കനത്ത മഴയെ തുടര്‍ന്ന് ദുരിതത്തിലായ 29 കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു

11:57 AM01:30pm
images (1)
ജീസാന്‍: കനത്ത മഴയെ തുടര്‍ന്ന് ദുരിതത്തിലായ 29 കുടുംബങ്ങളെ സിവില്‍ ഡിഫന്‍സ് മാറ്റി താമസിപ്പിച്ചു. മര്‍കസ് ഹകാമിയക്ക് കീഴിലെ മദായ ഗ്രാമത്തില്‍ നിന്ന് 13 ഉം ദറബിലെ അതൂദ് ഗ്രാമത്തില്‍ നിന്ന് 13 ഉം ജീസാന്‍ ടൗണില്‍ നിന്ന് മൂന്ന് കുടുംബങ്ങളെയുമാണ് രക്ഷിച്ചത്്.
വാദി ളമദില്‍ ഒഴുക്കിപെട്ട ഒരാളെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ഇയാളുടെ നില ഗുരുതരമാണ്. താഴ്വരകളിലെ നിരീക്ഷണത്തിനും അപകടങ്ങളുണ്ടാകുമ്പോള്‍ അടിയന്തര സഹായങ്ങള്‍ നല്‍കാനും ആവശ്യമായ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടെന്ന് ജീസാന്‍ മേഖല സിവില്‍ ഡിഫന്‍സ് വക്താവ് കേണല്‍ യഹ്യ ഖഹ്താനി പറഞ്ഞു. താഴ്വരകളില്‍ നിരീക്ഷണത്തിനും മുന്നറിയിപ്പ് നല്‍കുന്നതിനും സിവില്‍ ഡിഫന്‍സ് പട്രോളിങ് വിഭാഗത്തെ കൂടുതല്‍ വിന്യസിച്ചിട്ടുണ്ട്. വീടിനകത്തേക്ക് മഴവെള്ളം കടന്നതും വാഹനം കുടുങ്ങിയതും വൈദ്യുതി അപകടങ്ങളുമാണ് സഹായം തേടിവന്ന വിളികള്‍ അധികവും.
മഴയുണ്ടാകുമ്പോള്‍ വെള്ളം കെട്ടിനില്‍ക്കുന്ന സ്ഥലം, പവര്‍ സ്റ്റേഷനുകള്‍ എന്നിവക്കടുത്ത് നില്‍ക്കരുതെന്നും നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും സിവില്‍ ഡിഫന്‍സ് വക്താവ് പറഞ്ഞു. അതേ സമയം, കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയില്‍ ജീസാന്‍ മേഖലയില്‍ വലിയ നഷ്ടങ്ങളുണ്ടയാതായി റിപ്പോര്‍ട്ടുണ്ട്. നിരവധി വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. പല വീടുകളിലേക്കും വെള്ളം കയറിയതിനാല്‍ നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്.