കനത്തമഴ; തിരദേശത്ത് കടലാക്രമണം തുടരുന്നു

4.11 PM 17-05-2016
20160516_093951
കനത്ത മഴയെത്തുടര്‍ന്ന് കേരളത്തിന്റെ തീരദേശത്ത് കടലാക്രമണം തുടരുന്നു. തിരുവനന്തപുരത്തെ കരിംകുളം മേഖലയിലാണ് നാശനഷ്ടം കൂടുതല്‍. പുല്ലുവിള ഭാഗത്തു നിന്ന് 50 ഓളം കുടുംബങ്ങളെ പള്ളം കമ്യൂണിറ്റി സെന്ററിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. പ്രദേശത്തു നിന്ന് വെള്ളം നീക്കം ചെയ്യാനുള്ള നടപടികള്‍ തുടരുകയാണ്. ശക്തമായ തിരയില്‍ കോവളം ബീച്ച് കടലെടുത്തു. നെയ്യാറില്‍ ഉല്ലാസബോട്ട് ഇറക്കുന്നത് അധികൃതര്‍ വിലക്കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം കരിംകുളത്ത് നിരവധി വീടുകളില്‍ വെള്ളംകയറി. കരുംകുളം കല്ലുമുക്ക് പൂവാര്‍ എരിക്കലുവിള എന്നിവിടങ്ങളിലാണ് കടല്‍കയറിയത്. ഇവിടെ തീരദേശറോഡ് വെള്ളത്തില്‍ മുങ്ങി. പത്തോളം വീടുകള്‍ക്കു ചുറ്റും കടല്‍വെള്ളം കെട്ടിക്കിടക്കുന്നു. തിങ്കളാഴ്ച രാവിലെ മുതല്‍ കരുംകുളം പൂവാര്‍ തീരത്ത് ചെറിയതോതില്‍ കടല്‍ക്ഷോഭം ഉണ്ടായി. എന്നാല്‍ ഉച്ചയോടെ കടലാക്രമണം ശക്തമായി. തിരമാലകള്‍ ശക്തിയോടെ തീരത്തേക്ക് അടിച്ചുകയറി. തുടര്‍ന്ന് മത്സ്യത്തൊഴിലാളികള്‍ കരയില്‍ ഉണക്കാനിട്ടിരുന്ന മത്സ്യബന്ധന ഉപകരണങ്ങളും കടലെടുത്തു. കൂടാതെ ശക്തമായ തിരയില്‍ കടപ്പുറത്തുണ്ടായിരുന്ന വള്ളങ്ങള്‍ കൂട്ടിയിടിച്ച് കേടുപാടുകള്‍ പറ്റിയതായും മത്സ്യത്തൊഴിലാളികള്‍ പറയുന്നു.
കരുംകുളം കല്ലുമുക്കിലാണ് വീടുകളില്‍ വെള്ളം കയറിയത്. ഇവിടെ പത്തോളം കുടുംബങ്ങള്‍ വെള്ളത്താല്‍ ചുറ്റപ്പെട്ട വീടുകളിലാണ് കഴിയുന്നത്. രാത്രിയില്‍ കടലാക്രമണം ശക്തമാവാന്‍ സാധ്യത ഉള്ളതിനാല്‍ സമീപത്തെ പലരും ബന്ധുവീടുകളിലേക്ക് മാറി. അതേസമയം വലിയതുറയില്‍ കടലാക്രമണത്തില്‍ 100 വീടുകള്‍ തകര്‍ന്നു. വലിയ തുറ, ചെറിയതുറ ഭാഗങ്ങളിലായി നൂറിലധികം വീടുകള്‍ അപകട ഭീഷണിയിലായി. വലിയതുറ മുതല്‍ ശംഖുമുഖം ഭാഗം വരെ രാത്രി വൈകിയും വെള്ളം തീരത്തേക്ക് കയറി കൊണ്ടിരിക്കുകയാണ്. സ്ഥലത്തെ വൈദ്യുതി പോസ്റ്റുകളും കെട്ടിടങ്ങളും ഇളകി. വീടുകള്‍ ഉപേക്ഷിച്ച് ബന്ധുവീടുകളില്‍ അഭയം തേടുകയാണ് നാട്ടുകാര്‍. വലിയ തുറയില്‍ 13 കുടുംബങ്ങളെ സര്‍ക്കാര്‍ യു.പി സ്‌കൂളിലേക്ക് മാറ്റി പാര്‍പ്പിച്ചു.
ശ്രീലങ്കന്‍ തീരത്തുണ്ടായ അന്തരീക്ഷ ചുഴിയും ന്യൂനമര്‍ദവുമാണ് കടല്‍ക്ഷോഭത്തിന് കാരണമെന്നാണ് കാലാവസ്ഥ നിരീക്ഷ കേന്ദ്രം നിഗമനം. വരും ദിവസങ്ങളില്‍ ജില്ലയില്‍ ശക്തമായ കാറ്റിനും മഴക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.