കണ്ണൂര്‍ സമാധാനം: സർവ്വകക്ഷി യോഗം വിജയം

09:44 am 25/10/2016
download

കണ്ണൂര്‍: രാഷ്ട്രീയ സംഘർഷങ്ങളവസാനിപ്പിക്കാനായി ഒരുമിച്ച് നിൽക്കാൻ ജില്ലാ കളക്ടർ വിളിച്ച സർവ്വകക്ഷി യോഗത്തിൽ തീരുമാനം. സോഷ്യൽ മീഡിയ വഴി പ്രകോപനങ്ങൾ സൃഷ്ടിച്ചാൽ ഉടനടി നടപടിയെടുക്കാനും തീരുമാനിച്ചിട്ടുണ്ട്. വിട്ടുനിൽക്കാൻ തീരുമാനിച്ച ബിജെപി അവസാന നിമിഷം യോഗത്തിൽ പങ്കെടുത്തപ്പോൾ സിപിഎം പക്ഷത്ത് പ്രമുഖ നേതാക്കൾ വിട്ടുനിന്നു.
എല്ലാ മാസവും സർവ്വകക്ഷി യോഗം ചേരും. സംഘർഷമുണ്ടായാൽ ഉടനടി യോഗം ചേർന്ന് ആക്രമിക്കപ്പെട്ട ആളുകൾ, വീടുകൾ എന്നിവ ഒരുമിച്ച് സർവ്വകക്ഷി സംഘം സന്ദർശിക്കും. സോഷ്യൽമീഡിയ വഴി അനാവശ്യ പ്രകോപനം ഉണ്ടായാൽ ഉടനടി നടപടിയുണ്ടാകും. ഇവയാണ് പ്രധാന തീരുമാനങ്ങൾ.
ഏതെങ്കിലും പ്രദേശങ്ങളിൽ അക്രമമുണ്ടായാൽ അതത് പ്രദേശത്തെ നേതാക്കൾക്കും ഉത്തരവാദിത്തമുണ്ടാകും. ഒപ്പം വീടാക്രമിച്ചാൽ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുക്കാനും, കസ്റ്റഡിയിലെടുത്തവരെ മോചിപ്പിക്കാൻ സ്റ്റേഷനിലെത്തുന്നവരെ അറസ്റ്റ് ചെയ്യാനുള്ള നടപടികൾ ശക്തമാക്കാനും ധാരണയായി.
തീരുമാനങ്ങളോട് മുഴുവൻ പാർട്ടികളും അനുകൂല നിലപാടാണെടുത്തത്. അതേസമയം അക്രമങ്ങളുണ്ടായാൽ തടയുക എന്നതിലപ്പുറം നിസാരപ്രശ്നങ്ങൾ രാഷ്ട്രീയമായി വളർന്ന് സംഘർഷത്തിലെത്തുന്നതും, ആയുധങ്ങൾ സംഭരിക്കുന്നതും അതത് പാർട്ടികൾക്ക് സ്വാധിനമുള്ള ഗ്രാമങ്ങളിലെ ഏകാധ്പത്യ സ്വഭാവവും അടക്കമുള്ള കാതലായ പ്രശ്നങ്ങളിൽ ധാരണയോ തീരുമാനമോ ഉണ്ടായില്ല.
സിപിഎമ്മിന് വേണ്ടി ജില്ലാ സെക്രട്ടറിയോ പ്രമുഖ നേതാക്കളോ യോഗത്തിൽ പങ്കെടുത്തതുമില്ല. ഇക്കാര്യത്തിൽ ബിജെപിക്കുള്ള അതൃപ്തി യോഗത്തിൽ പ്രകടിപ്പിക്കുകയും ചെയ്തു.