ഒബാമ ശിക്ഷ ഇളവ് നല്‍കിയ കുറ്റവാളികളുടെ എണ്ണം 1000 കവിഞ്ഞു

10:22 am 24/11/2016

– പി. പി. ചെറിയാന്‍
Newsimg1_49836628
വാഷിങ്ടന്‍ : മയക്കു മരുന്ന് കേസുകളില്‍ പിടിക്കപ്പെട്ട അക്രമകാരികളല്ലാത്ത 79 കുറ്റവാളികള്‍ക്ക് കൂടി നവംബര്‍ 22 ചൊവ്വാഴ്ച മോചനം പ്രഖ്യാപിച്ചതോടെ പ്രസിഡന്റ് ഒബാമ ശിക്ഷ ഇളവ് നല്‍കുന്നതില്‍ റെക്കോര്‍ഡിട്ടു.

ഒബാമ ഒറ്റയ്ക്ക് ശിക്ഷ ഇളവ് ചെയ്തവരുടെ എണ്ണം ഇതോടെ 1023 ആയി ഉയര്‍ന്നു. മുമ്പ് അധികാരത്തിലിരുന്ന 11 പ്രസിഡന്റുമാര്‍ ആകെ ശിക്ഷ ഇളവ് ചെയ്തതിലും അധികമാണിത്. മയക്കു മരുന്നിനെതിരെ ഗവണ്‍മെന്റ് യുദ്ധം പ്രഖ്യാപിച്ച സമയത്ത് തയ്യാറാക്കിയ നീതിന്യായ വ്യവസ്ഥയനുസരിച്ച് ദശാബ്ദത്തോളം ഇത്തരം കേസുകളില്‍ പിടിക്കപ്പെടുന്നവരെ ജയിലറകളില്‍ സൂക്ഷിക്കുന്നതു ശരിയല്ല എന്നാണ് ഒബാമ അഭിപ്രായപ്പെട്ടത്.

നികുതിദായകരുടെ പണം ഉപയോഗിച്ചു ജയിലുകളില്‍ നിറഞ്ഞു കവിയുന്ന കുറ്റവാളികളെ തീറ്റിപോറ്റുന്നതും ഭൂഷണമല്ല. എത്രയോ കുടുംബങ്ങളാണ് ഇതുമൂലം വേദനയനുഭവിക്കുന്നതെന്നും ഒബാമ കൂട്ടി ചേര്‍ത്തു. ക്രിമിനല്‍ ജസ്റ്റിസ് സിസ്റ്റം കാലാനുസൃതമായി പുതുക്കി എഴുതുന്നതിനാവശ്യമായ നടപടികള്‍ കോണ്‍ഗ്രസ് സ്വീകരിക്കണമെന്നും ഒബാമ നിര്‍ദ്ദേശിച്ചു.

കൂടുതല്‍ കുറ്റവാളികള്‍ക്കു ശിക്ഷ ഇളവ് ചെയ്യണമെന്നാവശ്യപ്പെട്ടു ക്രിമിനല്‍ ജസ്റ്റിസ് ഗ്രൂപ്പ് ഒബാമയുടെ മേല്‍ സമ്മര്‍ദം ചെലുത്തുന്നുണ്ട്. ജയിലുകളില്‍ നിന്നും പുറത്തുവിടുന്നവരെ സസൂക്ഷ്മം നിരീക്ഷിക്കുന്നതിനും വീണ്ടും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നില്ല എന്ന് ഉറപ്പുവരുത്തുന്നതിനു അധികൃതര്‍ നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യവും ശക്തമായി ഉയരുന്നുണ്ട്.