ഓപ്പറേഷനു ശേഷം പഞ്ഞിത്തുണി വയറ്റില്‍ മറുന്നുവെച്ചു; രോഗി മരിച്ചു

12:12 pm 18/11/2016
Newsimg1_59326805
പത്തനംതിട്ട: ശസ്ത്രക്രിയയ്ക്കിടെ രക്തം തുടയ്ക്കുന്ന പഞ്ഞിത്തുണി (മോപ്പ്) വയറിനുള്ളില്‍ മറന്നു വച്ചു തുന്നിക്കെട്ടിയതിനെ തുടര്‍ന്ന് അണുബാധയേറ്റ സ്ത്രീ മരിച്ചു . പത്തനംതിട്ട അഴൂര്‍ ഇളങ്ങള്ളൂര്‍ മോഹനന്റെ ഭാര്യ അമ്പിളി (47) ആണു മരിച്ചത്.

ഗര്‍ഭപാത്രം നീക്കം ചെയ്യുന്നതിനായി ഒരുമാസം മുന്‍പ് അമ്പിളി അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കു വിധേയയായിരുന്നു. എന്നാല്‍, വയറു വേദനയോടെ കഴിഞ്ഞ 13ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വയറിനുള്ളില്‍ കടുത്ത അണുബാധയേറ്റതായി സര്‍ജറി വിഭാഗം ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തി.

ഉടന്‍ തന്നെ ശസ്ത്രക്രിയ നടത്തി 15 സെന്റിമീറ്റര്‍ നീളവും 10 സെന്റിമീറ്റര്‍ വീതിയും രണ്ടിഞ്ച് കനവുമുള്ള പഞ്ഞിത്തുണി പുറത്തെടുത്തു. അടൂരിലെ ആശുപത്രിയില്‍ ശസ്ത്രക്രിയ െചയ്തവര്‍ മറന്നുവച്ച പഞ്ഞിക്കെട്ട് വയറിനുള്ളില്‍ ഇരുന്നതാണ് അണുബാധയ്ക്കു കാരണമായത്.

ഇതു പുറത്തെടുത്തെങ്കിലും പഞ്ഞിത്തുണി ഉള്ളില്‍ കുടുങ്ങിയതു മൂലം ആന്തരിക അവയവങ്ങളും കുടലും ഒട്ടിപ്പിടിച്ച നിലയിലായിരുന്നു. കോട്ടയത്ത് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ സര്‍ജറി വിഭാഗം അസോഷ്യേറ്റ് പ്രഫസര്‍ ഡോ. ബിന്നി ജോണ്‍ കേസ് ഷീറ്റില്‍ വിവരങ്ങള്‍ രേഖപ്പെടുത്തി ആശുപത്രി സൂപ്രണ്ടിന് റിപ്പോര്‍ട്ട് കൈമാറി.

എന്നാല്‍, ശസ്ത്രക്രിയയ്ക്കു ശേഷം അമ്പിളി വയറുവേദനയുമായി തിരികെ എത്തിയപ്പോള്‍ സ്കാന്‍ ചെയ്തതാണെന്നും അതില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്തിയിരുന്നില്ലെന്നും അടൂര്‍ ജനറല്‍ ആശുപത്രി സൂപ്രണ്ട് അറിയിച്ചു. ബുധനാഴ്ച രാത്രിയാണ് അമ്പിളി മരിച്ചത്. മക്കള്‍: ശരത്, അനു.