുമെന്നും തീരനിരീക്ഷണത്തിനായി 46 സ്‌റ്റേഷനുകള്‍ സജ്ജമാകുമെന്നും അദ്ദേഹം അറിയിച്ചു. കൊച്ചി ഷിപ്പ് യാര്‍ഡില്‍ നിര്‍മിക്കുന്ന ഫാസ്റ്റ് പട്രോള്‍ വെസലുകള്‍ കോസ്റ്റ് ഗാര്‍ഡിന്റെ അധ്വാനികളായ കുതിരകളാണെന്നും എസ് പി എസ് ബസ്‌റ പറഞ്ഞു.