കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥികള്‍ ഇന്ത്യയിലേക്ക് മടങ്ങി പോകണം

12.03 AM 10-06-2016
kentucky-
പി. പി. ചെറിയാന്‍

കെന്റുക്കി : വെസ്‌റ്റേണ്‍ കെന്റുക്കി യൂണിവേഴ്‌സിറ്റിയിലെ ഇരുപത്തിയഞ്ച് കംപ്യൂട്ടര്‍ സയന്‍സ് പ്രോഗ്രാം വിദ്യാര്‍ത്ഥികള്‍ ഇന്ത്യയിലേക്ക് മടങ്ങി പോകണമെന്ന് യൂണിവേഴ്‌സിറ്റി അധികൃതര്‍ ഉത്തരവിട്ടു. ഇന്ത്യയില്‍ നിന്നും ഉപരിപഠനാര്‍ത്ഥം എത്തിയ അറുപത് വിദ്യാര്‍ത്ഥികളില്‍ 25 പേര്‍ക്ക് യൂണിവേഴ്‌സിറ്റി നിര്‍ദ്ദേശിച്ചിരിക്കുന്ന അടിസ്ഥാന യോഗ്യതകള്‍ ഇല്ല എന്നാണ് അധികൃതര്‍ കാരണം കണ്ടെത്തിയിരിക്കുന്നത്.
കംപ്യൂട്ടര്‍ സയന്‍സ് പ്രോഗ്രാമില്‍ ജനുവരിയിലാണ് 60 പേര്‍ക്ക് പ്രവേശനം ലഭിച്ചത്. ഇതില്‍ 40 പേര്‍ക്കും യോഗ്യത ഇല്ലായെന്ന് കണ്ടെത്തിയെങ്കിലും പതിനഞ്ച് പേരെ റമഡിയല്‍ കോഴ്‌സ് നല്‍കി പഠനം തുടരാന്‍ അനുവദിക്കാമെന്നും അധികൃതര്‍ പറഞ്ഞു. ഇന്ത്യയില്‍ പരസ്യം നല്‍കിയാണ് റിക്രൂട്ടേഴ്‌സ് വിദ്യാര്‍ത്ഥികള്‍ക്ക് അഡ്മിഷന്‍ നല്‍കിയത്. മാത്രമല്ല ട്യൂഷന്‍ ഫീസില്‍ ഇളവും പ്രഖ്യാപിച്ചിരുന്നു. കെന്റുക്കി യൂണിവേഴ്‌സിറ്റിയില്‍ പഠനം തുടരാന്‍ അനുവദിക്കാത്ത 25 വിദ്യാര്‍ത്ഥികള്‍ക്കും ഇന്ത്യയിലേക്ക് മടങ്ങി പോകുകയോ അതോ മറ്റു യൂണിവേഴ്‌സിറ്റികളില്‍ പ്രവേശനം നേടുകയോ ചെയ്യാമെന്ന് കംപ്യൂട്ടര്‍ സയന്‍സ് പ്രോഗ്രാം ചെയര്‍മാന്‍ ജെയിംസ് ഗാരി പറഞ്ഞു.
ഈ സംഭവത്തെ നിര്‍ഭാഗ്യകരമാണെന്നാണ് ഇന്ത്യന്‍ സ്റ്റുഡന്‍സ് അസോസിയേഷന്‍ ചെയര്‍മാന്‍ ആദ്യത്യ ശര്‍മ്മ വിശേഷിപ്പിച്ചത്. ഇന്ത്യന്‍ പ്രധാനമന്ത്രി അമേരിക്ക സന്ദര്‍ശിക്കുന്നതിനിടെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കുണ്ടായ അനുഭവം ബന്ധപ്പെട്ട അധികാരികളുമായി ചര്‍ച്ച ചെയ്തു പരിഹരിക്കാനാകും എന്നാണ് വിശ്വസിക്കുന്നത്. ഭാവിയില്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നതിന് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഫാക്കല്‍ട്ടി മെമ്പറന്മാരെ വിദേശങ്ങളിലേക്ക് റിക്രൂട്ട്‌മെന്റിന് അയയ്ക്കാന്‍ യൂണിവേഴ്‌സിറ്റി സെനറ്റ് തീരുമാനിച്ചു.