കവിത, ഗാനരചനാ ലോകത്തിന് തീരാനഷ്ട്ടം
തിരുവനന്തപുരം: പ്രശസ്ത കവിയും ജ്ഞാനനപീഠ ജേതാവുമായ ഒ.എന്‍.വി കുറുപ്പ് (84) അന്തരിച്ചു. തിരുവനന്തപുരത്തെ കിംസ് ആശുപത്രിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന വൈകുന്നേരം 04.35ന് ആണ് അദ്ദേഹം ലോകത്തൊടു വിടപറഞ്ഞത്. ഒറ്റപ്ലാക്കല്‍ നീലകണ്ഠന്‍ വേലു കുറുപ്പ് എന്നാണ് പൂര്‍ണ്ണനാമം. കൊല്ലം ജില്ലയിലെ ഒറ്റപ്ലാക്കല്‍ കുടുംബത്തില്‍ ഒ.എന്‍ കൃഷ്ണക്കുറുപ്പിന്റെയും കെ. ലക്ഷ്മിക്കുട്ടി അമ്മയുടെയും മുന്നാമത്തെ പുത്രനായി 1931 മെയ് 27ന് ആണ് ഒ.എന്‍.വി ജനിച്ചത്.
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്നും 1948ല്‍ ഇന്റര്‍മീഡിയറ്റ് പാസ്സായ ഒ.എന്‍.വി കൊല്ലം എസ്.എന്‍.കോളേജില്‍ നിന്ന് ബിരുദപഠനം പൂര്‍ത്തിയാക്കി. 1952ല്‍ സാമ്പത്തികശാസ്ത്രത്തില്‍ ബിരുദമെടുത്തു . തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്നും 1955ല്‍ മലയാളത്തില്‍ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. തുടര്‍ന്ന്1957ല്‍ എറണാകുളം മഹാരാജാസ് കോളജില്‍ അധ്യാപകനായാണ് അദ്ദേഹം ഔദ്യോഗിക ജീവിതം ആരംഭിച്ചത്.
1958 മുതല്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലും കോഴിക്കോട് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലും തലശ്ശേരി ഗവ: ബ്രണ്ണന്‍ കോളേജിലും തിരുവനന്തപുരം ഗവ: വിമന്‍സ് കോളേജിലും മലയാളവിഭാഗം തലവനായി സേവനം അനുഷ്ഠിച്ചു. 1986ല്‍ ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിച്ചെങ്കിലും പിന്നീട് ഒരു വര്‍ഷക്കാലം കോഴിക്കോട് സര്‍വ്വകലാശാലയില്‍ വിസിറ്റിങ് പ്രൊഫസര്‍ ആയി പ്രവര്‍ത്തിച്ചു.
കേരള കലാമണ്ഡലത്തിന്റെ ചെയര്‍മാന്‍, കേന്ദ്ര സാഹിത്യ അക്കാദമി അംഗം , കേരള സാഹിത്യ അക്കാദമി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്ത്യന്‍ പ്രോഗ്രസ്സീവ് റൈറ്റേഴ്‌സ് ദേശീയ അധ്യക്ഷനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1982 മുതല്‍ 1987 വരെ കേന്ദ്ര സാഹിത്യ അക്കാദമി അംഗമായിരുന്നു. 1998ല്‍ പത്മശ്രീയും 2011ല്‍ പത്മവിഭൂഷനും ലഭിച്ചു.
ആറ് പതിറ്റാണ്ട് നീണ്ട സാഹിത്യ ജീവിതത്തില്‍ അദ്ദേഹം മുപ്പതിലധികം കാവ്യ സമാഹാരങ്ങള്‍ രചിച്ചിട്ടുണ്ട്. 1949ല്‍ പുറത്തിറങ്ങിയ ‘പൊരുതുന്ന സൗന്ദര്യ’മാണ് ആദ്യ സമാഹാരം. കവിതയിലെ പ്രതിസന്ധികള്‍, കവിതയിലെ സമാന്തര രേഖകള്‍, എഴുത്തച്ഛന്‍ തുടങ്ങിയ പഠനകൃതികളും അദ്ദേഹം രചിച്ചു. നാടകത്തിലും സിനിമയിലുമായി നൂറുകണക്കിന് ഗാനങ്ങള്‍ ഒ.എന്‍.വിയുടെ തൂലികയിലൂടെ പിറന്നു.
1971ലും 75ലും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. 2007ല്‍ സാഹിത്യത്തിനുള്ള പരമോന്നത പുരസ്‌കാരമായ ജ്ഞാനപീഠം ലഭിച്ചു. 1989ല്‍ മികച്ച ഗാനരചയിതാവിനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചു. 2008ല്‍ ഗുല്‍മോഹര്‍ എന്ന ചിത്രത്തിന് ലഭിച്ച പുരസ്‌കാരം അടക്കം പതിമൂന്ന് തവണ മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. സേവിയറ്റ് ലാന്‍ഡ് നെഹ്‌റു പുരസ്‌കാരം, വയലാര്‍ രാമവര്‍മ അവാര്‍ഡ്, എഴുത്തച്ഛന്‍ പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.