കണ്ണൂരില്‍ കൊലപാതകങ്ങള്‍ ആരാദ്യം തുടങ്ങിയെന്ന തര്‍ക്കമാണ് സമാധാന ശ്രമങ്ങളെല്ലാം വഴിമുട്ടിക്കുന്നത്.

09 :39 am 14/10/2016
images (3)

കണ്ണൂര്‍: കണ്ണൂരില്‍ കൊലപാതകങ്ങള്‍ ആരാദ്യം തുടങ്ങിയെന്ന തര്‍ക്കമാണ് സമാധാന ശ്രമങ്ങളെല്ലാം വഴിമുട്ടിക്കുന്നത്. തിരിച്ചടിക്കാതെ പിന്‍മാറില്ലെന്ന വാശിയും. 17 വര്‍ഷം മുന്‍പ് ഇതുപോലെ വലിയ സംഘര്‍ഷങ്ങള്‍ ഉണ്ടായപ്പോള്‍ മുഖ്യമന്ത്രി നായനാരുടെ നേതൃത്വത്തില്‍ നടത്തിയതുപോലെയുള്ള ഇടപെടലാണ് ഇപ്പോള്‍ വേണ്ടതെന്ന് നേതാക്കള്‍ തന്നെ സമ്മതിക്കുന്നു.
1999 അവസാനത്തിലേക്ക് കടന്ന ഡിസംബര്‍ മാസത്തിലാണ് കണ്ണൂരിനെയും കേരളത്തെയും നടുക്കി യുവമോര്‍ച്ച നേതാവായിരുന്ന ജയകൃഷ്ണന്‍ മാസ്റ്ററെ പാനൂര്‍ ഈസ്റ്റ് മൊകേരി എല്‍.പി സ്‌കൂളില്‍ കുട്ടികളുടെ മുന്നിലിട്ട് സമാനതകളില്ലാത്ത വിധം വെട്ടിക്കൊലപ്പെടുത്തിയത്. പിന്നാലെ കൊണ്ടും കൊടുത്തും ഇരുപക്ഷത്തുമായി മാസങ്ങള്‍ക്കിടെ പൊലിഞ്ഞത് 6 ജീവനുകള്‍. ഒരൊറ്റ ദിവസത്തിനുള്ളില്‍ മൂന്നുപേരെ വരെ കൊന്നു തള്ളിയ കുടിപ്പക. പക്ഷെ അന്ന് എല്ലാവരെയും ഒരുമിച്ചിരുത്തി മുഖ്യമന്ത്രിയായിരുന്ന നായനാര്‍ വിളിച്ച് ചേര്‍ത്ത സമാധാന യോഗമാണ് അക്രമങ്ങള്‍ക്കറുതി വരുത്തിയത്. പിന്നീട് വന്ന ആന്റണി സര്‍ക്കാരിന്റെ കാലത്തും കാര്യമായ കൊലകളുണ്ടായില്ല. മനോജ് ഏബ്രഹാം ജില്ലാ പൊലീസ് മേധാവിയായിരുന്ന്, പാര്‍ട്ടി ഓഫീസുകളില്‍ നിന്നുള്ള പ്രതികളുടെ ലിസ്റ്റ് വാങ്ങാതെയും, മുഖം നോക്കാതെ നേതാക്കളെ വരെ പ്രതി ചേര്‍ത്തും ശക്തമായ നടപടികള്‍. എന്നാല്‍ 2007 വരെ നീണ്ട ശാന്തത പിന്നീട് പൊളിഞ്ഞു. 99ന് സമാനമായ സാഹചര്യമാണ് നിലവില്‍ കണ്ണൂരില്‍. പക്ഷെ പയ്യന്നൂരിലെ ഇരട്ടക്കൊലകള്‍ക്ക് ശേഷം കേന്ദ്രവുംസംസ്ഥാനവും ഒരുമിച്ചിടപെട്ടിട്ടും തുടര്‍ക്കൊലകള്‍ ആവര്‍ത്തിക്കുന്നു. ചര്‍ച്ചകളുണ്ടാകുന്നുമില്ല.
മുഖ്യമന്ത്രി ഇടപെടണമെന്ന് ബിജെപി ആവശ്യപ്പെടുമ്പോള്‍, മുഖ്യമന്ത്രിയുടെ നാട്ടില്‍ കലാപമാണെന്ന് വരുത്താനുള്ള ബിജെപി ശ്രമമാണിതിന് പിന്നിലെന്ന് സിപിഎം ആരോപിക്കുന്നു. ആര് മുന്‍കൈയെടുക്കുമെന്ന ചോദ്യത്തിനുത്തരമായാല്‍ മാത്രമേ കണ്ണൂരിന് സമാധാനമുണ്ടാകൂവെന്ന് ചുരുക്കം. മുന്‍മാതൃകകള്‍ ഉണ്ടായിട്ടും, കേന്ദ്ര ആഭ്യന്തര മന്ത്രിയും ഗവര്‍ണ്ണറും മുഖ്യമന്ത്രിയും ഒരുമിച്ച് ഇടപെട്ടിട്ടും ആരുടെ ആത്മാര്‍ത്ഥതയില്ലായ്മയിലാണ് ഒരു സമാധാന യോഗം പോലും വൈകുന്നതെന്ന ചോദ്യം ശക്തമാവുകയാണ് ജില്ലയില്‍.