ഒമാനിലെ മലയാളി നഴ്‌സ് കുത്തേറ്റ് മരിച്ചു

11:57am 21/04/2016
chikku-robert-pp-size_0
സലാല: ഒമാനിലെ സലാലയില്‍ മലയാളി നഴ്‌സ് മോഷ്ടാക്കളുടെ കുത്തേറ്റ് മരിച്ചു. എറണാകുളം അങ്കമാലി കറുകുറ്റി സ്വദേശി അസീസി നഗറില്‍ തെക്കേതില്‍ ഐരുകാരന്‍ റോബര്‍ട്ടിന്റെ മകള്‍ ചിക്കു റോബര്‍ട്ടാണ് (27) മരിച്ചത്. ഇവര്‍ മൂന്ന് മാസം ഗര്‍ഭിണിയായിരുന്നു. ബുധനാഴ്ച്ച രാത്രി 10 മണിയോടെയാണ് സലാല ടൗണിലെ താമസസ്ഥലത്ത് ചിക്കുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബദര്‍ അല്‍ സമ ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്‌സായ ഇവര്‍ 10 മണിക്ക് ജോലിക്ക് എത്താത്തതിനെ തുടര്‍ന്ന് ഇതേ ആശുപത്രിയില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവ് ലിന്‍സണ്‍ അന്വേഷിച്ച് ചെല്ലുമ്പോഴാണ് രക്തത്തില്‍ കുളിച്ച് കിടക്കുന്ന ചിക്കുവിനെ കാണുന്നത്. ചെവി അറുത്ത് ആഭരണങ്ങള്‍ കവര്‍ന്ന നിലയിലായിരുന്നു. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും മാരക മുറിവുകളുണ്ട്. കവര്‍ച്ചാ ശ്രമത്തിനിടെ കുത്തേറ്റ് രക്തം വാര്‍ന്ന് മരിച്ചതാണെന്ന് കരുതുന്നു.

നാല് വര്‍ഷമായി ഇവര്‍ സലാലയില്‍ ജോലി ചെയ്ത് വരികയാണ്. ചങ്ങനാശ്ശേരി സ്വദേശിയാണ് ഭര്‍ത്താവ് ലിന്‍സന്‍. മൃതദേഹം സുല്‍ത്താന്‍ ഖാബൂസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മാതാവ്: സാബി, സഹോദരി: സയന.