07:05 PM 01/06/2016
ന്യൂഡൽഹി: ഒളിമ്പിക്സ് പ്രതീക്ഷകൾ അസ്തമിച്ചെന്ന് കരുതിയ എം.സി. മേരികോമിന് പ്രതീക്ഷയേകി രാജ്യം. രാജ്യത്തിൻെറ അഭിമാനമായ വനിതാ ബോക്സർക്ക് വൈൽഡ് കാർഡ് പ്രവേശനം തരപ്പെടുത്താനുള്ള ഒരുക്കത്തിലാണ് ഇന്ത്യ.
കഴിഞ്ഞ മാസം ചൈനയിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിൽ 51 കിലോ വിഭാഗത്തില്‍ സെമിയില്‍ തോറ്റതോടെയാണ് മേരികോമിന്‍െറ പ്രതീക്ഷകൾ അസ്തമിച്ചത്. ലണ്ടന്‍ ഒളിമ്പിക്സ് വെങ്കല മെഡല്‍ ജേത്രിയായ മേരികോമിൻെറ തോല്‍വി ഇന്ത്യന്‍ കായികലോകത്ത് ഞെട്ടലുളവാക്കിയിരുന്നു.
ചൈനയുടെ റെന്‍ കാന്‍കാനാണ് അഞ്ചുവട്ടം ലോകജേത്രിയായ മേരിയെ മലര്‍ത്തിയടിച്ചത്. ഒളിമ്പിക് പ്രവേശനത്തിനുള്ള അവസാന മത്സരമായിരുന്നു ഇത്.
കായിക രംഗത്ത് നൽകിയ സംഭാവനകളെ മാനിച്ച് മേരിക്കായി ഇന്ത്യ വൈൽഡ് കാർഡിന് അഭ്യർഥിക്കാൻ തീരുമാനിച്ചതായി ഇന്ത്യൻ ബോക്സിങ് അഡ്ഹോക് കമ്മിറ്റി ചെയർമാൻ കിഷൻ നസ്രി വ്യക്തമാക്കി. അപേക്ഷ പരിശോധിച്ച് അന്താരാഷ്ട്ര ബോക്സിംഗ് അസോസിയേഷൻ (AIBA) ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കും.
‘കാത്തിരുന്നു കാണാം’ എന്നായിരുന്നു പുതിയ വാർത്തയോട് മേരി കോമിൻെറ മറുപടി. എല്ലാ ദേശീയ ഒളിമ്പിക് കമ്മിറ്റികൾക്കും ഒളിമ്പിക്സ് പ്രവേശനത്തിന് നൽകുന്ന പ്രത്യേക അനുമതി പത്രമാണ് വൈൽഡ് കാർഡ്. എല്ലാ ഒളിമ്പിക് യോഗ്യതാ മത്സരങ്ങളും പൂർത്തീകരിച്ചതിന് ശേഷമാണ് വൈൽഡ് കാർഡിന് പരിഗണിക്കപ്പെടുക. 56 കിലോ ഗ്രാം വിഭാഗത്തില്‍ ശിവ ഥാപ്പക്ക് മാത്രമാണ് ഇന്ത്യക്കായി ബോക്സിങ്ങില്‍ ഒളിമ്പിക്സ് യോഗ്യത നേടാനായത്.