കണക്ടികട്ടില്‍ മലയാളി വിദ്യാര്‍ത്ഥിനി വാഹനാപകടത്തില്‍ മരിച്ചു

12:33 pm 18/10/2016

– പി. പി. ചെറിയാന്‍
Newsimg1_75646287
കണക്ടികട്ട് : കണക്ടികട്ട് യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിനിയും മലയാളിയുമായ ജെഫ്‌നി (19) ഒക്ടോബര്‍ 16 ഞായറാഴ്ച പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ മരിച്ചു. യൂണിവേഴ്‌സിറ്റി ക്യാമ്പസിനകത്തുളള ഫയര്‍ സ്‌റ്റേഷന്റെ ഗാരേജ് ഡോറിനു മുമ്പില്‍ ഇരിക്കുകയായിരുന്ന ജെഫ്‌നിയുടെ ശരീരത്തിലൂടെ ഫയര്‍ ഫോഴ്‌സ് വാഹനം കയറി ഇറങ്ങിയാണ് അപകടം സംഭവിച്ചത്.

എമര്‍ജന്‍സി കോള്‍ ലഭിച്ചതിനെ തുടര്‍ന്ന് വാഹനം പുറത്തിറക്കാന്‍ ഓട്ടോമാറ്റിക് ഗാരേജ് ഡോര്‍ തുറന്നപ്പോള്‍ ഡോറില്‍ ചാരിയിരിക്കുകയായിരുന്ന ജെഫ്‌നി പുറകോട്ട് വീഴുകയായിരുന്നു. െ്രെഡവര്‍ വാഹനം മുന്നോട്ട് എടുത്തപ്പോള്‍ ജെഫ്‌നിയെ കണ്ടില്ല.

വാഹനാപകടത്തിന് ഉത്തരവാദിയായ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനെ അഡ്മിനിസ്‌ട്രേറ്റീവ് ലീവില്‍ പ്രവേശിപ്പിച്ചു. സംഭവത്തെ കുറിച്ച് യൂണിവേഴ്‌സിറ്റി അന്വേഷണത്തിനുത്തരവിട്ടിട്ടുണ്ട്. യൂണിവേഴ്‌സിറ്റി സോഫമോര്‍ വിദ്യാര്‍ത്ഥിയായിരുന്ന ജെഫ്‌നിക്ക് നഴ്‌സാകണമെന്നായിരുന്നു ആഗ്രഹമെന്ന് അടുത്ത സുഹൃത്ത് സാജന്‍ പറഞ്ഞു.

കനക്ടികട്ട് വെസ്റ്റ് ഹാര്‍ട്ട് ഫോര്‍ഡില്‍ താമസിക്കുന്ന സിബി ഷൈനി ദമ്പതികളുടെ പുത്രിയാണ് ജെഫ്‌നി. ജോയല്‍, ജന്നിഫര്‍ എന്നിവര്‍ സഹോദരങ്ങളാണ്. സംഭവത്തെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ ട്രൂപ്പര്‍ മാര്‍ക്കിനെ 203 630 8079ല്‍ ബന്ധപ്പെടുവാന്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.