ഓണ്‍ലൈനിലൂടെ ആഭരണം വില്‍ക്കാന്‍ ശ്രമിച്ച യുവതി കൊല്ലപ്പെട്ടു

03:58 pm 22/12/2106

– പി.പി. ചെറിയാന്‍

unnamed

ആര്‍ലിങ്ടണ്‍ (ടെക്‌സസ്): ആറു വയസ്സുള്ള മകള്‍ക്ക് ക്രിസ്മസ് സമ്മാനം വാങ്ങി നല്‍കുന്നതിന് സ്വന്തം ആഭരണം ഓണ്‍ലൈനിലൂടെ വില്‍ക്കാന്‍ ശ്രമിച്ച മാതാവ് ഏപ്രില്‍ വന്‍ക്ലീവ് കൊല്ലപ്പെട്ടു. കഴിഞ്ഞ വ്യാഴാഴ്ച നടന്ന സംഭവം ഡിസംബര്‍ 20 നാണു പൊലീസ് ഔദ്യോഗികമായി പുറത്തുവിട്ടത്.

ഓണ്‍ലൈനിലൂടെ കച്ചവടം ഉറപ്പിച്ച ശേഷം അടുത്ത വാള്‍മാര്‍ട്ടിലെ സ്റ്റാര്‍ബക്കില്‍ കണ്ടുമുട്ടാം എന്ന കരാറിലാണ് ഭര്‍ത്താവിനേയും കൂട്ടി ഏപ്രില്‍ വാള്‍മാര്‍ട്ടില്‍ എത്തിയത്. ആഭരണം വാങ്ങാന്‍ സമ്മതിച്ച വ്യക്തിയെ കടയില്‍ തിരക്കിയെങ്കിലും കാണാന്‍ കഴിഞ്ഞില്ല. അല്‍പസമയത്തിനുശേഷം

ഏപ്രിലും ഭര്‍ത്താവും താമസിക്കുന്ന അപ്പാര്‍ട്ട്‌മെന്റിലേക്ക് മടങ്ങി. ഭാര്യയെ കാറില്‍ നിന്നും ഇറക്കി ഭര്‍ത്താവ് കാറുമായി ജോലി സ്ഥലത്തേക്ക് തിരിച്ചു. ഇതിനിടയില്‍ പാര്‍ക്കിങ്ങ് ലോട്ടില്‍ വച്ച് ഏപ്രില്‍ ആരോ ഒരാളുമായി തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും തുടര്‍ന്നു വെടിയേറ്റ്

വീഴുകയുമായിരുന്നു. വെടിയേറ്റ ഏപ്രിലിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അധികം താമസിയാതെ മരിച്ചു.

വാള്‍മാര്‍ട്ടില്‍ നിന്നും ഇവരെ പിന്തുടര്‍ന്ന പ്രതി അപ്പാര്‍ട്ട്‌മെന്റ് പാര്‍ക്കിങ്ങ് ലോട്ടില്‍ ഏപ്രിലില്‍ നിന്നും ആഭരണം തട്ടിയെടുക്കുന്നതിനുള്ള ശ്രമത്തിലാകാം വെടിയേറ്റതെന്നാണ് പൊലീസ് കരുതുന്നത്. ഈ സംഭവത്തില്‍ ഉള്‍പ്പെട്ടെന്ന് കരുതപ്പെടുന്ന രണ്ട് പേര്‍ക്കുള്ള

അന്വേഷണം പൊലീസ് ഊര്‍ജ്ജിതപ്പെടുത്തി.

ഓണ്‍ലൈനിലൂടെ കച്ചവടം നടത്തി തട്ടിപ്പിനിരയാകുകയും കൊലപാതകത്തില്‍ അവസാനിക്കുകയും ചെയ്ത സംഭവങ്ങള്‍ വര്‍ധിച്ചു വരികയാണെന്ന് ചൂണ്ടികാണിക്കപ്പെടുന്നു. മുന്‍ പരിചയമില്ലാത്തവരുമായി ഇത്തരം വ്യാപാരം നടത്തുന്നവര്‍ വളരെ ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.