കത്തോലിക്കാ നിധിശേഖരണം: ബസേലിയോസ് കാതോലിക്കാ ബാവ ഓഗസ്റ്റ് 30-നു ഹൂസ്റ്റണില്‍ എത്തുന്നു –

09:00am 29/8/2016

ജീമോന്‍ റാന്നി
Newsimg1_66980127
ഹൂസ്റ്റണ്‍: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷനും പൗരസ്ത്യ കാതോലിക്കയും മലങ്കര മെത്രാപ്പോലീത്തയുമായ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ ഓഗസ്റ്റ് 30-ന് ചൊവ്വാഴ്ച ഹൂസ്റ്റണില്‍ എത്തിച്ചേരുന്നു. 1979-ല്‍ സ്ഥാപിതമായ അമേരിക്കന്‍ ഭദ്രാസനങ്ങളില്‍ നിന്നും കാതോലിക്കാ നിധിശേഖരണവുമായി ബന്ധപ്പെട്ട് സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ കാതോലിക്കാ ബാവ ഇതു മൂന്നാംതവണയാണ് നേരിട്ടെത്തുന്നത്.

സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തില്‍ നിന്നുമുള്ള ഈവര്‍ഷത്തെ കാതോലിക്കാ നിധിശേഖരണം ഓഗസ്റ്റ് 31-ന് ബുധനാഴ്ച വൈകിട്ട് 6.15-ന് ഹൂസ്റ്റണ്‍ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ ചേരുന്ന സമ്മേളനത്തില്‍ സൗത്ത് വെസ്റ്റ് ഭദ്രാസനത്തിലെ എല്ലാ ദേവാലയങ്ങളില്‍ നിന്നുള്ള വൈദീകരും മാനേജിംഗ് കമ്മിറ്റി അംഗങ്ങളും ഹൂസ്റ്റണിലെ വിശ്വാസികളും ചേര്‍ന്ന് പരിശുദ്ധ ബാവാ തിരുമേനിക്ക് ഔദ്യോഗികമായി സ്വീകരണം നല്‍കും.

തുടര്‍ന്ന് ചേരുന്ന മസമ്മേളനത്തില്‍ ഭദ്രാസന അടിസ്ഥാനത്തില്‍ സമാഹരിച്ച കാതോലിക്കാ നിധി പള്ളി പ്രതിനിധികള്‍ കാതോലിക്കാ ബാവയെ ഏല്‍പിക്കും. സമ്മേളനത്തില്‍ ഭദ്രാസന മെത്രാപ്പോലീത്ത അലക്‌സിയോസ് മാര്‍ യൗസോബിയോസ് അധ്യക്ഷത വഹിക്കും. ഭദ്രാസന സെക്രട്ടറി ഫാ.ഡോ. ജോയി പൈങ്ങോലില്‍, ഭദ്രാസന കൗണ്‍സില്‍ അംഗങ്ങള്‍, സഭാ മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍, അരമന മാനേജര്‍ ഫാ. തോമസ് വര്‍ഗീസ്, ഇടവക വികാരിമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. പ്രസ്തുത യോഗത്തില്‍ പരിശുദ്ധ ബാവാ തിരുമേനിയുടെ എഴുപതാം ജന്മദിന ആഘോഷവും, സപ്തതി ആഘോഷത്തിന്റെ ഭാഗമായി ആരംഭിക്കുന്ന “സ്‌നേഹസ്പര്‍ശം ബസേലിയോസ് പൗലോസ് ദ്വിതീയന്‍ എഴുപതാം ജന്മദിന കാന്‍സര്‍ ചാരിറ്റി ഫണ്ടിന്റെ’ ഭദ്രാസന തല ഉദ്ഘാടനവും നടത്തും. പരിശുദ്ധ ബാവാ തിരുമേനിയുടെ ജന്മദിനം ഭദ്രാസനത്തില്‍ ആഘോഷിക്കാന്‍ ലഭിച്ചത് വളരെ അനുഗ്രഹമാണെന്നും പ്രസ്തുത സമ്മേളനത്തില്‍ ഹൂസ്റ്റണിലെ എല്ലാ വിശ്വാസികളും പങ്കെടുത്ത് വിജയിപ്പിക്കണമെന്നും മാര്‍ യൗസേബിയോസ് ആവശ്യപ്പെട്ടു.

കാതോലിക്കാ നിധിശേഖരണ സമ്മേളനത്തിന്റെ വിജയത്തിനായി ഫാ. വര്‍ഗീസ് അരൂപ്പാല കോര്‍എപ്പിസ്‌കോപ്പ ജനറല്‍ കണ്‍വീനറായും, ഫാ. രാജേഷ് കെ. ജോണ്‍ പ്രോഗ്രാം കോര്‍ഡിനേറ്ററുമായി വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നതായി പി.ആര്‍.ഒ എല്‍ദോ പീറ്റര്‍ അറിയിച്ചു.