കരുണയുടെ കവാടം കടന്ന് തീര്‍ത്ഥാടനം, ഫീനിക്‌സ് മഹാജൂബിലി നിറവില്‍

09:10 am 24/9/2016

– മാത്യു ജോസ്
Newsimg1_99915957
ഫീനിക്‌സ്: കരുണയുടെ ജൂബിലിവര്‍ഷത്തില്‍ ഫീനിക്‌സ് ഹോളിഫാമിലി സീറോ മലബാര്‍ ഇടവകയുടെ നേതൃത്വത്തില്‍ നടത്തിയ തീര്‍ത്ഥാടനം ഭക്തിസാന്ദ്രമായി. പരിശുദ്ധ പിതാവ് ഫ്രാന്‍സീസ് മാര്‍പാപ്പയുടെ ആഹ്വാനപ്രകാരമാണ് ആഗോള സഭ ഈവര്‍ഷം കരുണയുടെ മഹാജൂബിലി വര്‍ഷമായി കൊണ്ടാടുന്നത്. ജൂബിലിവര്‍ഷത്തില്‍ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന വിശേഷാല്‍ ദണ്ഡവിമോചനം പ്രഖ്യാപിക്കുന്നതിന് ആവശ്യമായ പ്രത്യേക പ്രാര്‍ത്ഥനകള്‍ക്കും ഭക്തകര്‍മ്മാനുഷ്ഠാനങ്ങള്‍ക്കും വേണ്ടി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന ഫീനിക്‌സിലെ സെന്റ് സൈമണ്‍സ് ആന്‍ഡ് ജൂഡ് കത്തീഡ്രലിലേക്കാണ് വികാരി ഫാ. ജോര്‍ജ് എട്ടുപറയിലിന്റെ നേതൃത്വത്തില്‍ ഇടവകാംഗങ്ങള്‍ ഒന്നടങ്കം തീര്‍ത്ഥാടനം നടത്തിയത്. സഭ നിര്‍ദേശിച്ചിരിക്കുന്ന പ്രത്യേക ആത്മീയ കര്‍മ്മങ്ങള്‍ അനുഷ്ഠിച്ച് പ്രാര്‍ത്ഥിച്ച് കരുണയുടെ വിശുദ്ധ കവാടത്തിലൂടെ പ്രവേശിക്കുന്നവര്‍ക്ക് വിശേഷാല്‍ ദണ്ഡവിമോചനം കരുണയുടെ മഹാ ജൂബിലി വര്‍ഷത്തില്‍ സഭ പ്രഖ്യാപിച്ചിട്ടുള്ളതാണ്.

ഇടവകാംഗങ്ങള്‍ എല്ലാവരും പ്രത്യേകം പ്രാര്‍ത്ഥിച്ചും ഉപവസിച്ചും കുമ്പസാരിച്ച് ഒരുങ്ങിയുമാണ് വിശുദ്ധ കവാടത്തിലൂടെ പ്രവേശിച്ചത്. തീര്‍ത്ഥാടനത്തോട് അനുബന്ധിച്ചുള്ള ഭക്തിനിര്‍ഭരമായ വിവിധ ചടങ്ങുകളിലും വി. കുര്‍ബാനയിലും ഫീനിക്‌സ് രൂപതാ ബിഷപ്പ് മാര്‍ തോമസ് ഓംസ്റ്റെഡ് മുഖ്യകാര്‍മികത്വം വഹിച്ചു. ദൈവത്തിന്റെ അനന്തമായ സ്‌നേഹത്തിന്റെ പ്രതിഫലനമാണ് കരുണയെന്ന് ബിഷപ്പ് വി. കുര്‍ബാന മധ്യേ നല്‍കിയ സന്ദേശത്തില്‍ പറഞ്ഞു. ദൈവീകമായ ഈ കരുണയുടെ ഫലം സകല മനുഷ്യരിലും എത്തിച്ചുകൊടുക്കുകയെന്നതാണ് ക്രിസ്തീയ ധര്‍മ്മം. ആത്മാര്‍ത്ഥമായ ക്ഷമയുടേയും സ്‌നേഹത്തിന്റേയും ശക്തി മനുഷ്യനെ മാനസാന്തരത്തിലേക്കും അതുവഴിയായി ദൈവത്തിങ്കലേക്കും അടുപ്പിക്കുമെന്ന് ഓര്‍മ്മപ്പെടുത്താന്‍കൂടിയാണ് കരുണയുടെ മഹാജൂബിലി വര്‍ഷം സഭ പ്രഖ്യാപിച്ചിരിക്കുന്നതെന്ന് ബിഷപ്പ് കൂട്ടിച്ചേര്‍ത്തു.

ഫീനിക്‌സ് സെന്റ് ജൂഡ് ആന്‍ഡ് സൈമണ്‍ കത്തീഡ്രല്‍ ദേവാലയത്തില്‍ അര്‍പ്പിച്ച സമൂഹബലിയിലും മറ്റ് വിശുദ്ധ കര്‍മ്മങ്ങളിലും തീര്‍ത്ഥാടനാലയം റെക്ടറും കത്തീഡ്രല്‍ വികാരിയുമായ ഫാ. ജോണ്‍ ലാങ്കൈനൊപ്പം ഫീനിക്‌സ് രൂപതയിലെ നിരവധി വൈദീകരും സഹകാര്‍മികരായി.

മാര്‍പാപ്പയുടെ ആഹ്വാനം സ്വീകരിച്ചുകൊണ്ട് ഒരു ഇടവക സമൂഹം ഒന്നടങ്കം കരുണയുടെ കവാടത്തിലൂടെ പ്രവേശിച്ച് അനുഗ്രഹങ്ങള്‍ പ്രാപിക്കാനെത്തിയത് ആത്മീയ ജീവിതത്തിലെ മറക്കാനാവാത്ത അനുഭവവും വിശ്വാസികളേവര്‍ക്കും അനുകരണീയമായ ഉത്കൃഷ്ട മാതൃകയുമാണെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു. മഹാജൂബിലി വര്‍ഷത്തില്‍ ഏറെ ത്യാഗം സഹിച്ച് ഈ വിശുദ്ധ കര്‍മ്മത്തിനായി ഒരുങ്ങിയ ഫീനിക്‌സിലെ സീറോ മലബാര്‍ കത്തോലിക്കാ സമൂഹത്തേയും വികാരി ഫാ ജോര്‍ജ് എട്ടുപറയിലിനേയും ബിഷപ്പ് പ്രത്യേകം അഭിനന്ദിച്ചു. കൈക്കാരന്മാരായ മനോജ് ജോണ്‍, പ്രസാദ് ഫിലിപ്പ്, ജയ്‌സണ്‍ വര്‍ഗീസ് എന്നിവര്‍ ചടങ്ങുകളുടെ വിജയകരമായ നടത്തിപ്പിന് നേതൃത്വം വഹിച്ചു. ബോബി ജോസ് ചാമംകണ്ടയില്‍ പരിപാടികളുടെ മുഖ്യ കോര്‍ഡിനേറ്ററായിരുന്നു. മാത്യു ജോസ് അറിയിച്ചതാണിത്.