01:39pm 16/5/2016
നാദാപുരം: കാലമേറെ മാറിയെങ്കിലും കണ്ടിവാതുക്കല്‍ മലയോരവാസികള്‍ക്കു വോട്ട് ചെയ്യണമെങ്കില്‍ ഇത്തവണയും മലയിറങ്ങണം. അതുമാത്രമല്ല, ജനാധിപത്യ പ്രക്രിയയിലൊന്നു പങ്കാളികളാകാന്‍ ഇവര്‍ക്കു സഞ്ചരിക്കേണ്ട ദൂരം 14 കിലോമീറ്റര്‍. അതും ചെങ്കുത്തായ സ്‌ഥലത്തിലൂടെ.
ചുഴലി ഗവ: എല്‍.പി. സ്‌കൂളിലാണ് ഇവര്‍ക്കു വോട്ട്. പ്രയാസം സഹിച്ച് വോട്ട് രേഖപ്പെടുത്തണമെന്നായതോടെ 250 -ല്‍ അധികം വരുന്ന കുടുംബാംഗങ്ങള്‍ വോട്ട് ചെയേ്േണ്ടെന്ന തീരുമാനത്തിലാണ്.
വളയം പഞ്ചായത്തിലെ പുഞ്ച ഉള്‍പെടുന്ന നാലാം വാര്‍ഡിലെ മലയോര നിവാസികള്‍ക്കാണു വര്‍ഷങ്ങളായി ഈ ദുരിതപര്‍വം. രൂക്ഷമായ യാത്രാക്ലേശം അനുഭവിക്കുന്നവരാണിവര്‍. വളയം, ചെക്യാട്, വാണിമേല്‍ പഞ്ചായത്തുകളിലായി വ്യാപിച്ചു കിടക്കുന്ന കണ്ടിവാതുക്കല്‍ മലയോരത്ത് ആദിവാസികള്‍ ഉള്‍പ്പെടെയുള്ള വോട്ടര്‍മാരാണ് ഏറെയുള്ളത്.
ചെക്യാട് പഞ്ചായത്തില്‍ പെട്ട മലയോരവാസികള്‍ക്കു കണ്ടിവാതുക്കല്‍ ഗവ. വെല്‍ഫയര്‍ സ്‌കൂളില്‍ വോട്ട് ചെയ്യാന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഒരു ബൂത്താണ് ഇവിടെയുള്ളത്. വളയം പഞ്ചായത്തിലെ വോട്ടര്‍മാര്‍ക്ക് കണ്ടിവാതുക്കല്‍ വെല്‍ഫയര്‍ സ്‌കുളിലോ സമീപത്തെ അങ്കണവാടിയിലോ ഒരു ബൂത്ത്‌കൂടി അനുവദിക്കണമെന്ന് നാട്ടുകാര്‍ നിരന്തരം ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍, ഭൂമിശാസ്‌ത്രപരമായ പ്രത്യേകതകള്‍ നോക്കാതെ വാര്‍ഡ് അടിസ്‌ഥാനത്തില്‍ ബൂത്ത് നിശ്‌ചയിച്ചതാണ് വിനയായതെന്ന ആക്ഷേപം ശക്‌തമാണ്.
വാണിമേല്‍ പഞ്ചായത്തിലെ മലയോര വോട്ടര്‍മാരില്‍ ഒരുവിഭാഗം ഇത്തരത്തില്‍ കിലോമീറ്ററുകള്‍ താണ്ടി നിടുംപറമ്പ് സ്‌കൂളിലെത്തിയാണ് വോട്ട് ചെയേ്േണ്ടത്. നിരവധി തവണ അധികൃതര്‍ക്കു പ്രദേശത്തിന്റെ രൂപരേഖയടക്കം തയാറാക്കി പരാതികള്‍ സമര്‍പ്പിച്ചിരുന്നു.
എന്നാല്‍ ഇത്തവണയും നിരാശയായിരുന്നു ഫലം.ആവശ്യത്തിനു ബസ് സര്‍വീസോ സമാന്തര സര്‍വീസുകളോ ഇങ്ങോട്ടേക്കില്ല.
ഇതോടെ സ്വന്തം ചെലവില്‍ വാഹനങ്ങള്‍ ഏര്‍പ്പാട് ചെയ്‌തോ കാല്‍നടയായോ വേണം കിലോമീറ്ററുകള്‍ താണ്ടി വോട്ടിങ് കേന്ദ്രത്തിലെത്താന്‍. വികലാംഗരേയും പ്രായമേറിയവരെയുമാണ് ഇത് ഏറെ കുഴക്കുന്നത്.