ഒളിമ്പിക്‌സിലെ വെള്ളി മെഡല്‍ സ്വീകരിക്കില്ലെന്ന് യോഗേശ്വര്‍ ദത്ത്

06.24 AM 01-09-2016
Yogeshwar-300816
ഒളിമ്പിക്‌സിലെ വെള്ളി മെഡല്‍ സ്വീകരിക്കില്ലെന്ന് ഗുസ്തിതാരം യോഗേശ്വര്‍ ദത്ത്. ഉത്തേജക മരുന്നു പരിശോധനയില്‍ പരാജയപ്പെട്ടതോടെ അയോഗ്യനാക്കപ്പെട്ട റഷ്യയുടെ ബെസിക് കുഡുഖോവിന് തന്നെ 2012ലെ ലണ്ടന്‍ ഒളിമ്പിക്‌സ് വെള്ളി മെഡല്‍ യോഗേശ്വര്‍ സമര്‍പ്പിച്ചു. കാറപകടത്തില്‍ കൊല്ലപ്പെട്ട കുഡുഖോവിനോടുള്ള ആദരമായാണ് യോഗേശ്വര്‍ മെഡല്‍ നിരസിച്ചത്.
ലണ്ടന്‍ ഒളിമ്പിക്‌സില്‍ പുരുഷന്മാരുടെ 60 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ വെള്ളി നേടിയ റഷ്യയുടെ ബെസിക് കുഡുഖോവ് ലോക ഉത്തേജക വിരുദ്ധ ഏജന്‍സി നടത്തിയ ഉത്തേജക മരുന്നു പരിശോധനയില്‍ രാജയപ്പെട്ടതോടെയാണ് യോഗേശ്വറിന്റെ വെങ്കലമെഡല്‍ വെള്ളിയായത്. നാലു തവണ ലോകചാമ്പ്യനായ കുഡുഖോവ് 2013ല്‍ ഒരു കാറപകടത്തില്‍ കൊല്ലപ്പെട്ടിരുന്നു.
സാധ്യമെങ്കില്‍ ഒളിമ്പിക്‌സ് മെഡല്‍ കൈവശംവയ്ക്കാന്‍ കുഡുഖോവിന്റെ കുടുംബത്തെ അനുവദിക്കണമെന്ന് യോഗേശ്വര്‍ പറഞ്ഞു. കുഡുഖോവ് മഹാനായ ഗുസ്തി താരമായിരുന്നു. മരണപ്പെട്ട ശേഷം അദ്ദേഹം അയോഗ്യനാക്കപ്പെട്ട സംഭവം നിരാശയുണ്ടാക്കുന്നതാണ്. ഒരു ഗുസ്തി താരമെന്ന നിലയില്‍ ഞാന്‍ അദ്ദേഹത്തെ ആദരിക്കുന്നു. സാധ്യമെങ്കില്‍ ഒളിമ്പിക്‌സ് മെഡല്‍ കൈവശംവയ്ക്കാന്‍ അദ്ദേഹത്തിന്റെ കുടുംബത്തെ അനുവദിക്കണം. എല്ലാത്തിനുമുപരി തനിക്ക് മനുഷത്വമാണ് വലുതെന്നും യോഗേശ്വര്‍ പറഞ്ഞു.