ഓവര്‍സീസ് കോണ്‍ഗ്രസ് നേതാക്കള്‍ എ.കെ. ആന്റണിയുമായി കൂടിക്കാഴ്ച നടത്തി

10:58am 9/5/2016

– സതീശന്‍ നായര്‍
Newsimg1_74939469
ഷിക്കാഗോ: ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് യു.എസ്.എ ചെയര്‍മാന്‍ ജോര്‍ജ് ഏബ്രഹാം, ഓവര്‍സീസ് കോണ്‍ഗ്രസ് യു.എസ്.എ കേരള ഘടകം വൈസ് പ്രസിഡന്റ് സതീശന്‍ നായര്‍ എന്നിവര്‍ മുന്‍ പ്രതിരോധ മന്ത്രിയും, കോണ്‍ഗ്രസ് വര്‍ക്കിംഗ് മെമ്പറുമായ എ.കെ. ആന്റണിയുമായി ഡല്‍ഹിയിലുള്ള അദ്ദേഹത്തിന്റെ വസതിയില്‍ വച്ചു കൂടിക്കാഴ്ച നടത്തി.

കേരളത്തിലെ ഇപ്പോഴത്തെ രാഷ്ട്രീയ ചുറ്റുപാടുകളെക്കുറിച്ചും, പ്രവാസി മലയാളികള്‍ക്കുവേണ്ട അര്‍ഹതയും പരിഗണനയും നല്‍കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും, ആസന്നമായിരിക്കുന്ന തെരഞ്ഞെടുപ്പിനെക്കുറിച്ചും നേതാക്കള്‍ വിശദമായി ചര്‍ച്ച നടത്തി. വരുന്ന തെരഞ്ഞെടുപ്പിലും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നയിക്കുന്ന ഐക്യജനാധിപത്യമുന്നണി വീണ്ടും അധികാരത്തില്‍ വരേണ്ടത് അനിവാര്യമാണെന്നും ഏവരും ഒരേ സ്വരത്തില്‍ അഭിപ്രായപ്പെട്ടു. ഐക്യജനാധിപത്യമുന്നണിയുടെ വിജയത്തിനായി പ്രവാസി സമൂഹത്തിന്റെ എല്ലാവിധ പിന്തുണയും നേതാക്കള്‍ വാഗ്ദാനം ചെയ്തു.

കൂടാതെ ശശി തരൂര്‍ എം.പി, ഓസ്കാര്‍ ഫെര്‍ണാണ്ടസ് എം.പി, സോണിയാഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറി വിന്‍സെന്റ് ജോര്‍ജ് എന്നിവരുമായും നേതാക്കള്‍ കൂടിക്കാഴ്ച നടത്തി. തദവസരത്തില്‍ കിന്‍ഫ്ര ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍ പോള്‍ പറമ്പിയും സന്നിഹിതനായിരുന്നു