12.54 AM 12-06-2016
ജോയിച്ചന്‍ പുതുക്കുളം
ചാപ്പല്‍ഹില്‍ (നോര്‍ത്ത് കാരോളിന): ചെന്നൈയിലെ ജലപ്രളയത്തെത്തുടര്‍ന്ന് വീടും വീട്ടുകാരെയും വരെ നഷ്ടപ്പെട്ട നഴ്‌സിങ് വിദ്യാര്‍ഥികളെ സഹായിക്കാനുള്ള നാഷനല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ നഴ്‌സസ് ഓഫ് അമേരിക്ക (നൈന) യുടെ യജ്ഞത്തിന്റെ ആദ്യഘട്ടത്തില്‍ സമാഹരിച്ചത് മൂന്നു ലക്ഷത്തിലേറെ രൂപ. ഏഴ് വിദ്യാര്‍ഥികള്‍ക്ക് എഴുന്നൂറ് ഡോളര്‍ വീതം (നാല്‍പതിനായിരത്തിലേറെ രൂപ) വിതരണവും ചെയ്തു.
വെള്ളപ്പൊക്കത്തിന്റെ ദുരിതത്തില്‍ ചെന്നൈ മഹാനഗരം മുങ്ങിത്താഴുന്നതിനിടെ, ദുരിതമനുഭവിക്കുന്നവരില്‍പ്പെട്ട തന്റെ വിദ്യാര്‍ഥികള്‍ക്കായി പ്രാര്‍ഥിക്കണമെന്ന മദ്രാസ് മെഡിക്കല്‍ മിഷന്‍ കോളജ് ഓഫ് നഴ്‌സിങ് പ്രിന്‍സിപ്പല്‍ ഡോക്ടര്‍ റോസലിന്‍ഡ് റേച്ചല്‍ (റോസി) അമേരിക്കയിലുള്ള തന്റെ സുഹൃത്തുക്കളോട് നടത്തിയ അഭ്യര്‍ഥനയാണ് സഹായപ്രവാഹത്തിനു വഴിയൊരുക്കിയത്. ധനസമാഹരണത്തിന് മുന്‍കയ്യെടുത്തത് വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജില്‍ റോസിയുടെ സുഹൃത്തുക്കളായിരുന്നവരാണ്. ചാപ്റ്റര്‍ പ്രസിഡന്റ് ലതാ ജോസഫ് വഴി നൈന എക്‌സിക്യുട്ടീവ് ബോര്‍ഡ് പ്രസിഡന്റ് സാറാ ഗബ്രിയേലും ട്രഷറര്‍ മറിയാമ്മ കോശിയുമായും ആശയം പങ്കുവച്ചതോടെ ധനസമാഹരണ ദൌത്യത്തിന്റെ നേതൃത്വം സംഘടന ഏറ്റെടുക്കുകയായിരുന്നെന്ന് ഉഷാ കോശി ചെറിയാന്‍ അറിയിച്ചു.
നവംബറില്‍ ധനസമാഹരണം തുടങ്ങുമ്പോള്‍ ആറ് ലക്ഷം രൂപയാണ് ലക്ഷ്യമിട്ടത്. ഐഎഎന്‍എയുടെ നോര്‍ത്ത കാരൊളിന, ഡാലസ്, ഹൂസ്റ്റണ്‍ ചാപ്റ്ററുകളും ഇരുപത്തിനാല് അംഗങ്ങളും ഒത്തുചേര്‍ന്നപ്പോള്‍ കൈവന്നത് 5093 ഡോളര്‍ (മൂന്നര ലക്ഷത്തോളം രൂപ). ഈ തുകയാണ് പി. അലമേലു, ബി. റേച്ചല്‍ രഞ്ജിത, നാടാര്‍ മൊണാലിസ് ജയരാജ്, എന്‍. സന്ഥ്യ, ഡി. ഷീല സെലിന, എ യാസ്മിന്‍, എസ്. ശരണ്യ എന്നീ വിദ്യാര്‍ഥികള്‍ക്കായി ഏപ്രിലില്‍ കൈമാറിയത്.
അര്‍ഹരായ വിദ്യാര്‍ഥികള്‍ക്കായി ഇത്തരം വിദ്യാഭ്യാസ സഹായ പദ്ധതികള്‍ തുടര്‍ന്നും ലഭ്യമാക്കാനുള്ള ഒരുക്കത്തിലാണ് നാഷനല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ നഴ്‌സസ് ഓഫ് അമേരിക്ക എന്നും പ്രസിഡന്റ് സാറാ ഗബ്രിയേല്‍ അറിയിച്ചു.