ഓപ്പറേഷന്‍ കുബേര നിലച്ചു; കൊള്ളപലിശസംഘങ്ങള്‍ വീണ്ടും സജീവമാകുന്നു

05:17 pm 21/9 /2016
images (1)
കൊച്ചി: കൊള്ള പലിശ സംഘങ്ങളെ കുടുക്കുന്നതിനായി ആരംഭിച്ച ഒപ്പറേഷന്‍ കുബേരയുടെ പ്രവര്‍ത്തനം നിലച്ചതോടെ പലിശസംഘങ്ങള്‍ വീണ്ടും സജീവമായി. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയാണ് ഓപ്പറേഷന്‍ കുബേര ആരംഭിച്ചത്. അമിത പലിശക്ക് പണം നകുന്നവരെയും അനധികൃത പണമിടപാടുകാരെയും പിടികൂടുന്നതിനായിട്ടായിരുന്നു ഇത്. കുബേര ആരംഭിച്ച സമയത്ത് പണമിടപാട് സ്ഥാപനങ്ങളില്‍ നിരവധി റെയ്ഡുകള്‍ നടത്തി അനധികൃതമായ പലിശഈടാക്കയിവര്‍ക്കെതിരെ കേസെടുത്തിരുന്നു. എന്നാല്‍ പിന്നീടിത് പേരില്‍ മാത്രമായി ഒതുങ്ങിയെങ്കിലും അധനികൃത പണമിടപാടകള്‍ക്കെതിരെ പരാതി നല്‍കാന്‍ ഇത് ജനങ്ങളെ സഹായിച്ചു. ഇതുമൂലം ഗ്രാമിണമേഖലകളില്‍ വേരുറപ്പിച്ചിരുന്ന അന്യസംസ്ഥന കൊള്ള പലിശസംഘങ്ങള്‍ പിന്‍വലിഞ്ഞിരുന്നു. എന്നാല്‍ പുതിയ സര്‍ക്കാര്‍ വന്നതോടെ കുബേര പിന്‍വലിച്ച് പകരം പുതിയ പേരില്‍ പരിശോധന സംവിധാനം കൊണ്ടുവരാന്‍ ആലോചിച്ചെങ്കിലും ഇത് നടപ്പിലായില്ല. ഇതോടെയാണ് ബ്ലേഡ് മാഫിയ വീണ്ടും ഗ്രാമീണ മേഖലകളില്‍ തലപൊക്കിത്തുടങ്ങിയത്. സാധാരണക്കാരാണ് പ്രധാനമായും ഇവരുടെ കെണിയില്‍ വീഴുന്നത്. വന്‍ പലിശ ഈടാക്കിയാണ് ഇവര്‍ പണം നല്‍കുന്നത്. തിരിച്ചടവ് ഒരു തവണ മുടങ്ങിയാല്‍ പലിശ ഇരട്ടിയിലധികമാകും. കുബേര നിലനിന്നിരുന്ന സമയത്ത് പൊലിസ് ഇടപെടലിനെ തുടര്‍ന്ന് ഇടക്ക് വച്ച് മുടങ്ങിയ പലിശ പിരിക്കലും ഇവര്‍ ആരംഭിച്ചു. മുടങ്ങിയ സമയത്തെ പലിശയും ചേര്‍ത്താണ് ഇവര്‍ സാധാരണക്കാരുടെ കയ്യില്‍ നിന്ന് പണം ഈടാക്കുന്നത്. പെട്ടന്നുള്ള ആവശ്യങ്ങള്‍ വരുമ്പോഴാണ് സാധാരണക്കാരായ ആളുകള്‍ അവരുടെ കൈകളില്‍ നിന്ന് പണം വാങ്ങുന്നത്. ബാങ്ക് ലോണുകള്‍ ലഭിക്കുന്നതിനുള്ള ബുദ്ധിമുട്ടുകളും ബാങ്കുകളുടെ നിസഹകരണവും സാധാരണക്കാരെ കൊള്ളപ്പലിശക്കാരുടെ മുന്നിലെത്തിക്കുന്നു.
ഓപ്പറേഷന്‍ കുബേര നിര്‍ജീവമായതിനാലാണ് ഇത് പിന്‍വലിച്ച് രൂപത്തില്‍ തിരികെ കൊണ്ടുവരാന്‍ ശ്രമിക്കുന്നതെന്ന് ഇടത് സര്‍ക്കാര്‍ പറഞ്ഞിരുന്നു. ഓപ്പറേഷനുകള്‍ ആരംഭിക്കുമ്പോള്‍ മാഫിയാ സംഘങ്ങള്‍ പത്തിതാഴ്ത്തുകയും അതിന്റെ ശക്തി കുറയുമ്പോള്‍ വീണ്ടും തലപൊക്കുകയും ചെയ്യുന്നതിനാല്‍ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള ഓപ്പറേഷനാണ് പരിഗണണയിലുള്ളതെന്നാണ് സര്‍ക്കാര്‍ അധികാരത്തിലേറിയപ്പോള്‍ പ്രസ്ഥാവിച്ചിരുന്നത്. എന്നാല്‍ ഇത് പ്രസ്ഥാവനയില്‍ മാത്രമായി ഒതുങ്ങിയതോടെയാണ് അന്യ സംസ്ഥാന ബ്ലേഡ് മാഫിയാ സംഘങ്ങള്‍ വീണ്ടും ഗ്രാമിണമേഖലകളില്‍ വീണ്ടും സജീവമായത്.