കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ക്ക് ഇറങ്ങാന്‍ അനുമതി നല്‍കണമെന്ന് പ്രവാസി സംഘടനകള്‍

09.18 AM 08-09-2016
Karipur_Airport_760x400
സ്ഥലം ഏറ്റെടുക്കുന്നതിനും പുതിയ വികസന പദ്ധതികള്‍ നടപ്പിലാക്കുന്നതിനും മുമ്പ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ പഴയത് പോലെ വലിയ വിമാനങ്ങള്‍ക്ക് ഇറങ്ങാന്‍ അനുമതി നല്‍കണമെന്ന ആവശ്യവുമായി പ്രവാസികള്‍. സ്വകാര്യ വിമാനത്താവള ലോബികള്‍ക്ക് വേണ്ടി രാഷ്ട്രീയ നേതാക്കള്‍ ഇക്കാര്യത്തില്‍ ശുഷ്!കാന്തി കാണിക്കുന്നില്ലെന്ന് സൗദി ഇന്ത്യന്‍ എയര്‍ ട്രാവലേഴ്‌സ് അസോസിയേഷന്‍ കുറ്റപ്പെടുത്തി.
പുതിയ ടെര്‍മിനല്‍ പണിയുക, റണ്‍വേ സ്ട്രിപ്പ് 150 മീറ്ററില്‍ നിന്നും 300 ആക്കി വര്‍ധിപ്പിക്കുക, റണ്‍വേ നീളം കൂട്ടുക തുടങ്ങിയവ പൂര്‍ത്തിയായാല്‍ മാത്രമേ കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ക്ക് സര്‍വീസ് നടത്താന്‍ അനുമതി നല്‍കൂ എന്ന നിലപാടിലാണ് ഇപ്പോള്‍ എയര്‍പോര്‍ട്ട് അതോറിറ്റി. എന്നാല്‍ ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന റണ്‍വേ നവീകരണ ജോലി പൂര്‍ത്തിയാകുന്നതോടെ തന്നെ പഴയത് പോലെ വലിയ വിമാനങ്ങള്‍ക്ക് സര്‍വീസ് നടത്താന്‍ വീണ്ടും അനുമതി നല്‍കണമെന്നാണ് സൗദി ഇന്ത്യന്‍ എയര്‍ ട്രാവലേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെടുന്നത്. അതിനു ശേഷമാകാം സ്ഥലം ഏറ്റെടുക്കലും മറ്റു പദ്ധതികള്‍ നടപ്പിലാക്കുന്നതും.
ഇന്ത്യയില്‍ തന്നെ ഇതിലും വീതി കുറഞ്ഞ റണ്‍വേ സ്ട്രിപ്പും നീളം കുറഞ്ഞ റണ്‍വേയുമുള്ള വിമാനത്താവളങ്ങളില്‍ വലിയ വിമാനങ്ങള്‍ ഇറങ്ങുന്ന സാഹചര്യത്തില്‍ പുതിയ പദ്ധതികളുടെ പേര് പറഞ്ഞ് ഇതേ വിമാനങ്ങള്‍ക്ക് കരിപ്പൂരില്‍ അനുമതി നിഷേധിക്കുന്നത് അന്യായമാണ്. സ്വകാര്യ വിമാനത്താവള ലോബികള്‍ ആണ് ഇതിനു പിന്നില്‍. പ്രവാസികളോട് ആത്മാര്‍ഥതയുണ്ടെങ്കില്‍ സര്‍ക്കാര്‍ കരിപ്പൂര്‍ വിമാനത്താവളത്തെ ആദ്യം പഴയ നിലയിലേക്ക് കൊണ്ട് വരട്ടെ എന്ന് സിയാട്ട ആവശ്യപ്പെട്ടു. പ്രവാസി സംഘടനകള്‍ ഒറ്റക്കെട്ടായി ഇക്കാര്യത്തില്‍ പ്രതികരിക്കണം. വിമാനത്താവള വികസനവുമായി ബന്ധപ്പെട്ട് ഈ മാസം 15ന് മലബാര്‍ ഡവലപ്‌മെന്റ് ഫോറം സംഘടിപ്പിക്കുന്ന കരിദിനത്തില്‍ സിയാട്ടയും പങ്കാളിയാകും.