കണ്ണൂര്‍ മെഡിക്കല്‍ കോളജുകളിലെ എം.ബി.ബി.എസ് പ്രവേശം റദ്ദാക്കി

09:30 am 3/10/2016
images (1)

തിരുവനന്തപുരം: സര്‍ക്കാറുമായി കരാര്‍ ഒപ്പുവെക്കാതെ സ്വന്തം നിലക്ക് വിദ്യാര്‍ഥിപ്രവേശം നടത്തിയ പാലക്കാട് കരുണ, അഞ്ചരക്കണ്ടി കണ്ണൂര്‍ മെഡിക്കല്‍ കോളജുകളിലെ എം.ബി.ബി.എസ് പ്രവേശം ജസ്റ്റിസ് ജയിംസ് കമ്മിറ്റി റദ്ദാക്കി. പ്രവേശനടപടികളില്‍ വ്യാപകക്രമക്കേട് നടന്നെന്ന് കണ്ടത്തെിയതിനെതുടര്‍ന്നാണ് നടപടി. രണ്ട് കോളജുകളിലെയും മുഴുവന്‍ സീറ്റുകളിലേക്കും കേന്ദ്രീകൃത അലോട്ട്മെന്‍റ് നടത്താന്‍ പ്രവേശ പരീക്ഷാകമീഷണര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു.

ഈ കോളജുകളില്‍ അപേക്ഷിച്ച മുഴുവന്‍ വിദ്യാര്‍ഥികളും പ്രവേശപരീക്ഷാ കമീഷണര്‍ നടത്തുന്ന കേന്ദ്രീകൃത അലോട്ട്മെന്‍റിന് ഹാജരാകണം. അലോട്ട്മെന്‍റിനായി പ്രവേശപരീക്ഷാ കമീഷണര്‍ പ്രത്യേക വിജ്ഞാപനം പുറപ്പെടുവിക്കണം. പ്രവേശപരീക്ഷാ കമീഷണര്‍ അലോട്ട്മെന്‍റ് നടത്തുന്ന വിദ്യാര്‍ഥികള്‍ക്ക് മാത്രമേ രജിസ്ട്രേഷന്‍ നല്‍കാവൂ എന്ന് ആരോഗ്യ സര്‍വകലാശാല രജിസ്ട്രാര്‍ക്കും ജയിംസ് കമ്മിറ്റി നിര്‍ദേശം നല്‍കിയിട്ടുണ്ട്. സെപ്റ്റംബര്‍ 28ന് ശേഷം ഒഴിവുവരുന്ന മുഴുവന്‍ സീറ്റുകളിലേക്കും സര്‍ക്കാര്‍ കേന്ദ്രീകൃത അലോട്ട്മെന്‍റ് നടത്തണമെന്ന സുപ്രീംകോടതിവിധിയുടെ പശ്ചാത്തലത്തിലാണ് കേന്ദ്രീകൃത അലോട്ട്മെന്‍റിന് കമ്മിറ്റി ഉത്തരവിട്ടത്.

സര്‍ക്കാറിന് സീറ്റ് വിട്ടുനല്‍കാതെ സ്വന്തം നിലക്ക് പ്രവേശം നടത്തിയ രണ്ട് കോളജുകളെയും സംബന്ധിച്ച് ഒട്ടേറെ പരാതികളാണ് കമ്മിറ്റിമുമ്പാകെ ലഭിച്ചത്. ഇതത്തേുടര്‍ന്ന് നേരത്തേ സ്വീകരിച്ച പ്രവേശനടപടികള്‍ ജയിംസ് കമ്മിറ്റി റദ്ദ് ചെയ്യുകയും പുതിയ ഷെഡ്യൂള്‍ പ്രകാരം ഓണ്‍ലൈന്‍ രീതിയില്‍ അപേക്ഷ സ്വീകരിച്ച് മെറിറ്റ് അടിസ്ഥാനത്തില്‍ പ്രവേശം നടത്താന്‍ ഉത്തരവിടുകയുമായിരുന്നു. ഇതുപ്രകാരം സ്വീകരിച്ച പ്രവേശനടപടിയിലും കൃത്രിമം കണ്ടത്തെിയതോടെയാണ് കോളജുകളിലെ പ്രവേശം അസാധുവാക്കി കമ്മിറ്റി ഞായറാഴ്ച രാത്രിയോടെ ഉത്തരവിറക്കിയത്.

കരുണ കോളജില്‍ 100ഉം കണ്ണൂര്‍ കോളജില്‍ വ്യവസ്ഥകളോടെ 150ഉം സീറ്റാണ് അനുവദിച്ചിരുന്നത്. 75 പരാതികളാണ് കരുണ മെഡിക്കല്‍ കോളജിലെ പ്രവേശം സംബന്ധിച്ച് കമ്മിറ്റിക്ക് ലഭിച്ചിരുന്നത്. 102 പരാതികള്‍ കണ്ണൂര്‍ മെഡിക്കല്‍ കോളജിനെ സംബന്ധിച്ചും ലഭിച്ചു. ഓണ്‍ലൈന്‍ അപേക്ഷക്ക് മതിയായ സൗകര്യമൊരുക്കിയില്ല, അപേക്ഷകള്‍ അകാരണമായി തള്ളി, മെറിറ്റ് പാലിക്കാതെ പ്രവേശം നടത്തി, വിവരങ്ങള്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചില്ല തുടങ്ങിയ പരാതികളില്‍ കഴമ്പുണ്ടെന്ന് കണ്ടാണ് കമ്മിറ്റിയുടെ നടപടി.

കണ്ണൂര്‍ മെഡിക്കല്‍ കോളജിലെ സീറ്റുകളുടെ എണ്ണം 100ല്‍ നിന്നും 150 ആക്കി ലോധ കമ്മിറ്റി വര്‍ധിപ്പിച്ചുനല്‍കിയത് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കണമെന്ന വ്യവസ്ഥയോടെയായിരുന്നു. ഈ നിര്‍ബന്ധവ്യവസ്ഥകള്‍ കോളജിന് പാലിക്കാനായിട്ടില്ളെന്നും ജയിംസ് കമ്മിറ്റി കണ്ടത്തെി.
ഇക്കാര്യത്തില്‍ ആരോഗ്യ സര്‍വകലാശാല രജിസ്ട്രാര്‍ ആവശ്യമായ ഉത്തരവ് പുറപ്പെടുവിച്ച് പ്രവേശ പരീക്ഷാകമീഷണറെ അറിയിക്കണമെന്നും ജയിംസ് കമ്മിറ്റിയുടെ ഉത്തരവില്‍ പറയുന്നു. അതേസമയം, കോഴിക്കോട് കെ.എം.സി.ടി മെഡിക്കല്‍ കോളജ് കരാറിന് ഒരുക്കമാണെന്ന് ഞായറാഴ്ച സര്‍ക്കാറിനെ അറിയിച്ചു.