കരോലിന മരിനെ അട്ടിമറിച്ച് ഇന്ത്യയുടെ പി.വി സിന്ധുവിന്‍െറ പ്രതികാരം

08:26 am 17/12/2016

images (2)
ദുബൈ: റിയോ ഒളിമ്പിക്സിലെ സ്വര്‍ണമോഹം തകര്‍ത്ത കരോലിന മരിനെ അട്ടിമറിച്ച് ഇന്ത്യയുടെ പി.വി സിന്ധുവിന്‍െറ മധുര പ്രതികാരം. ദുബൈയില്‍ നടക്കുന്ന വേള്‍ഡ് സൂപ്പര്‍ സീരീസ് ഫൈനല്‍ ഗ്രൂപ് ‘ബി’ പോരാട്ടത്തിലാണ് സ്പാനിഷ് രണ്ടാം നമ്പര്‍ താരമായ മരിനെ സിന്ധു നേരിട്ടുള്ള സെറ്റുകള്‍ക്ക് അട്ടിമറിച്ചത്. സ്കോര്‍ 21-17, 13-21.

റിയോ ഒളിമ്പിക്സ് വനിതാ സിംഗ്ള്‍സ് ഫൈനലില്‍ ഏറ്റുമുട്ടിയ ശേഷം ഇരുവരും ആദ്യമായാണ് മുഖാമുഖമത്തെിയത്. ഒളിമ്പിക്സ് ഫൈനലിസ്റ്റുകളുടെ പോരാട്ടമെന്നനിലയില്‍ നേരത്തേ തന്നെ ശ്രദ്ധനേടിയ മത്സരത്തില്‍ സിന്ധുവാണ് ആദ്യ പോയന്‍റ് പിടിച്ച് കുതിപ്പ് തുടങ്ങിയത്. എന്നാല്‍, പതിവുപോലെ പിന്നില്‍നിന്ന ശേഷം പിടിച്ചുകയറുകയായിരുന്നു കരോലിന.

ആദ്യ ഗെയിമില്‍ 3-3ല്‍ നിന്നും സിന്ധു തുടര്‍ച്ചയായ പിഴവുവരുത്തിയതോടെ കരോലിന 3-6ലേക്ക് ലീഡ് നേടി. വൈകാതെ സിന്ധു 7-7ന് ഒപ്പമത്തെി. ഒടുവില്‍ 17-13ലേക്ക് സിന്ധു കുതിച്ച ശേഷം തിരിഞ്ഞുനോക്കിയില്ല. ഒടുവില്‍ 21-17ന് ഗെയിം സ്വന്തം. രണ്ടാം ഗെയിമില്‍ മരിന്‍ നേരത്തേ തന്നെ പോയന്‍റ് വേട്ട തുടങ്ങി.

കളി നീളുന്തോറും പോരാട്ടവും മുറുകി. തുടര്‍ച്ചയായി പോയന്‍റ് നേടിയ സിന്ധു 11-6ന് മുന്നിലത്തെിയതോടെ അട്ടിമറി സൂചന വ്യക്തമായി. ഒടുവില്‍ 17-11ല്‍ നിന്നും കുതിച്ച് 21-13ന് കളി സ്വന്തമാക്കി. ഗ്രൂപ്പില്‍ രണ്ട് ജയവുമായി സിന്ധു സെമിയില്‍ കടന്നു. കൊറിയക്കാരി സങ് ജി ഹ്യൂന്‍ ആണ് അടുത്ത എതിരാളി. അതേസമയം, മൂന്ന് കളിയും തോറ്റ കരോലിന സെമി കാണാതെ പുറത്തായി.