കടല്‍ക്കൊല: പ്രതികള്‍ ഇറ്റലിയില്‍ തുടരുന്നതില്‍ എതിര്‍പ്പില്ലെന്ന് കേന്ദ്രം

09:19 AM 21/09/2016
images (13)
ന്യൂഡല്‍ഹി: കടല്‍ക്കൊല കേസില്‍ പ്രതികളായ ഇറ്റാലിയന്‍ നാവികരെ വിചാരണ ചെയ്യാന്‍ ഇന്ത്യക്കുള്ള അധികാരം അന്താരാഷ്ട്ര ട്രൈബ്യൂണല്‍ തീരുമാനിക്കുന്നതുവരെ ഇരുവരും ഇറ്റലിയില്‍ തുടരുന്നതില്‍ എതിര്‍പ്പില്ളെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. കടല്‍ക്കൊല കേസില്‍ കേന്ദ്രം നിലപാട് മയപ്പെടുത്തിയതിന്‍െറ പുതിയ ഉദാഹരണമാണിത്. നാവികരെ ഇറ്റലിയില്‍ തുടരാന്‍ അനുവദിക്കണമെന്ന ആ രാജ്യത്തിന്‍െറ അപേക്ഷയോടുള്ള പ്രതികരണത്തില്‍ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ പി.എസ്. നരസിംഹയാണ് കോടതിയെ ഇക്കാര്യം അറിയിച്ചത്.

പ്രതിയായ സാല്‍വതോര്‍ ഗിറോണിനെ ഇറ്റലിക്ക് മടങ്ങാന്‍ കഴിഞ്ഞ മേയില്‍ അനുവദിച്ചിരുന്നു. മാര്‍സി മിലാനോ ലത്തോറെയെ ഇറ്റലിയില്‍ തുടരാന്‍ അനുവദിക്കാമെന്നും സോളിസിറ്റര്‍ ജനറല്‍ നിലപാടെടുത്തു. ഈ നിലപാട് ഒരാഴ്ചക്കുള്ളില്‍ കോടതിക്ക് എഴുതിനല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു. ഈ മാസം 28ന് കേസ് വീണ്ടും പരിഗണിക്കും. നേരത്തെയുള്ള ഉത്തരവു പ്രകാരം ലത്തോറെക്ക് ഇറ്റലിയില്‍ തങ്ങാനുള്ള അനുമതി ഈ മാസം 30നാണ് അവസാനിക്കുന്നത്.

അപേക്ഷയുടെ പകര്‍പ്പ് തനിക്ക് കിട്ടിയിട്ടില്ലാത്തതിനാല്‍ ജാമ്യവ്യവസ്ഥ പുതുക്കുന്ന കാര്യത്തില്‍ കോടതി വാദംകേള്‍ക്കുന്നത് കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങള്‍ക്കുവേണ്ടി ഹാജരായ റാണ മുഖര്‍ജി എതിര്‍ത്തു. അന്താരാഷ്ട്ര ട്രൈബ്യൂണലില്‍ 2019നുമുമ്പ് കേസ് തീരാന്‍ സാധ്യതയില്ലാത്തതിനാല്‍ പൂര്‍ണമായൊരു ഇളവ് പ്രതികള്‍ക്ക് നല്‍കുന്നതിനെ കേരള സര്‍ക്കാറും എതിര്‍ത്തു.