08:50 PM 26/08/2016
തിരുവനന്തപുരം : ഓണപ്പരീക്ഷ പടിവാതിക്കലെത്തിയിട്ടും വിദ്യാർഥികള്‍ക്ക് പാഠപുസ്തകങ്ങള്‍ വിതരണം ചെയ്യാനാകാത്തത് വിദ്യാഭ്യാസവകുപ്പിന്റെ പിടിപ്പ് കേടുകൊണ്ടാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. അച്ചടി കഴിഞ്ഞ ലക്ഷക്കണക്കിന് പുസ്തകങ്ങളാണ് പ്രസ്സുകളില്‍ കെട്ടിക്കിടക്കുന്നത്. ഒരു ലക്ഷത്തി എണ്‍പത്തിയെണ്ണായിരത്തോളം പുസ്തകങ്ങള്‍ അച്ചടിച്ചെങ്കിലും വിദ്യാഭ്യാസ വകുപ്പിന്റെ പിടിപ്പ് കേടുകൊണ്ട് വിതരണം ചെയ്യാന്‍ കഴിയാതെ പോയി. കൃത്യസമയത്ത് പാഠപുസ്തകങ്ങള്‍ വിതരണം ചെയ്യുമെന്ന് സര്‍ക്കാര്‍ വീമ്പിളക്കിയെങ്കിലും ഒന്നും നടന്നില്ല.
ഇത് കൂടാതെയാണ് അറുപത്തിനാലായിരത്തോളം പുസ്തങ്ങള്‍ ഇനി അച്ചടിക്കാനുള്ളത്. ഇവ അച്ചടിക്കുന്നതിന് 11 ാം തീയതിയാണ് സര്‍ക്കാര്‍ ഉത്തരവ് നല്‍കിയത്. എന്നിട്ടും പുസ്തകങ്ങളുടെ അച്ചടി ഇനിയും തുടങ്ങിയിട്ടില്ല. നാല് ദിവസം കൊണ്ട് അച്ചടി പൂര്‍ത്തിയാക്കുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്, എന്നാല്‍ നാല് ദിവസം കഴിഞ്ഞാല്‍ ഓണപ്പരീക്ഷ തുടങ്ങുകയാണ്. അപ്പോള്‍ പുസ്തകം ലഭിച്ചാലും വിദ്യാർഥികള്‍ക്ക് പ്രയോജനമില്ലാത്ത അവസ്ഥയാണ് ഉണ്ടാകുകയെന്നും അദ്ദേഹം പറഞ്ഞു.
ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ നാല് ലക്ഷത്തോളം പുസ്തകങ്ങളാണ് കിട്ടാനുള്ളത്. സര്‍ക്കാര്‍ എയ്ഡഡ് മേഖലകളില്‍ പാഠപുസ്തകങ്ങള്‍ കിട്ടാതിരിക്കുമ്പോള്‍ അംഗീകാരമില്ലാത്ത സ്കൂളുകളില്‍ വന്‍തോതില്‍ അവ എത്തിച്ചതായും പരാതിയുണ്ട്.