കബാലി ഇന്‍റർനെറ്റിൽ.

08:15 PM 22/07/2016
images
കൊച്ചി: പ്രേക്ഷകർ വൻവരവേൽപ്പൊരുക്കിയ സ്റ്റൈൽ മന്നൻ രജനീകാന്ത് ചിത്രം കബാലി ഇന്‍റർനെറ്റിൽ. വിവിധ വെബ്സൈറ്റുകളിലാണ് ചിത്രം പ്രത്യക്ഷപ്പെട്ടത്. കേരളത്തിന്‍റെ സൈബർ പൊലീസ് ‍ഡോമാണ് ചിത്രം ചോർന്നതു കണ്ടെത്തിയത്.
നേരത്തെ കബാലിയുടെ ഓപ്പണിങ് സീൻ വാട്സാപിൽ പ്രചരിച്ചിരുന്നു. കഴിഞ്ഞദിവസം രാവിലെയോടെയാണ് ചിത്രത്തിലെ രജനീകാന്തിന്റെ ഇൻട്രോ സീൻ പുറത്തു വന്നത്. കഴിഞ്ഞദിവസം അമേരിക്കയിൽ ചിത്രം റിലീസായിരുന്നു. അവിടെനിന്നാണ് ഇൻട്രോ ഭാഗം ചോർന്നത്.
ചിത്രം ലോകമെമ്പാടും 4000 തിയറ്ററുകളിലാണ് പ്രദര്‍ശനത്തിനെത്തിയത്. പടക്കം പൊട്ടിച്ചും നൃത്തം ചെയ്തും പാലഭിഷേകം നടത്തിയും പുലര്‍ച്ചെയുള്ള ആദ്യ ഷോ തന്നെ തമിഴ് പ്രേക്ഷകർ ആഘോഷമാക്കി. നടന്‍ ജയറാമും മകന്‍ കാളിദാസുമടക്കമുള്ള താരങ്ങള്‍ കബാലിയുടെ ആദ്യ പ്രദര്‍ശനത്തിന് ചെന്നൈയിലെ തിയേറ്ററിലെത്തി. തമിഴ്‌നാട്ടിൽ മാത്രം രണ്ടായിരത്തിലേറെ സ്ക്രീനുകളിലാണു റിലീസ്.
കേരളത്തിൽ 300ൽ ഏറെ തിയറ്റുകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. തിരുവനന്തപുരം നഗരത്തിൽ 12 സ്ക്രീനുകളിലാണു പ്രദർശനം. കോഴിക്കോട് നഗരത്തിൽ മൂന്നിടത്തു പ്രത്യേക പ്രദർശനമുണ്ട്.
അമേരിക്കയിലെ 400 തിയറ്ററുകളിലാണ് കബാലി പ്രദര്‍ശിപ്പിക്കുന്നത്. കേരളമുള്‍പ്പെടെ തെന്നിന്ത്യയിലെ ഭൂരിപക്ഷം തിയറ്ററുകളിലും ടിക്കറ്റുകള്‍ നേരത്തെ തന്നെ വിറ്റുതീര്‍ന്നിരുന്നു.