കഞ്ചാവിന്റെ ലഹരിയില്‍ കുട്ടികളെ കാറില്‍ ഉപേക്ഷിച്ച യുവാവും യുവതിയും അറസ്റ്റില്‍

04: 30 pm 18/8/2016

പി. പി. ചെറിയാന്‍
unnamed (1)
ഹൂസ്റ്റണ്‍: രണ്ടും മൂന്നും വയസുളള കുട്ടികളെ കഞ്ചാവിന്റെ ലഹരിയില്‍ ചുട്ടു പൊളളുന്ന കാറിനകത്ത് ഉപേക്ഷിച്ച ക്രിസ്റ്റഫര്‍ അലക്‌സാണ്ടര്‍(27) ആഷ് ലിയ ജോണ്‍സ്(26) എന്നിവരെ ഹൂസ്റ്റണ്‍ പൊലീസ് അറസ്റ്റ് ചെയ്തു.ഓഗസ്റ്റ് 15 തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കിയ രേഖകളനുസരിച്ച് കുട്ടികള്‍ക്ക് മരണം വരെ സംഭവിക്കാവുന്ന കുറ്റകൃത്യമാണ് ഇവര്‍ ചെയ്തിരിക്കുന്നതെന്ന് ചൂണ്ടിക്കാണിക്കുന്നു.

കാറിനകത്ത് എയര്‍ കണ്ടിഷന്‍ ഇല്ലാതെ, വൃത്തികെട്ട ഡയപ്പേഴ്‌സുമായി കാറിനകത്ത് മയങ്ങി കിടക്കുകയായിരുന്ന കുട്ടികളെ ഹാരിസ് കൗണ്ടി ഷെറിഫാണ് കണ്ടെടുത്ത് ആശുപത്രിയില്‍ എത്തിച്ചത്. പ്രാഥമിക ചികിത്സ ലഭിച്ച കുട്ടികള്‍ സുഖം പ്രാപിച്ചു വരുന്നു.

ശക്തമായ കഞ്ചാവിന്റെ ലഹരിയില്‍ ഇരുവരും മയങ്ങിപ്പോയതായി ഇവര്‍ സമ്മതിച്ചു. പുറത്തെ താപനില 81 ആയിരുന്നുവെങ്കിലും കാറിനകത്ത് 88 ഡിഗ്രി വരെ എത്തിയിരുന്നു.കോടതിയില്‍ ഹാജരാക്കിയ ഇരുവരേയും ചൊവ്വാഴ്ച(ഓഗസ്റ്റ് 16 വരെ) ജയിലിലടച്ചു.

കുട്ടികള്‍ രണ്ടു പേരും ഫോസ്റ്റര്‍ കെയറില്‍ കഴിയുന്നു. ചൂടു വര്‍ധിച്ചതോടെ മാതാപിതാക്കളുടെ അശ്രദ്ധ മൂലം കാറിനകത്തിരുന്നു മരിക്കുന്ന കുട്ടികളുടെ എണ്ണം വര്‍ധിച്ചു വരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.