ഒടുവില്‍ ഉമ്മന്‍ ചാണ്ടിയും തിരുത്തി; മത്സരം യു.ഡി.എഫും എല്‍.ഡി.എഫും തമ്മില്‍

04:13pm 14/5/2016
kerala-cm
കോട്ടയം: തെരഞ്ഞെടുപ്പില്‍ ചില മണ്ഡലങ്ങളില്‍ മത്സരം യു.ഡി.എഫും ബി.ജെ.പിയുഗം തമ്മിലാണെന്ന പ്രസ്താവന ഒടുവില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും തിരുത്തി. മത്സരം യു.ഡി.എഫും എല്‍.ഡി.എഫും തമ്മിലാണെന്നും അതുവളരെ വ്യക്തമല്ലേയെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. ബി.ജെ.പി ഒരു കാരണവശാലും അക്കൗണ്ട് തുറക്കില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കോട്ടയം പ്രസ് ക്‌ളബില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആലപ്പുഴയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കുട്ടനാട്ടില്‍ നടത്തിയ ‘അരുവിക്കര മോഡല്‍’ പ്രസംഗം യു.ഡി.എഫിലെ ഏറെ പ്രതിസന്ധിയിലാക്കിയിരുന്നു. ഉമ്മന്‍ ചാണ്ടിയെ തിരുത്തി എ.കെ ആന്റണിയും കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരനും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും രംഗത്തെത്തിയിരുന്നു. ഉമ്മന്‍ ചാണ്ടിയുടെ പരാമര്‍ശം ബി.ജെ.പിയുമായി ചില മണ്ഡലങ്ങളിലുള്ള രഹസ്യനീക്കത്തിന്റെ ഭാഗമാണെന്ന് പ്രതിപക്ഷവും ആഞ്ഞടിഞ്ഞിരുന്നു.
അതിനിടെയാണ് പ്രചാരണത്തിന്റെ അവസാന മണിക്കൂറില്‍ മുന്‍ പ്രസ്താവന തിരുത്തി ഉമ്മന്‍ ചാണ്ടിയും രംഗത്തെത്തിയത്.
സോളാര്‍ തെളിവുകളെ വെല്ലുവിളിക്കാനും ഉമ്മന്‍ ചാണ്ടി മറന്നില്ല. ജനങ്ങളെ ബോധ്യപ്പെടുത്താന്‍ കഴിയുന്ന തെളിവുകളാണെങ്കില്‍ നേരത്തെ പുറത്ത് വിടാമായിരുന്നില്ലേ? സരിതയ്ക്കും അവര്‍ പുറത്തുവിടുന്ന തെളിവുകള്‍ക്കും വിശ്വാസ്യതയില്ല. ഇത്രയേറ പഴികേട്ട മുഖ്യമന്ത്രി തന്നെപ്പോലെ വേറെയാരുമില്ല. ഇനിയെല്ലാം ജനം തീരുമാനിക്കട്ടെ.
പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ സൊമാലിയ പരാമര്‍ശത്തിന് ജനം ബാലറ്റിലൂടെ മറുപടി നല്‍കും. പ്രധാനമന്ത്രരി പരാമര്‍ശം പിന്‍വലിക്കാത്തത് ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് അപമാനകരമാണ്. ബി.ജെ.പി ഒരുകാരണവശാലും സംസ്ഥാനത്ത് അക്കൗണ്ട് തുറക്കില്ല. ഇടതുപക്ഷവുമായി യോജിച്ച് പ്രവര്‍ത്തിച്ചപ്പോഴും അവര്‍ക്ക് വിജയിക്കാനായില്ല. കേരളത്തിന്റെ മനസ്സ് ബി.ജെ.പിയുടെ വിഭാഗീയ ചിന്താഗതിയോട് യോജിക്കില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ല. സര്‍ക്കാര്‍ ജനങ്ങള്‍ക്ക് സ്വീകാര്യമായി. കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ സീറ്റ് നേടി സര്‍ക്കാര്‍ അധികാരത്തില്‍ വരും. യു.ഡി.എഫ് തികഞ്ഞ ആത്മവിശ്വാസത്തിലാണ്. എന്നാല്‍ എത്ര സീറ്റുമെന്ന് കിട്ടുമെന്ന ചോദ്യത്തോട് പ്രവചനത്തിന് ഇല്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ജിഷയുടെ മരണം യു.ഡി.എഫ് രാഷ്ട്രീയ വിഷയമാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
സി.പി.എമ്മിന്റെ അക്രമ രാഷ്ട്രീയത്തിനെതിരായ വിധിയെഴുത്തുകൂടിയാണ് ഈ തെരഞ്ഞെടുപ്പ്. വടകരയില്‍ കെ.കെ രമയ്‌ക്കെതിരെ നടന്നത് അതിക്രൂരമായ കടന്നാക്രമണമാണ്. ഒരു സ്ഥാനാര്‍ത്ഥിക്ക് ലഭിക്കേണ്ട പരിഗണന കെ.കെ രമയ്ക്ക് ലഭിച്ചില്ല.