കന്നഡ സിനിമയുടെ ഷൂട്ടിങ്ങിനിടെ തടാകത്തിൽ കാണാതായ നടന്മാരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി.

11:56 AM 08/11/2016
Capture-Kannada380
ബംഗളൂരു: കന്നഡ സിനിമയുടെ ഷൂട്ടിങ്ങിനിടെ തടാകത്തിൽ കാണാതായ നടന്മാരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. ഇതാരുടേതാണെന്നു തിരിച്ചറിഞ്ഞിട്ടില്ല. രണ്ടാമത്തെയാൾക്കായുള്ള തെരച്ചിൽ തുടരുകയാണ്. അതിനിടെ ചിത്രത്തിന്‍റെ അണിയറ പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കാതെ ഷൂട്ടിങ് നടത്തിയതിനാണ് കേസ്.

ഇന്നലെ മാസ്തിഗുഡി എന്ന കന്നഡ സിനിമയുടെ ക്ലൈമാക്സ് ചിത്രീകരണത്തിനിടെയാണു ദാരുണമായ സംഭവം ഉണ്ടായത്. ചിത്രീകരണത്തിനിടെ നൂറടി ഉയരത്തിൽ ഹെലികോപ്റ്ററിൽനിന്നു ചാടിയ ഉദയ്, അനിൽ എന്നീ നടന്മാരെ തടാകത്തിൽ കാണാതാവുകയായിരുന്നു. ചിത്രത്തിലെ പ്രതിനായക കഥാപാത്രങ്ങളായിരുന്നു ഇവർ.

ഉദയ്, അനിൽ എന്നിവർ തടാകത്തിലേക്ക് എടുത്തുചാടുന്നതും പിന്നാലെ നായകനും ചാടുന്നതായിരുന്നു രംഗം. എന്നാൽ തടാകത്തിലേക്ക് ചാടിയ മൂന്നുപേരിൽ രണ്ടു പേർ ഒഴുക്കിൽപെടുകയായിരുന്നു. നായക കഥാപാത്രം അവതരിപ്പിച്ച ദുനിയ വിജയ് നീന്തി രക്ഷപ്പെട്ടു.