ഒക്ടോബർ 11 മുതൽ ആർ.എസ്.എസിന് ബ്രൗൺ പാന്‍റ്സ്

04:00 PM 30/08/2016
images (2)
ന്യൂഡൽഹി: 90 വർഷമായി ആർ.എസ്.എസിന്‍റെ അടയാളമായിരുന്ന കാക്കി നിക്കർ യൂണിഫോം (ഗണവേഷം) ഒക്ടോബർ 11ന് ബ്രൗൺ പാന്‍റ്സിന് വഴിമാറും. യൂണിഫോം മാറ്റത്തിന് മുന്നോടിയായി ഒരെണ്ണത്തിന് 250 രൂപ നിരക്കിൽ ഏഴു ലക്ഷം പാന്‍റ്സുകൾ സ്വയംസേവകർക്ക് വിതരണം ചെയ്യും.

ആർ.എസ്.എസ് സ്ഥാപക ദിനമായ (വിജയദശമി) ഒക്ടോബർ 11ന് പുതിയ യൂണിഫോം പ്രാബല്യത്തിൽ വരും. നാഗ്പുരിൽ സംഘടനയുടെ ആസ്ഥാനത്ത് നടക്കുന്ന വിജയദശമി ആഘോഷത്തിൽ ബ്രൗൺ പാന്‍റ്സ് ധരിച്ചാകും സർസംഘ ചാലക് മോഹൻ ഭഗവത് സ്വയംസേവകരെ അഭിസംബോധന ചെയ്യുക. നിലവിൽ രണ്ട് ലക്ഷത്തോളം ബ്രൗൺ പാന്‍റുകൾ സംഘടനയുടെ വിവിധ കാര്യാലയങ്ങളിൽ എത്തിച്ചതായി വക്താവ് മൻമോഹൻ വൈദ്യ മാധ്യമങ്ങളെ അറിയിച്ചു. രാജസ്ഥാനിലെ ഭിൽവാരയിൽ നിന്നുമാണ് യൂണിഫോമിനുള്ള ബ്രൗൺ തുണി ശേഖരിച്ചത്.

മാർച്ചിൽ ചേർന്ന ഉന്നതാധികാര സമിതി (അഖില ഭാരതീയ പ്രതിനിധി സഭ) യോഗത്തിലാണ് യൂണിഫോം മാറ്റുന്നത് സംബന്ധിച്ച നിർണായക തീരുമാനമെടുത്തത്. കാക്കി നിക്കർ, വെള്ള ഷർട്ട്, കറുത്ത തൊപ്പി, ബ്രൗൺ സോക്സ്, മുളവടി എന്നിവയാണ് ആർ.എസ്.എസിന്‍റെ ഔദ്യോഗിക വേഷം. ഇതിൽ കാക്കി നിക്കറിന് പകരമായാണ് ബ്രൗൺ പാന്‍റ്സ് ഉപയോഗിക്കുക.